Image

അമേരിക്ക ഒരു വംശീയ വിരോധ രാജ്യമോ? (ബി. ജോണ്‍ കുന്തറ)

Published on 03 June, 2020
അമേരിക്ക ഒരു വംശീയ വിരോധ രാജ്യമോ? (ബി. ജോണ്‍ കുന്തറ)
അമേരിക്ക മോശം എന്ന പ്രചാരണം നിരവധി മാധ്യമങ്ങളുടെ ലക്ഷ്യമോ? വംശീയ ഭിന്നതകള്‍ പരിഹരിക്കുന്നതിന് ഭൂമുഖത്തു ഒരു രാജ്യവും അമേരിക്ക നടത്തിയിട്ടുള്ളത്ര ശ്രമിച്ചിട്ടില്ല. അമേരിക്കയില്‍ആഭ്യന്തിര യുദ്ധം നടന്നു. അടിമത്ത വ്യവസ്ഥകള്‍ അവസാനിപ്പിക്കുന്നതിന് ലക്ഷക്കണക്കിനു വെള്ളക്കാര്‍ മരിച്ചുവീണു.

പിന്നീട് 1960 കളില്‍ നടന്ന തുല്യ പൗരാവകാശ സമരങ്ങള്‍, അതിനോടനുബന്ധിച്ചു വന്ന നിയമങ്ങള്‍ ഇവയെല്ലാം കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പടിപടിയായി ഉയരുന്നതിനുള്ള പാതകള്‍ ഒരുക്കി. അടിമത്തസമ്പ്രദായം ആചരിച്ചിരുന്നവര്‍ ആരും ഇന്നു ജീവിച്ചിരിപ്പില്ല. ആര്‍ക്കെങ്കിലും യഥാര്‍ത്ഥമായ പരാതി ഉണ്ടെങ്കില്‍ അവ കൈകാര്യം ചെയ്യുന്നതിന് ഈ രാജ്യത്ത് വ്യവസ്ഥികളുണ്ട്.

ജോര്‍ജ് ഫ്‌ലോയിഡ് അതിദാരുണമായി പോലീസ് ബന്ധനത്തില്‍ കൊല്ലപ്പെട്ടു. ഇത് സമ്മതിക്കാത്ത ഒരു വ്യക്തിയും ഇന്ന് അമേരിക്കയിലില്ല. ഇതൊരു ക്രിമിനല്‍ സംഭവം. ഇതില്‍ ഉള്‍പ്പെട്ടവര്‍ പിടികൂടപ്പെട്ടിരിക്കുന്നു ഇവര്‍ കോടതിയില്‍ വിസ്തരിക്കപ്പെടും ശിക്ഷയും നേരിടും.

എന്തു കാരണത്തിന് ഇതിനെ ഒരു മഹാ വംശീയ വിരോധ സംഭവമായി കണ്ട് രാജ്യമുടനീളം നാശനഷ്ടങ്ങള്‍ വരുത്തിവയ്ച്ചിരിക്കുന്നു? ഈ നാശ നഷ്ട്ടങ്ങള്‍ക്ക് ഇരയായിരിക്കുന്നവരില്‍ ഒട്ടുമുക്കാലും മറ്റു ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും ഉള്ളവര്‍.

ഇവിടെ തരംതിരിവ് പീഡനം എന്നെല്ലാം ആക്രോശിച്ചു നടക്കുന്ന നിരവധി, കുറുക്കന്‍ ചാടിയിട്ട് കിട്ടാത്ത മുന്തിരി പുളിപ്പന്‍ എന്നു പറഞ്ഞതുപോലെ. നാമെല്ലാം ഇവിടെ സ്വമനസാലെ നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതിനു സ്വരാജ്യം ഉപേക്ഷിച്ചു വന്നവര്‍. ഇതില്‍ ആര്‍ക്കെങ്കിലും ഇന്ന് അതൃപ്തി ഉണ്ടെങ്കില്‍, പരാതികള്‍ ഉപേക്ഷിച്ചു തിരികെ ഇന്ത്യയിലേയ്ക്ക് പോകുക.

ഒബാമ പ്രസിഡന്റ് ആയി 2008ല്‍ തിരഞ്ഞെടുക്കപ്പെട്ടത് കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടുകള്‍ കൊണ്ടു മാത്രം എന്നു ചിന്തിക്കുന്നവര്‍ എത്ര?ഒബാമയുടെ എട്ടുവര്‍ഷ ഭരണ സമയം ആഫ്രിക്കന്‍ അമേരിക്കന്‍ സമുദായത്തിന് എന്തു നേട്ടം ലഭിച്ചു? കറുമ്പന്മാര്‍ താമസിക്കുന്ന മേഖലകളില്‍ വീടുവാങ്ങുവാന്‍ മടിക്കുന്ന ജനതയാണ് വിവേചനത്തിനെതിരായി ശബ്ദമുയര്‍ത്തുന്നത്?

മുന്‍ കാലങ്ങളില്‍ ആഗോളതലത്തില്‍ നിരവധി നിഷ്ഠുരതകള്‍ നടന്നിട്ടുണ്ട്. അതിലൊന്ന് അടിമക്കച്ചവടം. ഇതില്‍ അന്ന് പ്രധാനമായും പങ്കുവഹിച്ചവര്‍ യൂറോപ്പ്, കൂടാതെ ആഫ്രിക്കന്‍ ജനതയെ പിടികൂടി കച്ചവടം നടത്തിയിരുന്ന ആഫ്രിക്കന്‍ ഗോത്ര തലവന്മാര്‍. അടിമകള്‍ അന്ന് ഇവര്‍ക്കെല്ലാം വെറുമൊരു വ്യാപാരച്ചരക്ക്.

ഇതില്‍ ആര് ആരെ കുറ്റപ്പെടുത്തണം എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. ഹിറ്റ്ലര്‍ നടത്തിയ കുറ്റങ്ങള്‍ക്ക് ഇന്നത്തെ ജര്‍മന്‍കാരെ ശിക്ഷിക്കുവാന്‍ പറ്റുമോ? ബ്രിട്ടന്‍ ഇന്ത്യയെ കോളനി ആയി ചൂഷണം നടത്തി ഉപയോഗിച്ചു അതിന് ഇന്നു നഷ്ടപരിഹാരം കിട്ടുമോ?

ഇന്നത്തെ അമേരിക്കയിലെ രാഷ്ട്രീയ, ഭരണ സാമൂഹിക ബിസിനസ്സ് രംഗങ്ങള്‍ നോക്കൂ. ന്യൂന സമുദായങ്ങളില്‍ നിന്നുമുള്ള എത്രയോ വ്യക്തികള്‍ വിജയിക്കുന്നു വെള്ളക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന ബോര്‍ഡ് എല്ലായിടത്തും കണ്ടിരുന്നെങ്കില്‍ ഇവരാരെങ്കിലും ഉന്നത സ്ഥാനങ്ങളില്‍ എത്തുമായിരുന്നോ?

ജോര്‍ജ് ഫലോയിഡിന്റ്റെ മരണത്തിനു ശേഷം പ്രധിഷേധം എന്ന പേരില്‍അമേരിക്കയില്‍ ഇതിനോടകം നിരവധി പട്ടണങ്ങളില്‍ തീവയ്പ്പുകളും കൊള്ളയും നടന്നിരിക്കുന്നു ഇതില്‍ കൂടുതല്‍ ധനനഷ്ടവും വസ്തു നഷ്ടവും ആളപായവും നേരിട്ടത് വെള്ളക്കാര്‍ക്കല്ല മറ്റു ന്യൂനപക്ഷ സമുദായ ചെറുകിട വ്യാപാരികള്‍.

ഇവര്‍ സാഹസം കാട്ടി പിന്നോക്ക മേഖലകളില്‍ കയ്യിലെ പണം മുടക്കി ബിസിനസുകള്‍ തുടങ്ങി. ഇന്നിതാ അവ കത്തി നിലംപരിശായിരിക്കുന്നു. ഇവരുടെ രോദനങ്ങള്‍ ആരു കേള്‍ക്കാന്‍? ഇവരുടെ ജീവിതത്തിന്ഒരുവിലയുമില്ല?

അമേരിക്കയിലെ ഇന്നത്തെ രാഷ്ട്രീയ അന്തരീഷത്തില്‍ കേവല ന്യായത്തിനോ സത്യാവസ്ഥകള്‍ക്കോ ഒരു സ്ഥാനവുമില്ല. എല്ലാം എങ്ങിനെ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാം എന്ന ഉദ്ദേശത്തില്‍ അടിസ്ഥിതം. ഒട്ടുമുക്കാല്‍ മാധ്യമങ്ങളും ഇതിനു നിരന്തരം ശ്രമിക്കുന്നു, വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു, അവഗണിക്കുന്നു. കോവിഡ് രോഗ സംക്രമത്തിലും ഇതുതന്നെ നാം കണ്ടു കാണുന്നു. എല്ലാത്തിലും രാഷ്ട്രീയ മുതലെടുപ്പ്.

ഒരു പരിധിവരെ നാമെല്ലാം വേര്‍തിരിപ്പും അവഗണയും തരംതിരിക്കലും എല്ലാം എല്ലാ തലങ്ങളിലും ദിവസേന ശീലമാക്കി ജീവിക്കുന്നവര്‍. ജനനം മുതലേ മതങ്ങളും മറ്റു പലേ സംഘടനകളും നമ്മെ പഠിപ്പിക്കുന്നതും നയിക്കുന്നതും ഈ വഴികളില്‍ ഇതൊന്നും വെറുതെ തൂത്താല്‍ മായുന്ന വരകളാണോ?

പരസ്പരം നശിപ്പിച്ചു നേട്ടങ്ങള്‍ വരുത്തണം എന്ന ചിന്തക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ഏതാനും വെള്ളക്കാര്‍ അവിടെയും ഇവിടെയും തങ്ങള്‍ മറ്റാരേക്കാള്‍ മെച്ചപ്പെട്ടവര്‍ എന്ന് ആക്രോശിച്ചാല്‍ രാജ്യം മുഴുവന്‍ വെള്ളക്കാരന്റ്റെ കാല്‍ച്ചുവട്ടില്‍ ആകുന്നുണ്ടോ?
ബി ജോണ്‍ കുന്തറ 
Join WhatsApp News
Mathew V. Zacharia. New Yorker 2020-06-04 11:26:54
John Kunnanthra: Thank You. Mathew V. Zacharia, New Yorker
Abraham-Issac-Jacob team 2020-06-04 13:23:23
our lap is assured for you brother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക