Image

ആപ്പ് യുദ്ധത്തില്‍ ചൈനയുടെ ടിക് ടോക്കും ഔട്ട് (ശ്രീനി)

ശ്രീനി Published on 30 June, 2020
 ആപ്പ് യുദ്ധത്തില്‍ ചൈനയുടെ ടിക് ടോക്കും ഔട്ട് (ശ്രീനി)
സോഷ്യല്‍ മീഡിയ ചാറ്റ് സ്‌നേഹികള്‍ ഹൃദയത്തിലേറ്റിയ ടിക് ടോക്കിന് ഇന്ത്യയില്‍ വിലങ്ങിട്ടിരിക്കുന്നു. ഇന്ത്യ മുഴുവന്‍ ഇത്രയേറെ ഉപയോഗിക്കപ്പെട്ട മറ്റൊരു ആപ്പ് ഇല്ല. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തിലാണ് ടിക് ടോക്കടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. രാജ്യ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് നിരോധനം. ഐ.ടി ചട്ടത്തിന്റെ 69 എ വകുപ്പനുസരിച്ചും 2009 മുതല്‍ നിലവിലുള്ള വിവര നിയന്ത്രണ നിയമം അനുസരിച്ചുമാണ് ടിക് ടോക്ക് പ്രേമികളെ നിരാശരാക്കുന്ന സുപ്രധാനമായ ഈ നടപടി.

ടിക് ടോകിലൂടെ താരമായി മാറിയവര്‍ നിരവധിയാണ്. പാട്ടും ഡാന്‍സും ഹാസ്യരംഗങ്ങളുമൊക്കെയായി ടിക് ടോക്കിലൂടെ വിസ്മയിപ്പിച്ചവര്‍ ഏറെയുണ്ട്. ജനഹൃദയങ്ങളില്‍ ചേക്കേറിയ താരങ്ങളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ 'ഫോളോവേഴ്‌സ്' നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഖത്തിലാണ്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതിയാര്‍ജിച്ച ടിക് ടോക്ക് മാജിക്ക് എന്താണ്..?

കൊച്ചുകൊച്ചു വീഡിയോകള്‍ ഉണ്ടാക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി 'ബൈറ്റ്ഡാന്‍സ്' എന്ന ചൈനീസ് ഐ.ടി കമ്പനി നിര്‍മിച്ച സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയില്‍, ചൈനയില്‍ 2016 സെപ്റ്റംബറില്‍ 'ഡുവൈന്‍' എന്ന പേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഒരു വര്‍ഷത്തിനു ശേഷം 'ടിക്ക് ടോക്ക്' എന്ന പേരില്‍ ഇത് വിദേശ വിപണിയില്‍ പരിചയപ്പെടുത്തി. 2018 ല്‍ ഈ ആപ്ലിക്കേഷന്‍ ഏഷ്യ, യു.എസ്.എ തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ജനപ്രിയമായി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്പ് ആണ് ടിക് ടോക്ക്. 2018 ല്‍ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി. ഉപയോക്താക്കള്‍ക്ക് 360 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. 

ഇരുന്നൂറ് ദിവസം കൊണ്ടാണ് ടിക് ടോക്ക് വികസിപ്പിച്ചെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം ഒരു ലക്ഷം കോടി വീഡിയോകള്‍ ഉപഭോക്താക്കള്‍ കാണുന്നുണ്ട്. എന്നാല്‍ ചൈനയില്‍ ഈ ആപ്ലിക്കേഷന്‍ 'ഡ്യുയിന്‍' എന്ന പേരില്‍ ആണ് അറിയപെടുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ സെന്‍സര്‍ ടവര്‍, സി.എന്‍.ബി.സിക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം, 2018 ന്റെ ആദ്യ പകുതിയില്‍ ടിക് ടോക്ക് ആപ്പിളിന്റെ ആപ് സ്റ്റോറില്‍ 104 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഫേസ്ബുക്ക്, യൂ ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയെ അപേക്ഷിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഐ.ഒ.എസ്സ് (ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം) ആപ്ലിക്കേഷനും ടിക് ടോക്ക് ആണ്.

ടിക് ടോക്ക് ഉപയോക്താവിന് ഒരു ഹ്രസ്വ വീഡിയോ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. കൂടാതെ ബാക്ക്ഗ്രൗണ്ടില്‍  ഇഷ്ടമുള്ള സംഗീതവും ചേര്‍ക്കാം. വീഡിയോ, സ്പീഡിലോ സ്ലോമോഷനിലോ ആക്കാനും കഴിയും. ഒരു വീഡിയോ സൃഷ്ടിക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സംഗീതരീതികളില്‍ നിന്ന് പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കാനാകും ടിക് ടോക്കില്‍ ചെയ്യുന്ന വീഡിയോ മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ മറ്റുള്ളവരുമായി പങ്കിടാനും സാധിക്കുന്നു. മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ 'സ്വകാര്യമായി' സജ്ജമാക്കാനും സാധിക്കുന്നു. സര്‍ഗാത്മകത വളര്‍ത്തുന്നതോടൊപ്പം പലരും നേരിടുന്ന നാണം എന്ന അപകര്‍ഷതാ ബോധത്തെ, അല്ലെങ്കില്‍ സഭാകമ്പത്തെ ടിക് ടോക് പലപ്പോഴും ഇല്ലാതാക്കുന്നുണ്ടത്രേ.

ഉപഭോക്താക്കളുടെ ഇഷ്ട്ടവും താല്‍പ്പര്യങ്ങളും മുന്‍ഗണനകളും വിശകലനം ചെയ്ത് ഓരോ ഉപയോക്താവിനുമായി വ്യക്തിഗതമാക്കിയ ഒരു ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിനും ടിക് ടോക്ക് കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വന്‍ തോതില്‍ ഉപഭോക്താകളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് ഇതിന്റെ കമ്പനി ചോര്‍ത്തി കൊടുക്കുന്നുണ്ട് എന്ന വ്യാപകമായ ആരോപമുയര്‍ന്നിരുന്നു. ഇന്ത്യയിലും നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും ടിക് ടോക്ക് നിരോധിക്കണം അല്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു. 

പല രാജ്യത്തും ടിക് ടോക്കിന് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. 2018 ജൂലൈ 3 ന് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് അശ്ലീലത നിറഞ്ഞ ഉള്ളടക്കവും, ദൈവ നിന്ദയ്ക്ക് പ്രചോദനം നല്‍കുന്നു എന്ന് പറഞ്ഞുകൊണ്ട് ടിക് ടോക്ക് നിരോധിച്ചിരുന്നു. അധികം താമസിയാതെ 2018 ജൂലൈ 11ന് നിരോധനം പിന്‍വലിച്ചു. 2018 നവംബറില്‍ ബംഗ്ലാദേശി ഗവണ്‍മെന്റ് ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഇന്റര്‍നെറ്റ് ആക്‌സസ് തടഞ്ഞു. 

ടിക് ടോക്ക് ഇത്രക്ക് ജനകീയമാക്കിയതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. മൊബൈല്‍ ഡാറ്റ ഉപയോഗം കുത്തനെ വര്‍ധിച്ചത്, ഉപയോഗിക്കാനുള്ള എളുപ്പം, മറ്റെല്ലാ സോഷ്യല്‍ മീഡിയയെക്കാളുമുള്ള എന്റര്‍ടെയിന്മെന്റ് ഫാക്ടര്‍, അങ്ങനെ കുറേ ഘടകങ്ങള്‍. വിസിബിലിറ്റി ഇല്ലാതിരുന്ന സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ടിക് ടോക്ക് വിസിബിലിറ്റി സാധ്യമാക്കി എന്നതാണ് മറ്റൊരു പ്രധാന ഘടകം. വീട്ടമ്മമാര്‍, കൂലിപ്പണിക്കാര്‍, സൗന്ദര്യശാസ്ത്രത്തിന്റെ പുറത്ത് നില്‍ക്കുന്ന യുവതീയുവാക്കള്‍ അങ്ങനെ ഒരുപാട് പേരാണ് ഈ മാധ്യമത്തിലൂടെ പ്രേക്ഷകരെ കണ്ടെത്തുന്നത്. തങ്ങളുടെ വിശ്രമ സമയങ്ങള്‍ എല്ലാം എന്തെങ്കിലും ക്രിയേറ്റീവ് ആശയങ്ങള്‍ കൊണ്ട് ടിക് ടോക്കില്‍ വീഡിയോ ചെയ്തിടുന്ന ധാരാളം പേര്‍ രംഗത്തുവന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്കില്‍ കൈവയ്ക്കാത്തവരില്ല. ലോക്ക്ഡൗണിന് മുമ്പും പ്രായഭേദമെന്യേ ടിക് ടോക്കിനെ പ്രണയിക്കാത്തവര്‍ ചുരുക്കം. ടിക് ടോക്കിന്റെ ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോളതലത്തില്‍ 500 മില്ല്യന്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാര്‍ ആശങ്കയിലായി. നിരോധനം അനന്തമായി നീളുകയാണെങ്കില്‍ തൊഴില്‍ നഷ്ടമാകുമോ എന്നതാണ് ജീവനക്കാര്‍ ഭയപ്പെടുന്നത്. 

നിരോധനം നിലവില്‍വന്നതിനാല്‍ പിന്നാലെ ഇവ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നടക്കം നീക്കി. അതേസമയം, നിരോധനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്നും വിശദീകരണം നല്‍കുമെന്നുമാണ് ടിക് ടോക്കിന്റെ ഇന്ത്യയിലെ മേധാവി നിഖില്‍ ഗാന്ധി അറിയിച്ചത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈന അടക്കമുള്ള ഒരു വിദേശ രാജ്യത്തിനും കൈമാറുന്നില്ലെന്നും ടിക് ടോക് ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 ആപ്പ് യുദ്ധത്തില്‍ ചൈനയുടെ ടിക് ടോക്കും ഔട്ട് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക