Image

എറണാകുളം മാര്‍ക്കറ്റിലെ കടയിലെ ജീവനക്കാര്‍ക്ക് കോവിഡ്; ചന്ത അടച്ചു

Published on 30 June, 2020
എറണാകുളം മാര്‍ക്കറ്റിലെ കടയിലെ ജീവനക്കാര്‍ക്ക് കോവിഡ്; ചന്ത അടച്ചു
കൊച്ചി: വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടയ്ക്കാന്‍ കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുമ്പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കി. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാംപിളുകള്‍ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കലക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

സാഹചര്യം ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളില്‍ എത്തുന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക