Image

ഗുരുദേവനെ ആത്മാവിൽ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമികൾ

പി.പി.ചെറിയാൻ Published on 04 June, 2020
ഗുരുദേവനെ ആത്മാവിൽ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി   ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമികൾ
ഡാളസ് :ലോകമെമ്പാടുമുള്ള ആശ്രമബന്ധുക്കളുടെയും ഗുരുദേവ ഭക്തരുടെയും മനസ്സിൽ ഭക്തിയുടെയും ജ്ഞാനത്തിന്റെയും തേന്മഴ ചൊരിഞ്ഞു മുന്നേറുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ യജ്ഞം ,എട്ടാം വാരത്തിൽ (മെയ് 31ഞായറാഴ്ച) സംഘടിപ്പിച്ച  സത്സംഗത്തിൽ ശ്രീനാരായണ പരമഹംസ ദേവനെ ആത്മാവിൽ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി  ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമികൾ.

ശ്രീ അനൂപ്‌ രവീന്ദ്രന്റെ ആമുഖത്തോടെ ആരംഭിച്ച സത്‌സംഗത്തിൽ , ശ്രീ . അശോകൻ കൃഷ്ണൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു .

തുടർന്ന് , ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിവര്യരിൽ ഒരാളായ ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വാശ്രമത്തിൽ , കർണ്ണാടകയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഭൂജാതനായ സ്വാമിജി ,കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി ഗുരുപാദങ്ങളിൽ പൂജചെയ്ത് ശ്രീനാരായണ ധർമ്മ സംഘത്തിൽ ഗുരുസേവ ചെയ്തു വരികയാണ്. ഗുരുദേവനെ , ആത്മാവിൽ ഉൾക്കൊള്ളുവാൻ കൈവല്യം സിദ്ധിച്ച . അദ്ദേഹത്തിൻറെ സ്വതസിദ്ധമായ ശൈലിയിലുള്ള മലയാളവും ശ്രീനാരായണ പരമഹംസ ദേവനെ ആത്മാവിൽ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവും നമ്മോടു പങ്കു വച്ചപ്പോൾ ഭക്തിയുടെ പരാവശ്യത്താൽ ഏവരുടെയും കൺകോണുകൾ ഈറനണിഞ്ഞു .


ഒരു പനിനീർപൂവ് അതിന്റെ പരിമളം എങ്ങനെ വാരിവിതറുന്നുവോ അതുപോലെ ശ്രീനാരായണഗുരുദേവൻ എന്ന മഹായോഗിയുടെ കീർത്തി കർണാടകത്തിലും , തമിഴ് നാട്ടിലും , ശ്രീലങ്കയിലും വ്യാപിച്ചിരുന്നു . ഗുരുദേവന്റെ കർണാടകത്തിലെ പ്രവത്തനങ്ങൾ വിവരിച്ച, സ്വാമിജി ആ മഹാഗുരുവിന്റെ അതി വിശിഷ്ടമായ സിദ്ധി വൈഭവങ്ങളും അതിമനോഹരമായി വിവരിച്ചു .

1908ൽ ആണ് ഗുരുദേവൻ മംഗലാപുരത്തു എത്തുന്നത് . അന്ന് കേരളത്തിൽ എന്നപോലെ കർണാടകത്തിലും അജ്ഞാനത്തിന്റെ അന്ധകാരത്താൽ ഇരുൾ മൂടിയ അനാചാരങ്ങൾ മനുഷ്യരെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കാലഘട്ടമായിരുന്നു. കടുത്ത ജാതി വിവേചനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും ഇടയിലേക്കാണ് ഗുരുദേവൻ എത്തുന്നത് . "ഒരുപതിനായിരമാദിതേയരൊന്നായിവരുമ്പോൾ " അജ്ഞാനത്തിന്റെ അന്ധകാരം എങ്ങനെ മാറ്റപെടുന്നുവോ , അതുപോലെ ആ സത്യദർശി ഏതു നാട്ടിൽ എത്തിയാലും കാലങ്ങളായി കട്ടപിടിച്ചു കിടന്നിരുന്ന ഇരുട്ട് എങ്ങോ പോയ് മറയുമായിരുന്നു എന്ന ചരിത്ര യാഥാർഥ്യം അവിടെയും സംഭവിച്ചു !!!

കർണാടകത്തിലെ ബില്ലവ സമുദായം ജാതീയമായ വിവേചനം നേരിടുന്നവരായിരുന്നു . അന്നത്തെ സമുദായ പ്രമാണി ആയിരുന്ന കൊരഗപ്പ ഗുരുദേവനെ ശിവഗിരിയിൽ എത്തി ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന് കരുണ ഉണ്ടാകണം എന്ന തങ്ങളുടെ ആഗ്രഹം അറിയിച്ചു . ഗുരുദേവൻ അത് സമ്മതിക്കുകയും,1908 ഇൽ തന്റെ ശിഷ്യന്മാരുമായി മംഗലാപുരത്തു എത്തുകയും ചെയ്തു . ക്ഷേത സംസ്ഥാപനത്തിനായുള്ള ഉത്തമ പ്രദേശം ഗുരുദേവൻ കണ്ടെത്തി . കുദ്രോളി എന്ന പ്രകൃതി രമണീയമായ സ്ഥലം ആയിരുന്നു അത് . കൊങ്ങിണികളുടെ ശ്മശാന ഭൂമി ആയിരുന്ന ഈ പ്രദേശം ക്ഷേത്രത്തിനോ എന്ന് ചോദിച്ചവരോട് ശിവഭഗവാന്റെ പ്രത്യക്ഷ രൂപമായ ഗുരുദേവൻ ചുടലക്കാട്ടിലെ ചാരവും വാരിപ്പൂശി ആനത്തോലുമുടുത്തു പാമ്പിനെ ആഭരണമായി ധരിച്ചു നിൽക്കുന്ന ആ ആനന്ദനിധിക്ക് ഇതുതന്നെയാണ് ഉത്തമസ്ഥലം എന്ന് അരുളിച്ചെയ്തു . തുടർന്ന് 1912 ൽ മഹാശിവരാതിനാളിൽ ആ ക്ഷേത്രത്തിൽ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തി . ഒരുകാലത്തു അജ്ഞാനത്തിന്റെ അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിനു സത്യദർശം നല്കാൻ അവതാരമെടുത്ത ഗുരു തന്റെ ജീവിതയാത്രയിൽ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിമാറി ഗോകർണ്ണനാഥ ക്ഷേത്രം .

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം മനുഷ്യയുക്തിക്കു പലപ്പോഴും പിടിതരാത്തതാണ് . അതുകൊണ്ടുതന്നെ ജ്ഞാന നിലയിൽ ഈ ലോകം തന്നിലിരിക്കുന്നു എന്ന് അനുഭവിക്കുന്ന ഗുരുദേവന്റെ സ്വാഭാവികമായ പ്രവൃത്തി നമുക്ക് അത്ഭുത പ്രവൃത്തിയായി തോന്നാം . തുടർന്ന് , കേട്ടാൽ ഒരൽപം കൗതുകവും അതിലേറെ അത്ഭുതവും ആരിലും ഉളവാക്കുന്ന " കാപ്പി പ്രസാദത്തിന് " പിന്നിലുള്ള ചരിത്രം സ്വാമിജി അതീവ ഹൃദ്യമായി നമ്മോടു പങ്കു വയ്ക്കുകയുണ്ടായി

തന്റെ കർണാടകത്തിലെ യാത്രക്കിടയിൽ ഗുരുദേവന് കുടിക്കാനായി പാൽകാപ്പിയും കദളിപ്പഴവും ഒരുഭക്തൻ നൽകി . കാപ്പി വളരെ നന്നായിരുന്നു എന്നുപറഞ്ഞ ഗുരുദേവൻ ഇതു എവിടെനിന്നു ആണെന്ന് ആരാഞ്ഞു . ഗൗഡ സാരസ്വത ബ്രാഹ്മണസമൂഹത്തിലെ അംഗങ്ങൾ നടത്തിയിരുന്ന കോമളവിലാസം ഹോട്ടലിൽ നിന്നും വരുത്തിയതാണ് എന്ന് ആരോ ഒരാൾ അറിയിച്ചു. അത് കേട്ട് ഗുരുദേവൻ, നന്നായി വരട്ടെ എന്ന് അനുഗ്രഹിച്ചു . ഗുരുവിന്റെ അഭൗമമായ ചൈതന്യത്തിൽ ആകൃഷ്ടനായ ആ ബ്രാഹ്മണ സമൂഹത്തിൽ നിന്നു വന്ന അനന്ത ഷേണായി ആണ് പിൽക്കാലത്ത് ഗുരുദേവനിൽ നിന്ന് അവസാനമായി സന്യാസദീക്ഷ സ്വീകരിക്കാൻ ഭാഗ്യം സിദ്ധിച്ച ആനന്ദതീർഥ സ്വാമികൾ . ജാതീയത കൊടികെട്ടിവാണിരുന്ന കാലത്തു ഗുരുദേവന്റെ മഹത്ത്വം എല്ലാ സീമകളും അതിലംഘിക്കുവാൻ പോന്നതായിരുന്നു.

കാപ്പി കഴിച്ചു വിശ്രമിക്കുമ്പോൾ കൊറഗപ്പയുടെ ബന്ധുവായ ഒരുപെൺകുട്ടി സ്വാമിയേ കാണാനെത്തി . ആ കുട്ടിയോട് തന്റെ പേര് എന്താണെന്നു ചോദിച്ച സ്വാമിജിയോട് ഈ കുട്ടി ഊമയാണെന്നു കുട്ടിയുടെ ബന്ധു അറിയിച്ചു . അവശേഷിച്ച കാപ്പിപ്പാത്രത്തിൽ ഉണ്ടായിരുന്ന ഒരുതുള്ളി കാപ്പി ആ കുട്ടിക്ക് കൊടുക്കാൻ ഗുരുദേവൻ നിർദേശിച്ചു . വീണ്ടും കുട്ടിയുടെ പേരുചോദിച്ച സ്വാമിജിയോട് ആ കുട്ടി തന്റെ പേരുപറഞ്ഞു ..വളരെ സാന്ദർഭികമായി സംഭവിച്ച ഈ അത്ഭുത പ്രവർത്തി കൺകുളിർക്കെ കാണുവാൻ ഇടയായ ജനസമൂഹം ഭക്തിയുടെ പാരാവശ്യത്താൽ ഇളകിമറിഞ്ഞു. അവർ തങ്ങൾക്കും ആ കാപ്പി വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഏറെക്കുറെ ശൂന്യമായിരുന്ന ആ കപ്പിൽ നിന്നും ഏവർക്കും പ്രസാദമായി പകർന്നു നൽകുവാൻ ,ഗുരുദേവൻ തന്റെ ശിഷ്യനായിരുന്ന ഗുരുപ്രസാദ് സ്വാമിയോട് നിർദ്ദേശിച്ചു.എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ അത് എല്ലാപേർക്കും നൽകുവാൻ ഗുരുദേവന്റെ ആ വത്സല ശിഷ്യന് സാധിക്കുകയുണ്ടായി. !!!
ഭക്തിയെ യുക്തിവിചാരം ചെയ്യുക സാധ്യമല്ല , ഗുരുവിന്റെ മാഹാത്മ്യത്തെ നമ്മുടെ പരിച്ഛിന്നമായ ബുദ്ധിക്കു ഗ്രഹിക്കാൻ കഴിയുന്നില്ല എന്നുമാത്രം അറിയുക .ഏതായാലും അപൂർവ്വങ്ങളിൽ അപൂർവ്വമായി ആ കാപ്പി പ്രസാദം ഇന്നും കുദ്രോളി ഗോകർണ്ണ നാഥ ക്ഷേത്രത്തിൽ നിലനിന്നു പോരുന്നു.


ഗുരുദേവന്റെ പ്രിയ ശിഷ്യൻ ആയിരുന്ന ഗുരുപ്രസാദ് സ്വാമിജി ,ഒരിക്കൽ ഉഡുപ്പിയിലൂടെ യാത്ര ചെയ്യവേ , വഴിയിൽ വച്ച് കാറ് കേടായി . പുറത്തിറങ്ങി വിശ്രമിച്ചപ്പോൾ അദ്ദേഹത്തിന് ചുറ്റും ആ നാട്ടുകാർ ഒത്തുകൂടി . ആ പ്രദേശം ക്ഷേത്രത്തിനു പറ്റിയത് ആണല്ലോ എന്ന് അറിയിച്ചതിനനുസരിച്ചു ദാമു മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു ഭജന സംഘം രൂപീകൃതം ആകുകയും അത് പിന്നീട് കൽപാടി വിശ്വനാഥ ക്ഷേത്രമായി പ്രസിദ്ധി നേടുകയുമുണ്ടാക്കി ഗുരുദേവന്റെ വൈഭവം ദേശ കാലങ്ങൾക്ക് അതീതമായി പ്രചരിക്കുക ആയിരുന്നു . ആ മഹിത ജീവിത കാലയളവിൽ സംഭവിച്ച കാര്യങ്ങളെ അത്‌ഭുതത്തോടെ മാത്രമേ നോക്കി കാണുവാൻ കഴിയു എന്ന് പ്രാർത്ഥനാപൂർവ്വം സ്മരിച്ചുകൊണ്ട്‌ ബ്രഹ്മശ്രീ ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമിജി തൻ്റെ വാക്കുകളെ ഗുരുപാദത്തിൽ സമർപ്പിച്ചു.

തുടർന്ന് , ഭോപ്പാലിൽ നിന്നും ഡോ . ശശിധരനും ചിക്കാഗോയിൽ നിന്നുള്ള ശ്രീ അപ്പുക്കുട്ടൻ ശേഖരനും സത്‌സംഗത്തിനു ആശംസകൾ നേർന്ന് സംസാരിക്കുകയുണ്ടായി. ശ്രീമതി ബിന്ദു കൃഷ്ണന്റെ അതിമനോഹരമായ "ശിവശതകം " ആലാപനത്തോടെ സത്‌സംഗ പരിപാടികൾ പരിസമാപിച്ചു.
ശ്രീ. സാജൻ നടരാജൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ സംഗമം , ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ട് ഒൻപതാം വാരത്തിലേക്ക് കടക്കുമ്പോൾ , ഇതിനു പിന്നിൽ പ്രവർത്തിച്ചു വരുന്ന ആശ്രമം ഭാരവാഹികൾക്കും വിശിഷ്യാ പരമ പൂജനീയനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമിജിക്കും ഒരിക്കൽ കൂടി സ്‌നേഹാദരവുകൾ അർപ്പിക്കുന്നു. ഒപ്പം , ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം ....ഓം ശ്രീനാരായണ പരമ ഗുരുവേ നമഹ :

അടുത്ത ആഴ്ച, ജൂൺ 7 ഞായറാഴ്ച , ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്
ഗുരുദേവനെ ആത്മാവിൽ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി   ബ്രഹ്മശ്രീ സത്യാനന്ദ തീർത്ഥ സ്വാമികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക