Image

സംഘടനകളെ നയിക്കുന്നവരും ഇനി നയിക്കേണ്ടവരും അറിയാന്‍

Published on 29 June, 2020
സംഘടനകളെ നയിക്കുന്നവരും ഇനി നയിക്കേണ്ടവരും അറിയാന്‍
ഒരു ജനതയുടെ സാമൂഹിക സാംസ്‌കാരിക പൈതൃകത്തിന്റെ സ്ഫടിത സ്ഫുടമായ കണ്ണാടിയാണ് സാമൂഹിക സംഘടനകള്‍. ദീര്‍ഘവീക്ഷണവും നിസ്വാര്‍ത്ഥതയും കഠിനാദ്ധ്വാനവും കൈമുതലായുള്ള, പക്ഷപാതിത്വമില്ലാത്തവരായിരിക്കണം സാമൂഹിക സംഘടനകളെ മുഖ്യധാരയില്‍ നിന്ന് നയിക്കേണ്ടത്. നേതൃനിരയില്‍ എത്തുന്നവര്‍ തങ്ങളുടെ സാമൂഹിക പ്രതിപദ്ധത തെളിയിച്ച് കറകളഞ്ഞവരും ആയിരിക്കണം. എങ്കില്‍ മാത്രമേ സംഘടനകള്‍ക്ക് ജനാധിപത്യശൈലിയില്‍ ഏവരെയും ഉള്‍ക്കൊണ്ട് സമൂഹിക ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാവൂ.

ജനങ്ങളുടെ ഹൃദയമിടിപ്പുകള്‍ യഥാസമയം തൊട്ടറിഞ്ഞ് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സംഘടനയ്ക്ക് ജീവനുണ്ടെന്ന ബോദ്ധ്യം സമൂഹത്തിനുണ്ടാവുന്നത്. സാമൂഹിക സംഘടനകളും ക്ലബ്ബുകളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ട്. സാമൂഹിക സംഘടനകള്‍ വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനങ്ങളുടെ സമസ്ത മേഖലകളിലും കൃത്യമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ ക്ലബ്ബുകള്‍ ചില പ്രത്യേക താത്പര്യമുള്ളവരുടെ ചെറു സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ അവരുടെ കാഴ്ചപ്പാടിന് വ്യത്യാസം ഉണ്ടെന്ന് പറയേണ്ടതില്ലല്ലോ.

തികച്ചും വ്യക്തിനിഷ്ഠമായ വിനോദത്തിനും മറ്റുമായി ഒഴിവുവേളകളില്‍ ഒത്തുകൂടുന്നവരുടെ കൂട്ടായ്മകളാണ് ക്ലബ്ബുകള്‍. വിനോദ പരിപാടികളില്‍ ഏര്‍പ്പെടുക എന്നതിനപ്പുറത്തേയ്ക്ക് സാമൂഹിക കാഴ്ചപ്പാടുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങളോ ഉന്നത ലക്ഷ്യങ്ങളോ ക്ലബ്ബുകള്‍ക്ക് ഉണ്ടാവണമെന്നില്ല. അവര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു. അതേസമയം, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക് ജനങ്ങളോട് വലിയ കടപ്പാടുണ്ട്, ഗൗരവമേറിയ ഉത്തരവാദിത്വങ്ങളുമുണ്ട്.

നമ്മുടെ മൂല്യവത്തായ സംസ്‌കാരവും തനത് പാരമ്പര്യവും വിശിഷ്ടമായ പൈതൃകവും ഒരു ഇടിവും തട്ടാതെ കാത്തു സൂക്ഷിക്കുകയും അത് അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുകയെന്നതാണ് ഒരു മലയാളി സംഘടനയെ സംബന്ധിച്ചിടത്തോളം അവരുടെ പരമപ്രധാനമായ ഉത്തരവാദിത്വം. തങ്ങളില്‍ ഭരമേല്‍പ്പിക്കപ്പെട്ട മഹത്തരമായ ആ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതു കൊണ്ടാണ് പ്രമുഖ സംഘടനകള്‍ ജനപക്ഷമുഖത്തോടെ ഇന്ന് നിലനിന്നു പോരുന്നത്.

അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനുകളായ ഫൊക്കാനയ്ക്കും ഫോമയ്ക്കും കരുത്തുറ്റ പാരമ്പര്യവും തനതായ സംസ്‌കാരവുമുണ്ട്. അവരുടെ അംഗസംഘടനകളും വര്‍ഷങ്ങളായി അതേ ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. അതാകട്ടെ, കാലങ്ങളോളം നിലനിര്‍ത്തപ്പെടേണ്ടതുമാണ്. ഈ ഫെഡറേഷനുകളുടെയും അംഗസംഘടനകളുടെയും നേതൃനിരയിലുള്ളവര്‍ ഏതെങ്കിലും ക്ലബ്ബുകളുടെയോ മറ്റോ പരിപാടിയില്‍ വേദി പങ്കിടുമ്പോള്‍ അത് തങ്ങള്‍ക്കു പറ്റിയ വേദിയാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ജനാഭിമുഖ്യമുള്ള പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിന്റെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായ സംഘനകളുടെ നേതാക്കള്‍ തീര്‍ത്തും അപ്രസക്തമായ ചെറു കൂട്ടങ്ങളുടെയോ അല്ലെങ്കില്‍ വിനോദസംഘങ്ങളുടെയോ സ്വകാര്യ ആഘോഷങ്ങളില്‍ വേദി പങ്കിടുമ്പോള്‍ അവരുടെ മാതൃസംഘടനയ്ക്കാണ് പ്രതിഛായാ നഷ്ടം ഉണ്ടാകുന്നത്. സമൂഹത്തിന്റെ അംഗീകാരം നേടിയ ഒരു വ്യക്തി, ജനങ്ങള്‍ ആദരിക്കുന്ന സ്ഥാനം കൈയാളുന്ന ഒരാള്‍ നിലവാരമില്ലാത്ത ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ വ്യക്തിയുടെ അന്തസും ചോര്‍ന്നു പോകുന്നുവെന്നു കാണാം.

പല രൂപത്തിലും ഭാവത്തിലുമുള്ള ക്ലബ്ബുകള്‍ ഈ കോവിഡ് കാലത്ത് രൂപം കൊള്ളുന്നുണ്ട്. അവര്‍ തങ്ങളുടേതായ ലോകത്ത് വിഹരിക്കുകയും ചെയ്യുന്നു. അതൊക്കെ സാമൂഹിക വിരുദ്ധമാണെന്ന അഭിപ്രായവുമില്ല. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്ള നാട്ടില്‍ നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാം. എന്നാലത് സമൂഹത്തിന്റെ പൊതു താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നു മാത്രം. ഉദാത്തമായ ലക്ഷ്യങ്ങളുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളും കേവല വിനോദം മാത്രം താത്പര്യമാക്കിയുള്ള ക്ലബ്ബുകളും തമ്മില്‍ പൊതുവേദി പങ്കിടുന്നത് ഒരിക്കലും ആശാസ്യകരമല്ല.

ജനങ്ങള്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളെയും വിനോദ ക്ലബ്ബുകളെയും രണ്ട് രീതിയിലാണ് കാണുന്നത്. കാരണം രണ്ടിനും രണ്ട് വീക്ഷണങ്ങളാണ് ഉള്ളത്. ഒരു സാമൂഹ്യ സംഘടനയുടെ നേതൃനിരയിലുള്ളവരും ഭാവിയില്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും വിശാലമായ ചിന്തയ്ക്കും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ കൊടുക്കേണ്ടത്. തമാശക്കൂട്ടങ്ങള്‍ അവരുടെ വഴിക്ക് പോകട്ട. ''സംഘടിച്ച് ശക്തരാവുക...'' എന്ന ആപ്തവാക്യം ഏവര്‍ക്കും കരുത്തുപകരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 
Join WhatsApp News
മല്ലു നേതാവ് 2020-06-29 19:53:18
വളരുന്തോറും പിളരും, പിളരുന്തോറും ശണ്ഠ... സഭയാണ് മുഖ്യം, മതമാണ് പക്ഷം. കഴിവിനൊക്കെ എന്ത് പ്രസക്തി. ഒരു പ്രമുഖ സംഘടനയുടെ കമ്മറ്റിയിലേക്ക് ആരോരുമാറിയാത്ത ഒരു വിദ്വാനെ നിറുത്തി ജയിപ്പിച്ചെടുത്തു. എന്നിട്ട് അതിനൊരു അടിക്കുറിപ്പും "ഞങ്ങൾ ഏത് കുറ്റി ചൂലിനെ നിർത്തിയാലും ജയിപ്പിച്ചിരിക്കും". തലത്തോട്ടപ്പന്റെ കാലിൽ വട്ടം ചുറ്റി, കെട്ടിപ്പിടിച്ച് സാഷ്ടാംഗം പ്രണമിക്കുന്നവർക്കും ഒരു സീറ്റ് ഉറപ്പിക്കാം.
ഇന്നത്തെ ചിന്താവിഷയം 2020-06-30 05:31:55
അധികാരത്തിൻ്റെയും പദവിയുടെയുമടിസ്ഥാനത്തിൽ സമ്പാദിച്ചുകൂട്ടുന്നവർ, എങ്ങനെയെങ്കിലും അവ ഉപയോഗിച്ചു തീർക്കാനുള്ള വ്യഗ്രതയിലായിരിക്കും ജീവിക്കുക! ഒന്നുമില്ലാത്തവർ എന്നു കരുതപ്പെടുന്നവരിലായിരിക്കും, മറ്റാർക്കുമില്ലാത്ത അച്ചടക്കവും ആത്മനിയന്ത്രണവുമൊക്കെ കാണുക! കണ്ണിൽക്കാണുന്നതെല്ലാം സ്വന്തമാക്കണ മെന്ന ചിന്തയില്ലാത്തവർക്ക് മാത്രമേ, സംതൃപ്ത ജീവിതം സാദ്ധ്യമാകൂ!- chankyan
A wellwisher 2020-06-30 09:55:48
പാട്ടും കൂത്തുമായി നടക്കുന്നവരുടെ കുട്ടിക്കളിയല്ല നല്ല പ്രസ്ഥാനങ്ങളുടെ നേതൃത്വം. ചിലരുടെ ചിന്ത ആ രീതിയിലാണ്. യാതൊരു ഗൗരവമോ, ചുമതലാ ബോധമോ ഇല്ലാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക