Image

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ

Published on 30 June, 2020
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ
റിയാദ്: സൗദിയില്‍ നിലനില്‍ക്കുന്ന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അസ്ഥാനത്താക്കി ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വന്ദേഭാരത് നാലാം ഘട്ടത്തില്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്നു കേരളത്തിലെ മുഴുവന്‍ സെക്ടറുകളിലേക്കും മൂല്യവര്‍ധിത നികുതിയടക്കം 908 റിയാലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ 950 റിയാല്‍ മുതല്‍ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളില്‍ നിരക്ക് എത്തിയിരുന്നു. ഇതാണിപ്പോള്‍ ഇതു വരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ഒരേ നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

റജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാ പട്ടിക തയാറാക്കി എംബസി യാത്രക്കാരെ അറിയിച്ചു തുടങ്ങി. എയര്‍ ഇന്ത്യ ഓഫിസുകളില്‍ നേരിട്ട് പോയി ടിക്കറ്റെടുക്കണം എന്ന നിബന്ധനയില്‍ മാറ്റമില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിന് ഒരേ കരിയറിലെ നിശ്ചിത യാത്രക്കാരെ മാത്രം വിളിച്ചുവരുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ പ്രാരംഭത്തില്‍ പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതു പിന്നീട് കുറച്ചുവെങ്കിലും ഇത്രയും ഇളവ് ആദ്യമാണ്. 

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എളുപ്പമാകുകയും  എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മല്‍സരം ഒഴിവാക്കാനാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഇളവ്. ഇതുവരെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന എല്ലാം സര്‍വീസുകളേക്കാളും ഏറ്റവുംകുറഞ്ഞ നിരക്കാണിത്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് നിലവിലും 1200 റിയാലാണ് ഈടാക്കുന്നത്. യാത്രക്കാരെ തികക്കാന്‍  സജീവമായി രംഗത്തിറങ്ങി ചാര്‍ട്ടേഡ് വിമാനങ്ങളുടെ സംഘാടകര്‍ ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ്.

ടിക്കറ്റ് നിരക്കിലെ വര്‍ധനവും തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് സൗദി പ്രഖ്യാപിച്ച നിലപാടും യാത്രക്കാരുടെ തള്ളിച്ച കുറച്ചിട്ടുണ്ട്. എങ്കിലും വന്ദേഭാരത് മിഷന്‍ അനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തില്‍ ആനുപാതികമായ കുറവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക