Image

കാൾ മാക്‌സും കേരളത്തിലെ തങ്കുപൂച്ചയും (ഷുക്കൂർ ഉഗ്രപുരം)

Published on 03 June, 2020
കാൾ മാക്‌സും കേരളത്തിലെ തങ്കുപൂച്ചയും (ഷുക്കൂർ ഉഗ്രപുരം)
ഒരു മഹിത മാനവ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ വിദ്യാഭ്യാസത്തിൻറെ പങ്ക് വളരെ വലുതാണ്. കാലാകാലങ്ങളിലായി തത്വ ചിന്തകരും സാമൂഹിക ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും  വ്യത്യസ്ത രീതിയിലുള്ള സൈദ്ധാന്തിക കാഴ്ചപ്പാടുകളിലൂടെ വിദ്യാഭ്യാസ പ്രക്രിയയെ നിർവ്വചിച്ചിട്ടുണ്ട്. ധാർമികതയിലും നൈതികതയിലും അധിഷ്ടിതമായിരിക്കണം വിദ്യാഭ്യാസമെന്ന് ഗാന്ധി ഊന്നിപ്പറയുന്നു. മനുഷ്യ ശരീരത്തിൻറെയും ആത്മാവിൻറെയും സമ്പൂർത്തീകരണവും സാക്ഷാത്കാരവുമാണ്  വിദ്യാഭ്യാസത്തിലൂടെ  സാധ്യമാകേണ്ടതെന്നും ഗാന്ധി പറഞ്ഞുവെച്ചു.  ലോകം കണ്ട എക്കാലത്തേയും മികച്ച സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തത്വ ചിന്തകരിൽ പ്രധാനിയാണ് കാൾ മാക്സ് (1818 - 1883).  മാക്സിൻറെ സർവ്വ  സിദ്ധാന്തങ്ങളിലും കാണാൻ കഴിയുന്ന പൊരുൾ  സാധാരണക്കാരനേയും അടിസ്ഥാന വർഗ്ഗത്തേയും ഉൾക്കൊള്ളണമെന്നും അവന് വേണ്ടിയുള്ളതാവണം അധികാരമെന്നുമാണ്.

വിദ്യാഭ്യാസത്തെ കുറിച്ചും അതിൻറെ സംവിധാനങ്ങളെക്കുറിച്ചും  വളരെ വ്യക്തമായി കാൾമാക്സ് (1818 - 1883) സൈദ്ധാന്തികമായി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ആധുനിക മുതലാളിത്ത വിദ്യാഭ്യാസവും  അതിൻറെ വ്യവസ്ഥകളും അടിമ ഉടമ രീതിയിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുമെന്നും വിദ്യാർത്ഥികളുടെ നാവിന് കൂച്ചുവിലങ്ങിടുകയും അതിലൂടെ വരും തലമുറയെ തന്നെ നിശബ്ദമാക്കുകയും മുതലാളിത്ത താല്പര്യങ്ങളെ സംരക്ഷിക്കുന്ന അവരുടെ തൊഴിൽ ശാലയിലേക്ക് ആവശ്യമുള്ള ചൂഷണങ്ങൾ സഹിക്കാൻ തയ്യാറുള്ള വെറുമൊരു തൊഴിലാളിയെ സൃഷ്ടിക്കുന്ന പ്രവർത്തനമാണിത് എന്നാണ് മാക്സ് ഇന്നത്തെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞത്.   വിദ്യാഭ്യാസത്തോടുള്ള മാക്സിയൻ സമീപനത്തെ പുനർ വായിക്കേണ്ട സമയം കൂടിയാണിത്.

പരമ്പരാഗത മാക്സിസ്ററ് സൈദ്ധാന്തികർ അഭിപ്രായപ്പെടുന്നത് സ്കൂളുകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് അധികാരികളെ അനുസരിക്കാനും വർഗ്ഗ അസമത്വത്തെ നിയമ വൽക്കരിക്കാനുമാണ്. വിദ്യാഭ്യാസ വ്യവസ്ഥ ഭരണ വർഗ്ഗ വരേണ്യരുടെ താല്പര്യത്തിലാണ് പ്രവർത്തിക്കുന്നത് എന്നും പറയുന്നു. ഇവരുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസ വ്യവസ്ഥ വരേണ്യർക്കും വേണ്ടി മൂന്ന് ധർമ്മങ്ങളാണ് നിർവ്വഹിക്കുന്നത്. ഒന്നാമതായി വിദ്യാഭ്യാസം വർഗ്ഗ അസമത്വം സൃഷ്ടിക്കുന്നു, രണ്ടാമതായി വിദ്യാഭ്യാസം വർഗ്ഗ അസമത്വങ്ങളെ നിയമ പരമാക്കുന്നു, മൂന്നാമതായി മുതലാളിത്വ വർഗ്ഗത്തിൻറെ താല്പര്യത്തിനായി വിദ്യാഭ്യാസം പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള വരേണ്യതക്ക് പാദ സേവ ചെയ്യുന്ന ജോലിയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ജൂൺ ഒന്നിന് തന്നെ യാതൊരു മുന്നൊരുക്കവുമില്ലാതെ സ്‌കൂൾ തുറന്നതിലൂടെ ചെയ്ത് തുടങ്ങിയത് !!  മദ്യപൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാണിച്ച ജാഗ്രതയുടെ പകുതിയെങ്കിലും വിദ്യാർത്ഥികളുടെ കാര്യത്തിൽ കാണിക്കണമായിരുന്നു. വിദ്യാഭ്യാസ വകുപ്പിനെ കീറിമുറിച്ച് രണ്ട് വകുപ്പ് മന്ത്രിമാർക്ക് വിഹിതം വെച്ചിട്ട്  എന്ത് ഗുണമാണ് സ്റ്റേറ്റിന് ലഭിച്ചിട്ടുള്ളത്?   വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ പച്ചയായ ലംഘനമാണ് ദേവികയുടെ മരണത്തിലൂടെ പുറത്ത് വന്നത്. രോഹിത്ത് വെമുലയുടെ ആത്മഹത്യയെ  Institutional murder എന്ന് വിളിച്ച നാം ദേവികയുടെ മരണത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ഭരണവും പദവിയും കിട്ടിയാൽ ചെങ്കോലും കിരീടവും ലഭിച്ച  ഭൂപ്രഭുത്വ  സമൂഹത്തിലെ നാടുവാഴിയെ പോലെ  തരം താഴുന്നത് കമ്മ്യൂണിസ്ററ് സമൂഹത്തിന് ചേർന്നതല്ല.

Dissent അല്ലങ്കിൽ വിമർശനം വിയോജിപ്പ് എന്നത് ജനാധിപത്യ ഭരണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളിലൊന്നാണ്. നിങ്ങൾ നിരന്തരം ആശയ സംവാദത്തിലും ആശയ സംഘട്ടനത്തിലുമേർപ്പെടുക, ഇത് വസ്തുതകളേയും ആശയങ്ങളേയും പുറത്ത് കൊണ്ട് വരാനും വസ്തുതകളെ പ്രബലപ്പെടുത്താനും സഹായിക്കുമെന്ന് എഴുതി വെച്ചത് കാൾമാക്‌സാണ്. എന്നാൽ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം വിമർശനങ്ങളെ ഭയക്കുകയും, വിമർശകരെ ജയിലിലടക്കുകയും, വിമർശനം  കേൾക്കുന്നതിൽ നിന്നും ഒളിച്ചോടുകയുമാണ് ചെയ്യുന്നത്.       കേരളത്തിലെ മാക്സിസ്ററ് ഭരണ കൂടത്തെ ഇടക്കിടക്ക് മാക്സിസ്‌നേയും എംഗൽസിനെയും ഇ എം എസിനെയും കുറിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. സോഷ്യലിസത്തിൻറെ ആശയങ്ങളിൽ നിന്നും പരിപൂർണ്ണമായി പിന്മാറി കാലത്തിൻറെ പുഴുക്കുത്തുകളെ മുഴുവൻ പേറിക്കൊണ്ടാണ് കേരളത്തിലെ കമ്മ്യൂണിസം ഇപ്പോൾ മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുൻപോട്ട് വെച്ച സോഷ്യലിസ്ററ് ആശയങ്ങളെയെങ്കിലും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പിന്തുടരേണ്ടതുണ്ട്. അധികാരത്തിൻറെ ശീതളഛായയിൽ മയങ്ങി വളരെ പ്രബലമായ  ഒരു ആശയ സംഹിതയെ അപമാനിക്കുന്നത് ഒട്ടും ഭൂഷണമല്ല. എലാം തികഞ്ഞ ഒരു പരമാധികാര സർവ്വാധിപത്യ മുതലാളിത്ത ഭരണ കൂടത്തെ പോലെയാണ് ഈ ഭരണകൂടം പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അതിൻറെ ഏറ്റവും അവസാനത്തെ പ്രത്യക്ഷ ഉദാഹരണമാണ് ദേവികയുടെ ആത്മഹത്യ.

വേണ്ടത്ര ആലോചനയോ മുന്നൊരുക്കമോ നടത്താതെയാണ് നമ്മുടെ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിച്ചത്. സർക്കാരിൻറെ പേരും പെരുമയും വളർത്തുകയും അവ പാർലമെൻററി  തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രം മുൻ നിർത്തിയാണ് സർക്കാർ പ്രവർത്തിച്ചത്. ഒട്ടും നൈതികത തൊട്ടു തീണ്ടാതെ പ്രവർത്തിക്കുന്നത് ഒരുരാഷ്ട്രീയ പാർട്ടിക്കും അനുഗുണമല്ല, പ്രത്യേകിച്ച് ഇടതു പക്ഷത്തിന്.   2.6 ലക്ഷം വിദ്യാർത്ഥികൾ ഈ ഓൺലൈൻ ഡിജിറ്റൽ ക്ലാസ് പ്രാപ്യമാവാതെ  പുറത്തിരിക്കുന്നുവെന്നാണ് സമഗ്ര ശിക്ഷാ കേരളയുടെ കണക്കുകൾ തന്നേ പറയുന്നത്. എന്നാൽ അവയൊന്നും മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറായില്ല. തികച്ചും വരേണ്യ വർഗത്തെ മാത്രം മുൻ നിർത്തി മുന്നോട്ട് പോകുന്നത് ഇടതുപക്ഷത്തിന് ചേർന്നതാണോ?  മാറ്റി നിർത്തപ്പെടുകയും അരികുവൽക്കരിക്കുകയും ചെയ്ത ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്കാണ് ഇങ്ങനെ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. രോഹിത്ത് വെമുലയും ഫാത്തിമ ലത്തീഫും ഇപ്പോൾ ദേവികയും അതിൻറെ ഉദാഹരണങ്ങളാണ്. എല്ലായിപ്പോഴും  ഇരകളാക്കപ്പെടുന്നത് ഒരു വിഭാഗം എന്ന് മാത്രം. കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന് പോലും ഈ വിഭാഗങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് അവരെ ഉൾക്കൊള്ളാൻ കഴിയുക ? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി പിന്നെ എന്താണ്?      

നാം വിചാരിക്കുന്നതിലുമധികം പ്രായോഗിക വെല്ലുവിളികൾ നിറഞ്ഞതാണ് ഓൺലൈൻ ഡിജിറ്റൽ പഠനം. മൂന്നും നാലും വിദ്യാർഥികളുള്ള വീട്ടിൽ അവർക്ക് ഉപയോഗിക്കാൻ എന്ത് ഉപകരണമാണ് ഉണ്ടാവുക? എല്ലാവർക്കും ലാപ് ടോപ്പും ടെലിവിഷനുമില്ലെങ്കിലും ചുരുങ്ങിയത് ഒരു ടാബെങ്കിലും വേണം. സ്മാർട്ട് ഫോൺ പഠനാവശ്യത്തിന് ഒട്ടും ചേർന്നതല്ല.  സ്കൂൾ തുറക്കും മുൻപ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വരേണ്ടതായിരുന്നു. കൂടുതൽ ചർച്ചകളോ കൂടിയാലോചനകളോ നടക്കാത്തത് കൊണ്ട് സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നില്ല. ഏറ്റവും ചുരുങ്ങിയത് പ്രതിപക്ഷത്തോടെങ്കിലും ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തത  വരുത്തിയിരുന്നെങ്കിൽ പല അനാവശ്യ പിഴവുകളും ഒഴിവാക്കാമായിരുന്നു. കേവലം ഫേസ് ബുക്ക് ഉപയോഗിക്കുന്ന ലാഘവത്തോടെയല്ല സ്‌കൂൾ ടെക്സ്റ്റ് ബുക്കിനെ സമീപിക്കേണ്ടതെന്ന് ഇനിയെങ്കിലും മനസിലാക്കുക. ക്ലാസ്സുകൾ കാര്യക്ഷമമായി മുന്നോട്ട് പോവാൻ ഭാവിയിൽ ഏറ്റവും ചുരുങ്ങിയത് അഞ്ചുമണിക്കൂറെങ്കിലും ദൈർഖ്യമുള്ള പഠന പ്രവർത്തി ദിനങ്ങൾ വേണ്ടി വരും. അതിന് മുൻപായി ചുരുങ്ങിയത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ പെൺകുട്ടികൾക്കും ലാപ്ടോപ്പോ ടാബോ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ വർഷങ്ങൾക്ക് മുമ്പേ സ്‌കൂൾ  വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സൈക്കിളും ബസ്സിൽ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും ഫുൾ ഫ്രീ  യാത്രയും നൽകിവരുന്നുണ്ട്. കേരള സർക്കാരും അത് മാതൃകയാക്കട്ടേ. വർഷാവർഷം  മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാനും  കാറ് മാറ്റാനും എം എൽ എ മാർക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ച് നൽകാനും കോടികളാണ് ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്. പുറമെ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടേയും പി ആർ വർക്കിനും ഭീമൻ തുകയാണ് ചിലവഴിക്കുന്നത്.  ഇത്തവണ ആ തുകയെല്ലാം നമ്മുടെ വിദ്യാർത്ഥികളുടെ ആവശ്യത്തിനായി മാറ്റി വെക്കാൻ തയ്യാറാവണം .

മുമ്പ് ഇ എം എസ് പറഞ്ഞത് മനോരമയുൾപ്പെടെയുള്ള മുഖ്യധാരാ മുതലാളിത്വ പത്രങ്ങൾ എന്നേ കുറിച്ച് നല്ലത് പറയുന്നകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം ഞാനെന്തോ അരുതാത്തത് ചെയ്തിട്ടുണ്ടെന്ന്. എന്നാൽ ഇന്ന് മുതലാളിത്വ ബൂർഷ്വ രാഷ്ട്രങ്ങളായ അമേരിക്കയിലേയും ബ്രിട്ടനിലേയും മുതലാളിത്വ പത്രങ്ങൾ  കേരളത്തിലെ ഇടതുപക്ഷത്തേയും അതിൻറെ മന്ത്രിസഭാംഗകളേയും കുറിച്ച് പുകഴ്ത്തിപ്പാടിയാൽ  പിറ്റേ ദിവസത്തെ പാർട്ടി പത്രം  ആ പുകഴ്ത്തലിനെ കുറിച്ച് മുഖപ്രസംഗം എഴുതുന്ന തലത്തിലേക്കെത്തിയതിനെ മൂല്യച്യുതി എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ല. സംസ്ഥാനത്തെ പോലീസ് വകുപ്പിന് കീഴിൽ പൊതു ജനങ്ങളും ഇടതുപക്ഷ പ്രവർത്തകരും സുരക്ഷിതരല്ലങ്കിലും സംഘ്‌പരിവാർ പ്രവർത്തകരെല്ലാം വളരെ ആനന്ദത്തിലാണ്. പൊലീസിൻറെ പ്രവർത്തനങ്ങൾ കണ്ടാൽ അമിത്ഷായാണോ ഇവരുടെ വകുപ്പ് മന്ത്രി എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.    

ഓൺലൈൻ ഡിജിറ്റൽ പഠനം പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നുവെങ്കിലും ഏറ്റവും ആദ്യം പരിഹാരം കാണേണ്ടത് എല്ലാ വിദ്യാർത്ഥികളേയും ഉൾക്കൊള്ളാനാണ്. വീട്ടിലെ രക്ഷിതാക്കൾക്കും കൂടുതൽ ഉത്തരവാദിത്വവും പങ്കാളിത്വവുമുള്ള പഠന രീതിയാണിത്. രക്ഷിതാക്കൾക്കും ആവശ്യമായ പരിശീലനവും ബോധവൽക്കരണവും വരും ദിവസങ്ങളിൽ നൽകേണ്ടതുണ്ട്.   പഠനോപാകരണങ്ങൾ ഇല്ലാത്തതിൻറെ പേരിൽ ഒരു കുട്ടിക്ക് പോലും മാറി നിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകരുത്.  ദളിതരും ആദിവാസികളും മുക്കുവരും സാധാരണക്കാരൻറെ മക്കളും ഈ കേരള സമൂഹത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ്. അവരെ കാത്തിരിക്കാൻ നേരമില്ലാത്ത ഒരു വിദ്യാഭ്യാസവും ഒരു പുരോഗതിയും വികസനവും കേരളത്തിനാവശ്യമില്ല. പുറം തള്ളലിൻറെ നയങ്ങൾക്ക് പകരം ഉൾക്കൊള്ളലിൻറെ നയങ്ങളാണ് കേരളത്തെ കേരളമാക്കിയതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ ദിവസവും വലിയ ജി ബി ടാറ്റ തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടി വരും, ഇവയെ തരണം ചെയ്യാനുള്ള മാർഗങ്ങളും കാണണം.   ശരിയായ സിം നെറ്റ് വർക്കിങ്ങോ ഫോർജിയോ ലഭ്യമല്ലാത്ത പല ഗ്രാമ പ്രദേശങ്ങളും നമ്മുടെ നാടുകളിലുണ്ട്, അവയെ കൈകാര്യം ചെയ്യാൻ പരിശ്രമിക്കണം. കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെങ്കിൽ ഇത് വിപരീത ഫലം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വയനാട് എം പി ശ്രീ. രാഹുൽ ഗാന്ധി അവിടുത്തെ മുഴുവൻ ആദിവാസി വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണം നൽകുമെന്ന് പ്രഖ്യാപിച്ചുള്ള വാർത്ത കണ്ടു. ഇത് മുഴുവൻ രാഷ്ട്രീയക്കാരും  മാതൃകാപരമാക്കണം.  ഭരണപക്ഷവും പ്രതിപക്ഷവും കൂടുതൽ സക്രിയമായി നമ്മുടെ വിദ്യാർത്ഥി സമൂഹത്തിൻറെ നന്മക്കായി പ്രവർത്തിക്കേണ്ടതുണ്ട്. സന്നദ്ധ സംഘടനകളും എൻ ജി ഒ കളും മറ്റും വിദ്യാർത്ഥികൾക്ക് അനിവാര്യമായ പഠനോപകാരണങ്ങൾ നൽകാൻ മുന്നോട്ട് വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ കേരള മാതൃകക്ക്  ലോകത്തിൻറെ മുൻപിൽ തല ഉയർത്തി നിൽക്കാനാവൂ.  

(ലേഖകൻ ഭാരതീദാസൻ യൂണിവാഴ്സിറ്റി ക്യാമ്പസിൽ പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥിയാണ്) 
Join WhatsApp News
Abdul Salim 2020-06-05 00:18:00
Left wing preaching?????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക