Image

കൊറോണ വൈറസ് വാക്‌സിന്റെ ഹ്യൂമന്‍ ട്രയലിന് തുടക്കം

Published on 25 June, 2020
കൊറോണ വൈറസ് വാക്‌സിന്റെ ഹ്യൂമന്‍ ട്രയലിന്  തുടക്കം
ജെനറ്റിക് കോഡ് അടിസ്ഥാനമാക്കിയുള്ള കൊറോണ വൈറസ് വാക്‌സിന്റെ ഹ്യൂമന്‍ ട്രയലിന് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ ഇന്നലെ തുടക്കമിട്ടു. ഏകദേശം 300 പേര്‍ക്കാണ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ വാക്‌സിന്‍ നല്കുന്നത്. പ്രഫസര്‍ റോബിന്‍ ഷാറ്റോക്കാണ് ഈ ട്രയലിനെ നയിക്കുന്നത്. ഇതിന്റെ ആനിമല്‍ ട്രയല്‍ നേരത്തെ വിജയകരമായി പൂര്‍ത്തിയായിരുന്നു. വാക്‌സിന്‍ കൊറോണ പ്രതിരോധശേഷി നേടിയെടുക്കാന്‍ സഹായിക്കുന്നതായി ഇതില്‍ തെളിഞ്ഞിരുന്നു.

120 ഓളം ട്രയലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി നടക്കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന യുകെയിലെ മറ്റൊരു ട്രയല്‍ വാക്‌സിനേഷന് ശേഷമുള്ള ഡാറ്റാ കളക്ഷന്‍ ആന്‍ഡ് അനാലിസിസ് സ്റ്റേജിലാണ് ഇപ്പോള്‍.

ഇംപീരിയല്‍ കോളജിലെ ട്രയലില്‍ ആദ്യ വാക്‌സിനേഷന്‍ ഫൈനാന്‍സ് സെക്ഷനില്‍ ജോലി ചെയ്യുന്ന കാത്തി, 39 ആണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിനു ശേഷം 6000 പേര്‍ക്ക് വാക്‌സിന്‍ നല്കുന്ന രണ്ടാം ട്രയല്‍ ഒക്ടോബറില്‍ നടക്കും. വിജയകരമെങ്കില്‍ ഇംപീരിയല്‍ ട്രയല്‍ വാക്‌സിന്‍ വിതരണത്തിനായി 2021 ആദ്യത്തോടെ തയ്യാറാകും.

മിക്കവാറും ട്രയലുകളില്‍ ദുര്‍ബലമായതോ, ഘടനാ മാറ്റം വരുത്തിയതോ ആയ വൈറസിനെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇംപീരിയല്‍ കോളജിന്റെ വാക്‌സിനില്‍ വൈറസിന്റെ ജെനറ്റിക് കോഡിനെ അനുകരിക്കുന്ന സിന്തറ്റിക് സ്ട്രാന്‍ഡുകളാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ മസിലുകളിലേയ്ക്ക് കുത്തിവച്ചു കഴിഞ്ഞാല്‍ ഇവ കൊറോണ വൈറസിന്റെ പുറം ഭാഗത്ത് കാണപ്പെടുന്ന രീതിയിലുള്ള സ്‌പൈക്ക് പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കും. ഇതു മൂലം ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ ആന്‍റിബോഡികള്‍ തയ്യാറാക്കും.

ഇംപീരിയല്‍ കോളജ് ലണ്ടന്റെ വാക്‌സിനില്‍ ചെറിയ തോതിലുള്ള ജനറ്റിക് കോഡ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരു ലിറ്റര്‍ സിന്തറ്റിക് മെറ്റീരിയലുപയോഗിച്ച് രണ്ടു മില്യണ്‍ ഡോസ് വാക്‌സിന്‍ തയ്യാറാക്കാന്‍ കഴിയും. ഇതിന്റെ ട്രയലിലുള്ള വോളണ്ടിയര്‍മാര്‍ക്ക് നാലാഴ്ച ഇടവേളയില്‍ രണ്ടു ഡോസ് വാക്‌സിനാണ് നല്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക