Image

നക്ഷത്രങ്ങൾ കണ്ണുചിമ്മാത്ത രാത്രി (കഥ: പ്രൊഫ.ലീല മേരി കോശി)

Published on 05 June, 2020
നക്ഷത്രങ്ങൾ കണ്ണുചിമ്മാത്ത രാത്രി (കഥ: പ്രൊഫ.ലീല മേരി കോശി)


ഇരുണ്ട ആകാശത്തേക്ക് നോക്കി ബാൽക്കണിയുടെ തണുത്ത മാർബിൾ തറയിൽ രേണുക ചടഞ്ഞിരുന്നു.
ഒരു നക്ഷത്രമെങ്കിലും കണ്ണുചിമ്മി ഉരിയാടിയിരുന്നെങ്കിൽ!
എതിർവശത്തുള്ള നീണ്ട ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഇരുട്ടറപോലെ ഭീതിപ്പെടുത്തി. ജോലിക്കാർ  ചങ്ങലയിട്ട് പൂട്ടിക്കെട്ടി പോയിട്ട് നേരം ഒരുപാടായി.
വിജനമായ പരിസരം!
ആളനക്കമില്ലാത്ത അയൽപക്കം!
വെട്ടമില്ലാത്ത, ശബ്ദമില്ലാത്ത ഇടങ്ങളിലേക്ക് നിസ്സംഗതയോടെ നോക്കി രേണുക മനസ്സിനെ അലയാൻ വിട്ടു.
പകൽമുഴുവൻ സ്വപ്നങ്ങളുടെ നക്ഷത്ര കൂടാരത്തിൽ ആറാടിയ മനസ്സ് സങ്കടക്കടലായി മുരണ്ടു.
ഓഫീസിലേക്ക് പുറപ്പെട്ടപ്പോഴും ഓർമ്മിപ്പിച്ചതാണ് കുട്ടികളെ അച്ഛനും അമ്മയും വന്ന് തറവാട്ടിലേക്ക് കൊണ്ടുപോകും; താൻ ഇവിടെ ഒറ്റയ്ക്കാകും എന്ന്. വൈകാതെ വരും എന്നാശിച്ചു.
എന്നിട്ടും പതിവിലും വൈകി.ബാങ്ക് ആഡിറ്റിംഗ് തുടങ്ങിയാൽ വൈകുന്നത് പതിവാണ്.  പക്ഷെ, ഒറ്റയ്ക്കാകും എന്നറിഞ്ഞിട്ടും...
ഉച്ചതിരിഞ്ഞപ്പോൾ മുതൽ തുടങ്ങിയ അണിഞ്ഞൊരുക്കമാണ്.
മുല്ലമൊട്ടുകൾ ഇറുത്തെടുത്ത് മാല കെട്ടി.ചെമ്പരത്തിപൂവിട്ട് എണ്ണകാച്ചിപുരട്ടി. ഇഞ്ചതേച്ച് രാമച്ചവെള്ളത്തിൽ വിസ്തരിച്ചൊരു നീരാട്ട്! നിതംബം കവിഞ്ഞുകിടക്കുന്ന മുടി കുന്തിരിക്കപുകയിൽ ഉണക്കി, പിന്നിയിട്ടു. മുല്ലപ്പൂമാലമുടിയിൽ വളച്ചു ചുറ്റി.
നിലക്കണ്ണാടിയിൽ ഇടംവലംതിരിഞ്ഞ് ചന്തം നോക്കിരസിച്ചു.
'രേണൂ, നിനക്കെപ്പഴും അടുക്കള മണമാണ്.' എന്ന കൃഷ്ണേട്ടന്റെ പല്ലവി ഇന്ന് ആവർത്തിക്കില്ല. കാറിൽ നിന്നിറങ്ങുന്നപാടെ സുഗന്ധം പരത്തിനില്ക്കുന്ന തന്നെ ചേർത്തണയ്ക്കും; മുഖം കവിളിലുരുമ്മി തന്റെ പൂമണം ആസ്വദിക്കും.
ഞാൻ വെറുതെ കൊതിച്ചുപോയല്ലൊ, ഈശ്വരാ!
രേണുകയ്ക്ക് അലറി കരയണമെന്നു തോന്നി.
കോളജിലെ പ്രണയ കാലത്ത് തന്റെ നീണ്ട കലമാൻ മിഴി കൃഷ്ണേട്ടന് ഹരമായിരുന്നു. ആ ഓർമ്മയിൽ കണ്ണുകൾ നീട്ടിഎഴുതി, കൺപീലികളിൽ മസ്കരാ പുരട്ടി കണ്ണുകൾ വിടർത്തി.കണ്ണാടിയിൽ നോക്കി ശൃംഗരിച്ചു.
സുന്ദരിയായി കാത്തുനിന്നു.
എന്നിട്ടും ഒന്ന് ഗൗനിക്കപോലും ചെയ്യാതെ...
അപമാനഭാരത്താൽ രേണുക മുഖം പൊത്തി.
യുവജനോത്സവകാലം അയവിറക്കി ഉച്ചനേരത്ത് താൻ നിർവൃതി പൂണ്ടതോർത്ത് രേണുക സങ്കടപ്പെട്ടു. വൄക്തിഗതഇനങ്ങൾക്കെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താൻ ട്രോഫി സ്വീകരിച്ചപ്പോൾ കോളജ് യൂണിയൻ സെക്രട്ടറിയായ കൃഷ്ണപ്രസാദ് മേനോൻ തന്നെ സ്റ്റേജിൽ എടുത്തയർത്തി 
'ഇത് ഞങ്ങളുടെ ട്രോഫി!' എന്ന് വിളിച്ചു പറഞ്ഞതും  'നീ എന്റെ ട്രോഫി!' എന്ന് കാതിൽ മന്ത്രിച്ചതും...
കൃഷ്ണേട്ടൻ  ഇപ്പോൾ ആകെ മാറിപ്പോയിരിക്കുന്നു.
വന്നപാടെ വൈഫൈ ഓണാക്കുന്നു, കുളികഴിഞ്ഞ് വെള്ളപൈജാമ ധരിക്കുന്നു, ലാപ്ടോപ്പിനുമുൻപിൽ തിടുക്കപ്പെട്ട് ഇന്റർനെറ്റിൽ കുരുങ്ങുന്നു. 
തന്നോടുള്ള ഈ വിരക്തിക്ക് കാരണം?...  
'ഏട്ടാ, അത്താഴം തണുത്തുപോകും.' എന്ന് ചേർന്ന് നിന്ന് പറഞ്ഞപ്പോൾ ' ഞാൻ കഴിച്ചതാ. ' എന്ന് വിരസമായി പറഞ്ഞ് തന്നെ പൂർണമായും ഒഴിവാക്കിയതോർത്തിട്ട് രേണുകയ്ക്ക് കരച്ചിൽ അമർത്താനായില്ല.        പകലത്തെ സ്വപ്നങ്ങൾ കൂമ്പടഞ്ഞുപോയിരിക്കുന്നു. 
പ്രണയകാലവും കൂമ്പടഞ്ഞത് ഓർക്കാപ്പുറത്തായിരുന്നു.
സി എ ക്ക് പഠിക്കാൻ ഏട്ടൻ മദിരാശിയിലേക്ക് യാത്രയായി. വല്ലപ്പോഴും ലഭിക്കുന്ന നീല ഇൻലൻഡിൽ പ്രണയം ഒതുങ്ങി. കാത്തിരിക്കണം എന്ന ഓർമ്മപ്പെടുത്തൽ മാത്രമായിരുന്നു കത്തുകളുടെ കാതൽ!
 ഒറ്റയടിക്ക് സി എ പാസ്സായ ബുദ്ധിസാമ്രാട്ട് കൃഷ്ണപ്രസാദ് മേനോൻ   വിവാഹാഭൄർത്ഥനയുമായി അച്ഛനെ സമീപിച്ചപ്പോൾ ആശ്വാസമായി. 
ഇനിയുള്ള നാളുകളിൽ പ്രണയവസന്തമായിരിക്കും എന്ന ആവേശത്തിൽ മിൽട്ടന്റേയും ഷേക്സ്പിയറിന്റേയും താളുകളിൽനിന്നും ഇറങ്ങി പോന്നു. 
 എന്നിട്ടോ?
ഒരു സാദാ വീട്ടമ്മ! വെച്ചുവിളമ്പി, അടിച്ചുവാരി,വിഴുപ്പലക്കി,മക്കളെ പെറ്റു വളർത്തി, രാവേറെ ചെന്നാലും തീരാത്ത പണികൾ ഒതുക്കിയശേഷം കിടക്കപങ്കിടുന്ന വെറും ശരീരം!
  ' അടുക്കളമണം' എന്ന് കേട്ടുകേട്ട് അപമാനിതയുമായി!
  ഏട്ടനെ തന്റെ ഈ ശരീരം എന്ന ഭൗതീകതയിലേക്ക്, തന്റെ കാമനകളിലേക്ക് ഇന്റർനെറ്റിന്റെ കുരുക്കിൽ നിന്നും ആകർഷിക്കുവാൻ എനിക്കാവതില്ല. കുരുക്ക് സങ്കീർണമാണ്. രേണുക ആകുലപ്പെട്ടു.
   പകൽ മുഴുവൻ താലോലിച്ച തന്റെ സ്വപ്നങ്ങൾ പൊലിഞ്ഞുപോയതിൽ വല്ലാതെ ഉലഞ്ഞുപോയിരിക്കുന്നു.
തണുത്തഇരുട്ടിലിരുന്ന് രേണുക വിങ്ങി. തന്റെ സങ്കടമാറ്റാൻ ഒരു മിന്നാമിനുങ്ങുപോലും ഇരുട്ടിൽ പാറിപ്പറക്കുന്നില്ല.
ഈശ്വരാ! അവൾ വികാരഭരിതയായി...
ഏയ്! വികാരം ഇങ്ങനെ അടിമപ്പെടുത്തരുത്! അവൾ മനസ്സിനെ ശാസിച്ചു. 
വിങ്ങൽ മനസ്സിന്റെ ആഴങ്ങളിലേക്ക് പൂഴ്ത്തിവച്ചു.
തന്റെ ബോധമനസ്സിലേക്ക് മറ്റു ചിന്താധാരകൾ വന്നു നിറഞ്ഞെങ്കിൽ! ഷെല്ലിയും കീറ്റ്സും തോറോയും  ഇരച്ചുവരുന്നതുപോലെ!ശരീരത്തിനപ്പുറമുള്ള തലങ്ങളിൽ ചിന്തകൾ ചിറക് വിരിച്ചു.
  മനുഷ്യൻ ശരീരം മാത്രമല്ല. 
ബൗധികമണ്ഡലങ്ങൾക്കും ഉയരെയുള്ള മഹത് വചനങ്ങൾ ഓർത്തോർത്തിരിക്കെ എത്താദൂരങ്ങളിലേക്ക് ചിന്തകൾ ചിതറി വീണു. ചിന്തയിലാണ്ടിരുന്ന് രേണുക ഉറങ്ങിപ്പോയി. 
×××××    ×××××   ×××××
  ഉടലിൽ പിണഞ്ഞിഴയുന്ന ഉരസൽ! 
ഉരഗങ്ങൾ ഉടൽ വരിഞ്ഞുമുറുക്കുന്നു.
രേണുക ഞെട്ടി ഉണർന്നു. 
പിടഞ്ഞെഴുന്നേറ്റു.
ഏയ്! ഒന്നുമില്ല.
സപ്പറസ്സ്ഡ് ഡിസയറിൽ നിന്നും മോചനം നേടുന്ന ഉപബോധമനസ്സിന്റെ വിക്രയമാത്രമാണിത്!
തന്റെ ഉടലിനെ ഉരഗങ്ങളൊന്നും വരിഞ്ഞു മുറുക്കുന്നില്ല.
   ആട്ടോമൊബൈൽ വർക്ക്ഷോപ്പിന്റെ ഇരുട്ടറയിലിരുന്ന്  ഒരു മൂങ്ങ നീട്ടി മൂളി. 
   രേണുകയുടെ നിശ്ശബ്ദ ഇടങ്ങളിൽ ആഴം കുറിക്കുന്ന മൂങ്ങ!
  നിശ്ശബ്ദതയ്ക്ക് സന്ദേശമുണ്ട്.
   അലറി അലയ്ക്കുന്ന കടൽത്തീരത്തണയുന്ന ഏകാന്തൻ കേൾക്കും കടലാഴങ്ങളുടെ ശബ്ദം!
    ശബ്ദത്തിൽ നിശ്ശബ്ദതയുടെ ഇടവേളകൾ ശബ്ദിക്കുന്നുണ്ട്.
   ശോകശീലുകളിൽ  നിശ്ശബ്ദ നിമിഷങ്ങൾ സംവേദിക്കുന്നത് കേൾക്കാം.
   രേണുകയുടെ മനസ്സ് നിറഞ്ഞു. 
  നിശ്ശബ്ദമായ തന്റെ ആത്മാവിന്റെ മധുരഗീതം!
   നക്ഷത്രങ്ങൾ കണ്ണുചിമ്മാത്ത കൂരിരുളിൽ ആത്മാവിന്റെ ഉള്ളറകളിലേക്ക് രേണുക ഉണർന്നു. 
           മോചനം!
   ശരീരത്തിന്റെ ആന്തലിൽ നിന്നും  ഇതാ വിടുതൽ!
   ഉള്ളറകളിലെ ഉറവിങ്കലുള്ള പ്രകാശധാരയിലേക്കുള്ള ഉണർവ്!
         ഉണർവ്!
ഒരായിരം സൂരൄവെളിച്ചത്തിലേക്കുള്ള ഉണർവ്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക