Image

കോവിഡ്-19; ന്യു യോര്‍ക്കില്‍ കുറയുന്നു. പെന്‍സില്‍ വേനിയ, ഇല്ലിനോയി ഹോട്ട് സ്‌പോട്ടുകള്‍

Published on 04 June, 2020
കോവിഡ്-19; ന്യു യോര്‍ക്കില്‍ കുറയുന്നു. പെന്‍സില്‍ വേനിയ, ഇല്ലിനോയി ഹോട്ട് സ്‌പോട്ടുകള്‍

ന്യു യോര്‍ക്ക്

കൊറോണക്കു പുറമെ ജോര്‍ജ് ഫ്‌ലോയിഡ് വധത്തിനെതിരായ കലാപവും കൊള്ളയും വിഷമ്മത്തിലാക്കിയ ന്യു യോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുന്നു. ബുധനാഴ്ച രാത്രി കലാപം കാര്യമായി ഉണ്ടായില്ല. പോലീസ് ശക്തമായി അണി നിരന്നത് തന്നെ കാരണം. ഒറ്റപ്പെട്ട അക്രമങ്ങളും പോലീസ് വെടിവയ്പും ഉണ്ടായി.

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലസിയോക്കെതിരെ നാനാഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നു. കൊള്ള തടയുന്നതില്‍ മേയര്‍ പരാജയപ്പെട്ടുവെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ അടക്കമുള്ളവര്‍ ആക്ഷേപിക്കുമ്പോള്‍ പ്രകടനക്കാര്‍ക്കു നേരെ പോലീസിനെ കയറൂരി വിട്ടു എന്നു എതിര്‍വിഭാഗവും കുറ്റപ്പെടുത്തി. മേയര്‍ രാജി വയ്ക്കുകയോ പുറത്താക്കുകയോ വേണമെന്ന് ഇരു കൂട്ടരും ആവശ്യപ്പെടുന്നു.

ഇതേ സമയം കോവിഡ് സ്ഥിതി മെച്ചപ്പെട്ടുവെന്നു ഗവര്‍ണര്‍ കോമോ അറിയിച്ചു. ബുധനാഴ്ച 52 പേരാണു സ്റ്റേറ്റില്‍ മരിച്ചത്.2894 പേര്‍ ആശുപത്രിയിലുണ്ട്. പുതുതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണം രണ്ട് ശതമാനമായി കുറഞ്ഞു.

റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ അടക്കമുള്ള മിഡ് ഹഡ്‌സന്‍ വാലി റീജിയനില്‍ കടകള്‍ തുറക്കല്‍ രണ്ടാം ഘട്ടം ജൂണ്‍ 9 ചൊവ്വാഴ്ച തുടങ്ങും.അടുത്ത ദിവസം ലോംഗ് ഐലന്‍ഡിലും.

ന്യു യോര്‍ക്ക് സ്റ്റേറ്റിലെ മെഡിക്കല്‍ സ്‌കൂളുകള്‍ ജൂണ്‍ 22-നു തുറക്കും.

പെന്‍സില്‍ വേനിയ, ഇല്ലിനോയി

ഇന്നലെ (വെള്ളി) രാത്രി 8 മണിക്കുക്കു വേള്‍ഡോ മീറ്റര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള മരണ സംഖ്യ ഇപ്രകാരമാണ്. ന്യു യോര്‍ക്ക്-117; ന്യു ജെഴ്‌സി-100; ഇല്ലിനോയി-115; കാലിഫോര്‍ണിയ-63; മസച്ചുസെറ്റ്‌സ്-49; പെന്‍സില്വേനിയ-115.

പെന്‍സില്വേനിയയും ഇല്ലിനോയിയും ഹോട്ട് സ്‌പോട്ടുകളായി മാറുന്നുവെന്നു വ്യക്തം. ന്യു യോര്‍ക്കില്‍ പുതുതായി രോഗം കണ്ടെത്തിയവര്‍-1062; ന്യു ജെഴ്‌സി-712. ഇല്ലിനോയി-929; കാലിഫോര്‍ണിയ-2378; പെന്‍സില്‍ വേനിയ-555; മാസച്ചുസെറ്റ്‌സ്-471.

കോവിഡിനു മാറ്റം ഉണ്ടാവില്ല (മ്യൂട്ടേഷന്‍)

കോവിഡിനു പരിണാമം (മ്യൂട്ടേഷന്‍) സംഭവിച്ചു കൂടുതല്‍ ശൗര്യം പ്രാപിച്ചേക്കമെന്ന ഭീതീക്ക് അടിസ്ഥാനമില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത് ശുഭപ്രതീക്ഷയായി. കൊറോണ വൈറസില്‍ ചെറിയ മാറ്റങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അത് കൂടുതല്‍ കരുത്താര്‍ജിക്കുന്നതായി കാണുന്നില്ല.

ലോക്ക് ഡൗണ്‍ മടുത്ത് ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതായാല്‍ കോവിഡ് വീണ്ടും ശക്തിപ്പെടാമെന്നു പകര്‍ച്ചവ്യാധി വിദഗ്ദ ഡോ. മറിയ വാന്‍ ഖെര്‍ഖോവ് പറഞ്ഞു. വൈറസ് വീണ്ടും ശക്ത്‌പെട്ട്ലോക്ക് ഡൗണൂം മറ്റും രണ്ടാമതും ഉണ്ടായാല്‍ അത്സമ്പദ് രംഗത്തിനു വലിയ ദോഷം ചെയ്യുമെന്നവര്‍ പറഞ്ഞു

ബ്രിട്ടീഷ് കമ്പനി അസ്റ്റ്ര സെനക്ക, ഓക്സ്സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം ഉപയോഗിച്ചു കോവിഡിനെതിരെ തയ്യാറാക്കുന്ന വാക്‌സിന്‍ രണ്ട് ബില്യന്‍ ഡോസ് ആയി ഉയര്‍ത്തി. ഈ വാക്‌സിന്‍ എത്ര കണ്ട് ഫലപ്രദമെന്നു വ്യക്തമല്ല. അമേരിക്കയും ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമൊക്കെ സഹകരിക്കുന്ന പദ്ധതിയാണെത്.

ഇതേ സമയം അമേരിക്കയില്‍ തൊഴിലില്ലായമ വേതനത്തിനു അപേക്ഷിച്ചവര്‍ 42 മില്യനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക