Image

കോവിഡിനൊപ്പം പ്രതിഷേധവും; വിഷമതകളിലേക്കു രാജ്യം കുതിക്കുന്നു

Published on 03 June, 2020
കോവിഡിനൊപ്പം പ്രതിഷേധവും;  വിഷമതകളിലേക്കു രാജ്യം കുതിക്കുന്നു
വാഷിങ്ങ്ടണ്‍: കൊവിഡ് 19-നു ഒപ്പം ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷധവും ആളിപ്പടരുന്നു. രണ്ടിനും ശമനമില്ലെന്നതാണു സ്ഥിതി. കൂടുതല്‍ വിഷമതകളിലേക്കു രാജ്യം കുതിക്കുന്നു.

പ്രതിഷേധത്തിലേക്ക് ശ്രദ്ധ മുഴുവന്‍ തിരിഞ്ഞപ്പോള്‍ കൊവിഡ് ശക്തിപ്പെട്ടുവെന്നതാണു ഭീതി ഉയര്‍ത്തുന്നത്. പ്രതിഷേധം മൂലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉപേക്ഷിച്ചതിനാല്‍ ഇനി മഹാമാരി കൂടുതല്‍ ശക്തിപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ കൂട്ടായ്മ ആന്റിഫായാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച പ്രസിഡന്റ് ട്രമ്പ് അവരെ ആഭ്യന്തര ഭീകരരായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. 67000 നാഷണല്‍ ഗാര്‍ഡുമാരെ രാജ്യത്താകെ വിന്യസിച്ചിട്ടുണ്ട്.

ഒരാഴ്ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. വലിയ തോതില്‍ കൊള്ള നടന്നു. ന്യു യോര്‍ക്ക് സിറ്റിയില്‍ പ്രധാന കടകളൊക്കെ അക്രമികള്‍ തല്ലിത്തകര്‍ത്ത് വിലപിടിച്ചതെല്ലാം എടുത്തു കൊണ്ടു പോയി.

150-ഓളം നഗരങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ആറ് സ്റ്റേറ്റിലും 13 നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യു യോര്‍ക്ക്, ലോസ് ഏയ്ഞ്ചലസ്, സാന്റ മോണിക്ക, സാന്‍ഫ്രാന്‍സിസ്‌കോ, ഓക്ലാന്‍ഡ്, തുടങ്ങി കൂടുതല്‍ നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും കര്‍ഫ്യൂ ലംഘിച്ച് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. ന്യു യോര്‍ക്കില്‍ കര്‍ഫ്യൂ രാത്രി 8 മുതല്‍ രാവിലെ 5 വരെയാക്കി. തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ 5 വരെയായിരുന്നു കര്‍ഫ്യൂ. പക്ഷെ കൊള്ള നിര്‍ബാധം തുടര്‍ന്നതോടെയാണ് കര്‍ഫ്യൂ സമയം കൂട്ടിയത്. സിറ്റിയുടെ പ്രധാന ഭാഗങ്ങള്‍ പോലീസ് അടച്ചു. ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച രാത്രി കര്‍ഫ്യൂ ഉണ്ടായിട്ടും ജനം വ്യാപകമായി കൊള്ള നടത്തിയതില്‍ ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ, ന്യു യോര്‍ക്ക് സിറ്റി പോലീസ് അധിക്രുതര്‍ എന്നിവരെ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ നിശിതമായി വിമര്‍ച്ചിരുന്നു. ഇരു കൂട്ടരും തങ്ങളുടെ ജോലി ചെയ്തില്ല. ആവശ്യമെങ്കില്‍ മേയറെ നീക്കി ചുമതല ഏറ്റെടുക്കുമെന്ന സൂചനയും കോമോ നല്കി.

സംസ്ഥാന ഗവര്‍ണര്‍മാരെയും മേയര്‍മാരെയും കഴിവുകെട്ട ദുര്‍ബലരെന്ന് പ്രസിഡന്റ് ട്രമ്പ് ആക്ഷേപിച്ചു. ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുമാരെ വിന്യസിക്കാന്‍ ഗവര്‍ണര്‍മാരോട് നിര്‍ദേശിച്ചു. അക്രമം അടിച്ചമര്‍ത്തുന്നതുവരെ ഗവര്‍ണര്‍മാരും മേയര്‍മാരും സേനയുടെ സാന്നിധ്യം ഉറപ്പാക്കണം. ഏതെങ്കിലും സംസ്ഥാനമോ നഗരമോ അതിന് വിസമ്മതിച്ചാല്‍ പട്ടാളത്തെ ഇറക്കി വേഗംതന്നെ താന്‍ പ്രശ്നം പരിഹരിക്കും.

'ഇവിടെ തലസ്ഥാനത്ത് ലിങ്കന്‍ സ്മാരകവും രണ്ടാംലോക യുദ്ധസ്മാരകവും നശിപ്പിച്ചു. ഏറ്റവും ചരിത്രപ്രാധാന്യമുള്ള പള്ളികളില്‍ ഒന്നിന് നാശമുണ്ടാക്കി. വളരെ സവിശേഷമായ ഒരു സ്ഥലത്ത് ആദരവര്‍പ്പിക്കാന്‍ ഞാന്‍ പോകുകയാണ്' എന്ന് പ്രഖ്യാപിച്ചശേഷം വൈറ്റ്ഹൗസിന് സമീപത്തെ സെന്റ്ജോണ്‍സ് എപിസ്‌കോപ്പല്‍ പള്ളി ട്രമ്പ് തിങ്കളാഴ്ച സന്ദര്‍ശിച്ചു.

ട്രംപിന്റെ സന്ദര്‍ശനത്തിനുവേണ്ടി ലാഫയത്ത് പാര്‍ക്കില്‍നിന്ന് പ്രക്ഷോഭകരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ച് ഒഴിപ്പിച്ചത് വലിയ വിമര്‍ശനത്തിനു കാരണമായി.

'ചെകുത്താന്‍ തെരുവിനപ്പുറത്താണ്' എന്ന് പള്ളിയുടെ ചുവരില്‍ പ്രക്ഷോഭകര്‍ പെയിന്റടിച്ചിരുന്നു. കൈയില്‍ ബൈബിളുമായി സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ വന്‍ അകമ്പടിയോടെയാണ് ട്രമ്പ് പള്ളിയില്‍ എത്തിയത്.

ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ താനും മുന്‍ പ്രഥമ വനിത ലോറ ബുഷും അതീവ ദുഖിതരാണെന്നും ശ്വാസം മുട്ടിക്കുന്ന അനീതിയും ഭയവും മൂലം അസ്വസ്ഥരാണെന്നും മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് പറഞ്ഞു.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തെ നിയോഗിക്കുമെന്ന പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണിക്കെതിരെ മുന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മൈക്ക് മുള്ളന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത് വന്നു. ക്രമസമാധാന പാലനമല്ല സൈന്യത്തിന്റെ ജോലി എന്നവര്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന് (ഡിഇഎ) അധികാരം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക