Image

സന്തോഷ ഭാണ്ഡങ്ങൾ (The Bundles of Joy)- തോമസ് കളത്തൂർ

Published on 30 June, 2020
സന്തോഷ ഭാണ്ഡങ്ങൾ (The Bundles of Joy)- തോമസ് കളത്തൂർ
ആക്രോശങ്ങളുടെയും  പൊട്ടിത്തെറികളുടെയും  ശബ്ദം  മനോഹരമായ  ആ വലിയ  സൗധത്തിനു  ഒരു 'ചെയ്താന്റെ'  ഭാവം നൽകി യിരിക്കുന്നു.      ഭാര്യയും  ഭർത്താവും  ഭീഷണികളും  കുറ്റങ്ങളും  അന്യോന്യം  ആരോപിച്ചുകൊണ്ടു  'കലി തുള്ളുകയാണ്'.       സർവാധിപത്യത്തിനു  വേണ്ടിയുള്ള  രണ്ടു "ഈഗോ" കളുടെ  യുദ്ധം ആണ്  അരങ്ങേറുന്നത്.       അവർക്കു  ലഭിച്ച  സന്തോഷത്തിന്റെ  രണ്ടു ഭാണ്ഡങ്ങൾ  ഒരു മുറിയിൽ കടന്നു വാതിലും ചാരി  വിങ്ങി പൊട്ടുകയാണ്.        ഒരാൾ  തലയിണയിൽ  മുഖം അമർത്തി  നിശബ്ദനായി കണ്ണീരൊഴുക്കുന്നു.          മറ്റേ  ആൾ  പേടിച്ചരണ്ട  കണ്ണുകളുമായി,  ഭയത്തിൽ നനഞ്ഞു പോയ കാൽസറായിയും  ആയി  മുറിയുടെ മൂലയിൽ  പറ്റിപ്പിടിച്ചു നിൽക്കുന്നു.     ഇവരെ  സന്തോഷിപ്പിക്കേണ്ടവരാണ്   ദുഃഖത്തിന്റെ യും അനിശ്ചിതത്തിന്റെയും  മൂലയിലേക്ക്  വലിച്ചെറിഞ്ഞിരിക്കുന്നതു.        സന്തോഷം തരുന്ന സുരക്ഷിതമായ  മറ്റൊരു  സ്ഥലത്തെ സ്വപ്നം കാണാൻ  അവർ  തുനിഞ്ഞാൽ അവരെ  കുറ്റപ്പെടുത്താനാവില്ല.       അവർ  നടന്നതെല്ലാം  മറക്കാൻ ശ്രമിച്ചാലും അതുണ്ടാക്കിയ  മുറിവുകൾ  അവശേഷിക്കും.      അതിനെല്ലാം  അനന്തര ഫലം ഉണ്ടാകാതിരിക്കില്ല.       മാതാപിതാ ക്കളുടെ  കർമ്മ ഫലം  സ്വന്തം  മക്കൾ അനുഭവിക്കുന്നത്  കാണുമ്പോൾ ഉള്ള തീവ്രമായ  ദുഃഖമായിരിക്കും  മാതാപിതാക്കൾക്ക്  കിട്ടുന്ന  കർമ്മ ഫലം.        ഹൃദയത്തിനേൽക്കുന്ന   പരുക്കുകൾ ഉണങ്ങിയാലും  അവിടെ ഒരു  വടു അഥവാ  പാട് അവശേഷിക്കുന്നു.      ആ വടുക്കല് അവരോടൊപ്പം  വളർന്നു വലുതാകുന്നു.                                                                         

സ്വന്തം  കുഞ്ഞുങ്ങൾ  എന്ന  സന്തോഷ  ഭാണ്ഡങ്ങൾക്കു  അവരുടെ  ദുഃഖങ്ങൾ  പ്രകടിപ്പിക്കാനായി  ഒന്ന് ഉറക്കെ കരയാൻ  പോലും അനുവദിക്കാതെ,  "ശബ്ദം  പുറത്തു  കേൾക്കരുത്"  എന്ന  അന്ത്യ ശാസനവുമായി  നിൽക്കുന്ന  ദുശ്ശാസനരേയും  മാതാപിതാക്കൾക്കിടയിൽ  കാണാം.        ഇങ്ങനെ  തങ്ങളുടെ  ദേഷ്യവും  അഹംകാരവും  ഇറക്കിവെച്ചു  സ്വന്തം  സമാധാനം പ്രാപിക്കാനും,  തങ്ങൾക്കൊന്നു  സന്തോഷിക്കണം എന്ന് തോന്നുമ്പോൾ  അത് പ്രകടിപ്പിച്ചു  സ്വയം  സന്തോഷിക്കാനും  ഉതകുന്ന വസ്തുക്കളായി  ഈ  കുട്ടികളെ  ദുരുപയോഗം  ചെയ്യരുത്,  അത്  ക്രൂരതയാണ്.   നിങ്ങൾ മനസ്സിൽ  ചിന്തിക്കുന്നത് വരെ  മനസ്സിലാക്കാനുള്ള  കഴിവ്,  പ്രസവിക്കും  മുൻപ്  തന്നെ, വയറ്റിൽ കിടക്കുന്ന കുഞ്ഞു  ആർജിച്ചിരിക്കും.        മനുക്ഷ്യന്,  സന്തോഷത്തിന്റെ  ഭാണ്ഡങ്ങളായി   ഈശ്വരൻ  നൽകുന്ന അമൂല്യ നിധികളാണ്   കുഞ്ഞുങ്ങൾ.         അവരെ നിങ്ങൾ എങ്ങനെ  ശ്രെദ്ധയൊടെ കൈകാര്യം ചെയ്യുന്നു എന്നത്  വിശദമാക്കേണ്ടിവരും.                   

കുട്ടി കൾക്ക്   ഈ സൂഷ്മ സംവേദന  ക്ഷമത   എങ്ങനെ  ലഭിക്കുന്നു?    അവർ  ജനിക്കുമ്പോൾ  അവരിൽ  ജീവ ചൈതന്ന്യം  പൂർണമായി  ഉൾകൊള്ളുന്നു,  "അസത്"  ഒട്ടുമേ  ഉണ്ടാവില്ല.     വളരും തോറും, സാഹചര്യ  സഹവർത്തിത്വം  കൊണ്ട്,  "അസത്" കടന്നുകൂടി  അവന്റെ  ചയ്തന്യത്തെ  കലുഷമാക്കുന്നു.   അങ്ങനെ  അവന്റെ  സൂക്ഷ്മ വേതന ക്ഷേമത   നഷ്ടപ്പെട്ടുകൊണ്ടിരിക്കും.         "നിങ്ങൾ  തിരിഞ്ഞു  ശിശുക്കളെ  പോലെ  ആകുന്നില്ലെങ്കിൽ   സ്വർഗം  കാണില്ല"  എന്ന ക്രിസ്തു വചനം സ്മരണീയമാണ്.                                                                                              

ചില  മാതാപിതാക്കൾ,   അവരുടെ കുട്ടികളുടെ  വ്യക്തിത്വത്തെ     മാനിക്കാതെ  തങ്ങളുടെ  സൗഹൃദ  സംഭാഷണങ്ങളിൽ  മാത്രം ജാഗരൂഗരാകുന്നത്  കാണാം.        അവരുടെ സംഭാഷണ  മദ്ധ്യേ ,  എന്തോ  ചോദിക്കാനോ  അറിയിക്കാനോ  ആകാം,   പല നിമിഷങ്ങൾ  കാത്തുനിന്നിട്ടാവാം,  കുട്ടികൾ   സംഭാഷണ  മദ്ധ്യേ  ചാടിക്കേറുന്നതു.         ചിലപ്പോൾ   തങ്ങളിൽ  ഉള്ള  ശ്രദ്ധ  തിരികെ  ലഭിക്കാൻ  വേണ്ടിയും ആവാം.      എന്നാൽ പെട്ടെന്ന്  ക്രുദ്ധരായി  അവരോട്  "നിശ്ശബ്‌ദരാകാൻ" കല്പിക്കുന്നതും,   വീണ്ടും   അവരെ  ദീർഘ നേരത്തേക്ക്   അവഗണിക്കുന്നതും  അപലനീയമാണ്.           മറ്റുള്ളവരുടെ ഇടയിൽ  ഇത് സ്വീകാര്യമാണോ  എന്ന് കൂടി ചിന്തിക്കണം.   ഏതാനം  നിമിഷങ്ങൾക്ക് ശേഷം  കുട്ടികളോട്  ആവശ്യം എന്താണെന്ന്  അന്വേഷിക്കുകയും   അവരെ തിരുത്തുകയും   ചെയ്യെണ്ടതാണ്.        മറുപടികിട്ടാതെ,  തൊഴിച്ചു  പുറത്താക്കിയതുപോലുള്ള  അവരുടെ  " തിരികെ  നടപ്പു" --വിഷണ്ണരായി--- , ഒന്ന്  ഭാവനയിൽ  കാണൂ,.....    ദയവായി.     
                                                                                                                                                                          ശിക്ഷണത്തിന്റെ  ഭാഗമായി   ദണ്‌ഡനം   തന്നെയാവും  എപ്പോഴും  നടത്തുക.       കാരണം  പറയുന്നത്,  " കുട്ടികൾ  പെരുമാറാൻ  പഠിക്കണം,  അവരുടെ  മനോഭാവം   ശരിയല്ല"  എന്നൊക്കെ  ആവും.        എന്നാൽ  പാവം  കുട്ടികൾ  അപ്രകാരം  പെരുമാറാനുള്ള   കാരണങ്ങൾ   അന്വേഷിക്കേണ്ടതുണ്ട്.          കുട്ടിക്ക്   കിട്ടേണ്ടതായ   ഒരു  അംഗീകാരം   കിട്ടാനുള്ള   സാഹചര്യം   മാതാപിതാക്കൾ  ഒരുക്കി കൊടുത്തില്ല   എന്നതാവാം അവന്റെ  ഉള്ളിന്റെ  ഉള്ളിൽ.     തന്റെ  തന്നെ  ശ്രദ്ധക്കുറവിനെ   അവൻ  പഴിക്കുന്നത്  ഈ രീതിയിൽ ആവാം.        മാതാപിതാക്കൾ  തങ്ങളുടെ  എല്ലാകുട്ടികളെയും  ഒരുപോലെ  സ്നേഹിക്കുകയും   ഒരുപോലെ  ശിക്ഷണം  നടത്തുകയും വേണം.       ശിക്ഷണ  കാരണം   അവരെ പിന്നീട്  പറഞ്ഞു  മനസിലാക്കണം.        ശിക്ഷ  നടത്തിയതിൽ  ഉള്ള  തങ്ങളുടെ  ദുഃഖവും  അറിയിക്കണം.  കൂടുതൽ സ്നേഹ പ്രകടനങ്ങൾ  നടത്തി  സന്തോഷിപ്പിക്കണം       അവന്റെ    മറ്റെന്തെങ്കിലും   ദുഃഖം   ഈ  രീതിയിൽ   ആകാം   പുറത്തേക്കു   പ്രതിഫലിപ്പിക്കുക.        അവന്റെ ചില   ആഗ്രഹങ്ങൾ   നിവർത്തിക്കാൻ   സാധിക്കാത്തതിന്റെ   ഇച്ഛാഭംഗം   കൊണ്ടുമാകാം.     "മനസ്സ്"  എന്ന  വസ്തു  വളരെ  സങ്കീർണമാണ്.      പ്രത്യേകിച്ചും,  വളർച്ചയുടെ  പ്രാരംഭ  പരിണാമ  ദശയിലൂടെ  കടന്നു പോവുന്ന  കൊച്ചു  മനസ്സുകൾ.        അവയ്ക്കു   സ്നേഹവും   കൈത്താങ്ങും  വളരെ  ആവശ്യമാണ്.    

 "സ്നേഹം"  എന്നതിന്റെ  അടിത്തറ തന്നെ  "മനസ്സിലാക്കുക /  അറിയുക"  എന്ന  ക്രീയയിൽ  ആരംഭിക്കുന്നു.     ആദ്യം  സ്വന്തം  കുഞ്ഞുങ്ങളെ   മനസ്സിലാക്കാൻ   ശ്രമിച്ചു   കൊണ്ടിരിക്കണം.         ശിക്ഷണം  ആവശ്യമാണ്.       എന്നാൽ ഒന്ന് മറക്കരുത്,  അവരുടെ പരമ    പ്രധാനമായ   അഭയകേന്ദ്രം  മാതാപിതാക്കളാണ്.    അവർക്കു   അരക്ഷിതാവസ്ഥയുടെയും    അപമാനത്തിന്റെയും   തോന്നലുകൾ  ഉണ്ടാക്കരുത്.       അതുപോലെ   അവരെ  അവിശ്വസിക്കുന്നു  എന്ന  വിശ്വാസം  അവർക്കുണ്ടാകരുതു.        എന്തെങ്കിലും   സംശയങ്ങൾ   അന്വേഷിച്ചു   ദൂരീകരിച്ച   ശേഷമേ    തീവ്രമായ   ചോദ്യം  ചെയ്യൽ  ആകാവൂ.       നിഷേധാത്മകമല്ലാത്ത  ഒരു സമീപനം  ആണ്   ആവശ്യം.      കുട്ടികൾ   മാതാപിതാക്കളുടെ  ദൗർബല്യങ്ങൾ  മനസ്സിലാക്കി  അതിനെ  മുതലെടുക്കാൻ ശ്രമിക്കും.        “ഒന്ന്  കരഞ്ഞാൽ”   അവരുടെ  തീരുമാനത്തെ  മാറ്റി മറിക്കാം  എന്നുണ്ടെങ്കിൽ,   തങ്ങളുടെ  ഇഷ്ട പ്രാപ്തിക്കായി   അത്  പ്രേയോഗിച്ചു കൊണ്ടിരിക്കും.       അതിനാൽ  ശിക്ഷയും  ശിക്ഷണവും   ഒഴിവാക്കേണമെന്നു   പറയില്ല.        അവരുടെ  കൊച്ചു  മനസ്സുകളെയും  വികാരങ്ങളെയും   കൂടി   കണക്കിലെടുത്തു   വേണം  എന്ന്  മാത്രം.               

 മാതാപിതാക്കൾ       ഒരു സ്വയം  വിലയിരുത്തൽ  നടത്തുന്നത്  നന്നായിരിക്കും.    തങ്ങൾ  കുട്ടികളുടെ  നേരെ   രോഷാകുലരായ അവസരങ്ങൾ,   അവരെ ശിക്ഷിച്ച  അവസരങ്ങൾ   ഒന്ന് ഓർത്തു  നോക്ക്.      നിങ്ങൾ തമ്മിൽതമ്മിലൊ,  മറ്റുള്ളവരോടോ,  ജോലിയിലെ ബുദ്ധിമുട്ട് ഉണ്ടാക്കിയതോ  ആയ  പ്രശ്നങ്ങൾ  ആണോ  ഇങ്ങനെ ഒരു അവസരമൊരുക്കിയത്?      ജീവിതം എപ്പോഴും സുഗമം  ആയിരിക്കില്ല.    പ്രശ്നങ്ങൾ  ജീവിതത്തെ  വിരസമല്ലാതാക്കി  തീർക്കുന്നു.    അവയെ,  ഒരു പുഞ്ചിരിയോടെ,   ഒരു വെല്ലുവിളി  ആയി സ്വീകരിച്ചു  വിജയം  നേടുക.       പ്രശ്നങ്ങൾ  നൽകുന്ന   ക്ഷോഭവും  പിരിമുറുക്കവും   ഇറക്കി വെച്ച്  ആശ്വസിക്കാനുള്ള    'ചുമടുതാങ്ങി കളായി '    കുട്ടികളെ  ഉപയോഗിക്കരുത്.          "അങ്ങാടിയിൽ   തോറ്റതിന്   അമ്മയോട്"   എന്നൊരു   പഴഞ്ചൊല്ലുണ്ടല്ലോ.    അത്   ക്രൂരമാണ്. 

 ചില മാതാപിതാക്കൾ   എന്തു കൊണ്ടാണ്   കുട്ടികളോട്  വളെരെ  കർക്കശമായി  പെരുമാറുന്നത്  എന്നത്   അന്വേഷിക്കുന്നത്   യുക്തമായിരിക്കും.       അവരുടെ  മാതാപിതാക്കൾ   അന്യോന്യം  സ്വര ചേർച്ച  ഇല്ലാത്തവരും      അധിക്ഷേപിക്കുന്ന   സ്വഭാവമുള്ളവരും  ആയിരുന്നിരിക്കാം.       നിന്ദ യും  അവഗണയും  ഉള്ള  ക്രമ രഹിതമായ   ഒരു കുടുംബത്തിൽ നിന്ന്  നിർദ്ദയമായ  ശിക്ഷണങ്ങളെ   പ്രതീക്ഷിക്കാനാവു.     അതിനാൽ   മാറ്റങ്ങൾ  ആവശ്യമാണ്.  
തലമുറകളായി   ഇങ്ങനെ   തുടർന്ന്  പോവരുത്.       ലഭിക്കുന്ന  അറിവുകൾക്ക്  അനുസരിച്ചു   വളരേണ്ടിയിരിക്കുന്നു.    നമ്മെ  മാതൃക ആക്കിയാണ്  നമ്മുടെ  കുട്ടികൾ  വളരുന്നത്.      നമ്മുടെ  വാക്കുകൾ  സത്യസന്ധമായിരിക്കണം,   സ്ഥിരത ഉള്ളതായിരിക്കണം.    കുടുംബത്തിൽ ഒരാൾ  മറ്റേ  ആളെക്കാൾ  ശ്രേഷ്ഠത  സ്ഥാപിക്കാൻ ശ്രമിക്കരുത്.        ആധിപത്യ  മനോഭാവം വെടിഞ്ഞു   മാതാപിതാക്കൾ  രണ്ടുപേരും  ഒരേ  നയത്തിൽ  ഉറച്ചു നിൽക്കണം.    അനുശാസനങ്ങളിൽ  വ്യതിയാനങ്ങൾ   വരുത്തുന്നത്  മാതാവും  പിതാവും  കൂടി  ഒന്നിച്ചാലോചിച്ച   ശേഷമാണെന്ന്‌  കുട്ടികളെ    മനസിലാക്കണം.        

 ആഗ്രഹങ്ങളും  സ്വപ്നങ്ങളും  സാക്ഷാത്കരിക്കാനുള്ള   തത്രപ്പാടിലായിരിക്കും  പല  മാതാപിതാക്കളും.         ചിലരുടെ  ജീവിതത്തിൽ  സ്വാർത്ഥതയും  മത്സരബുദ്ധിയും   പതുക്കെ  കയറിപ്പറ്റിയിട്ടുമുണ്ടാവാം.        ഇവയുടെ   അപകടത്തെ   ആളിക്കത്തിക്കാനും  മൂർദ്ധന്യാവസ്ഥയിൽ  എത്തിക്കാനും   അക്ഷമ (impatience ) യും  അഹങ്കാരവും   വലിയ  പങ്കു   വഹിക്കും.          'ക്ഷമ  ഇല്ലായ്ക'   എല്ലാ  ബന്ധങ്ങളെയും   ദോഷകരമായി   ബാധിക്കുമെന്നതിനു   സംശയം  വേണ്ട.        അതിനാൽ,    കുട്ടികളടക്കം   കുടുംബം  മുഴുവനായി   10 മിനിറ്റ്  എങ്കിലും   മൗനമായി --absolute  silence -- നിശ്ചലരായി   ഇരിക്കാൻ   പരിചയിക്കുന്നത് നന്നായിരിക്കും.       ഈ സമയം മാതാപിതാക്കൾ  തങ്ങളുടെ  ഉള്ളിലേക്ക്  തന്നെ  ഒന്ന്  നോക്കി കാണാൻ ശ്രമിക്കാം.    പിന്നീട്   മനസ്സിൽ  നിന്നും  എല്ലാ  ചിന്തകളെയും  ഒഴിവാക്കി  സ്വന്തം   ശ്വസനം  മാത്രം  ശ്രദ്ധിക്കുക.       മനസ്സിനെ  ക്ഷമയിലേക്കും  സമാധാനത്തിലേക്കും   കൊണ്ടുവരുവാൻ   സഹായിക്കുന്ന  ഒരു  വ്യായാമം  ആയി  ഇതിനെ  കണക്കാക്കുന്നു.                                      

 ഡോക്ടർ  സി .തോമസ് എബ്രഹാം   എഴുതിയ  "ദി  ബട്ടർഫ്‌ളൈ  എഫ്ഫക്റ്റ്"   എന്ന  പുസ്‌തകം  വായിക്കുന്നത് മാതാപിതാക്കൾക്കും  കുട്ടികൾക്കും  ഉപകാരപ്രദം  ആയിരിക്കും.    എന്നും   വിവാദാസ്‌പദമായ ഒരു വിഷയമാണല്ലോ  "പരിണാമം".          കാലാകാലങ്ങളിൽ ,   സാഹചര്യങ്ങൾക്കും   നിലനില്പിനും  അനുസരണമായി   ഇത്  സംഭവിക്കുന്നു.        ഇതിനെ   പ്രകൃതിയുടെ  ലീലാവിലാസമായോ ,    ഈശ്വരൻ   കല്പിച്ചാക്കിയിരിക്കുന്ന  വിസ്മയകരമായ  ജീവിതാവർത്തനങ്ങളും  രൂപാന്തരങ്ങളും   ആയോ  കാണാവുന്നതാണ്.          ശൈശവ  കൗമാര  ദശകളിൽ  ഒരു  കുട്ടിക്ക് വരുന്ന  രൂപാന്തരങ്ങളെ , അദ്ദേഹം  ലളിതമായുംഅര്ത്ഥ പൂര്ണ്ണരമായും  വരച്ചുകാണിക്കുന്നു.       മുട്ടയിൽ നിന്നും   പുഴുവിലേക്കും  പിന്നീട്,  ഉയരത്തിലേക്ക്  മനോഹരമായി  പറന്നുയരുകയും,  ഭൂമി നിറയെ  പുഷ്‌പങ്ങളെ കൊണ്ട്  അലങ്കരിക്കുകയും  സന്തോഷത്തിന്റെയും  സൗന്ദര്യത്തിന്റെയും  പ്രതിരൂപങ്ങളായി തീരുകയും  ചെയുന്ന  ചിത്ര ശലഭങ്ങളോട്   താദാത്മ്യം  കാണിച്ചു തരുന്നു.        കൊക്കൂണിൽ   പ്രവേശിക്കുന്ന  പുഴു ,   അതിനുള്ളിൽ  നിശ്ശബ്ദനായി   അനുഭവിക്കുന്ന  ഉടച്ചു  വാർക്കലുകളും   ആന്തരീക സംഘട്ടനങ്ങളും  തന്നെയാണ്  നമ്മുടെ കുട്ടികളും  മറ്റൊരു രീതിയിൽ  അനുഭവിക്കുന്നത്.        അതിനെ എല്ലാം  അതിജീവിച്ചു   ചിത്രശലഭങ്ങളായി    മാറാൻ,   മാതാപിതാക്കളും സമൂഹവും  അവരോടൊപ്പം  നിന്നുകൊണ്ട്,  "ഇമാജിനൽ  കോശങ്ങളെ" പോലെ ,  അവരുടെ  പരിണാമത്തിൽ  സഹായിക്കേണ്ടതുണ്ട്.    മനോഹരമായ  ഈ  പുസ്തകത്തിനും  പ്രചോദനകരമായ അറിവുകൾ പകർന്നു  നൽകിയ  രചയിതാവിനും  ഫോറം  ഫോർ  ക്രീയേറ്റീവ് ഇന്റെർവെൻഷന്റെ   പ്രവർത്തനങ്ങൾക്കും  ഭാവുകങ്ങൾ നേരുന്നു.        
                  
നമ്മുടെ   കുട്ടികളുടെ  മനസ്സുകളും  ചിത്ര ശലഭങ്ങളെ  പ്പോലെ  പറന്നു  സന്തോഷിക്കാൻ,  സൗഹൃദത്തിന്റെയും  സഹകരണത്തിന്റെയും   പരസ്പര  ബഹുമാനത്തിന്റെയും   ഒരു  സമൂഹ  നിർമ്മിതിക്ക്  കാരണമാവാൻ നമുക്ക്   അവരെ   സഹായിക്കാം.         മതത്തിന്റെയും  ജാതിയുടേയും   വേലികെട്ടുകൾക്കുള്ളിൽ    അവരെ അടച്ചിടാതിരിക്കുക.        ഹിന്ദുവോ  ക്രിസ്ത്യാനിയോ  മുസൽമാനോ  ആയി   വളർന്നുവരാതെ , മനുക്ഷ്യരായി    അവർ   വളർന്നു വരട്ടെ...




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക