Image

കേരളത്തിലെ കോണ്‍ഗ്രസ് കൊറോണക്കൊപ്പം നെഗറ്റിവിറ്റിയും ഉത്പാദിപ്പിക്കിന്നു (ജോസ് കാടാപുറം)

Published on 30 June, 2020
കേരളത്തിലെ കോണ്‍ഗ്രസ് കൊറോണക്കൊപ്പം നെഗറ്റിവിറ്റിയും ഉത്പാദിപ്പിക്കിന്നു (ജോസ് കാടാപുറം)

ഈ ലോകം പോസിറ്റീവായി ചിന്തിക്കുന്നവർക്കുള്ളതാണ് എന്നാൽ കേരളത്തിലെ കോൺഗ്രസ് കോറോണകാലത്തെങ്കിലും എത്ര മാത്രം നെഗറ്റിവിറ്റിഉല്പാദിപ്പിക്കുന്നവരെന്നു അറിയാൻ എസ് എസ് എൽ സി  പരീക്ഷയുടെ കാര്യം മാത്രം എടുത്താൽ മതി ..എസ്എസ്എൽസി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും അനുമോദനങ്ങൾ.മഹാമാരിക്കിടെ കേരളത്തിന്‌ പത്തരമാറ്റ്‌ വിജയം. പ്രതിസന്ധിയിലും തലയുയർത്തി നിൽക്കുന്ന കേരള മോഡലിന് മറ്റൊരു പൊൻതൂവൽ. അതിജീവന കാലത്തെ എസ്‌എസ്എൽസി പരീക്ഷയിൽ 98.82 ശതമാനത്തിന്റെ റെക്കോഡ്‌ വിജയം. മുൻവർഷത്തെ 98.11 ൽനിന്ന്‌ 0.71  ശതമാനം  കൂടുതൽ. റഗുലർ വിഭാഗത്തിൽ 4,22,902 വിദ്യാർഥികളിൽ 4,17,101 പേർ ഉപരിപഠന യോഗ്യത നേടി. ലോക്‌ഡൗണിനെ തുടർന്ന്‌ മാറ്റിവച്ച ഫിസിക്‌സ്‌ (99.82 ശതമാനം), കെമിസ്‌ട്രി (99.92 ശതമാനം), കണക്ക്‌ (99.50) പരീക്ഷകളിലും വൻ വിജയം. 41,906പേർ എല്ലാ വിഷയത്തിനും എ  പ്ലസ്‌ നേടി.


 ഈ കടമ്പ ഇക്കുറി കടക്കാൻ കഴിയാത്തവരും വിഷമിക്കേണ്ടതില്ല. അധ്യയന വർഷം നഷ്ടപ്പെടാതെ തന്നെ സേ പരീക്ഷ എഴുതാൻ നിങ്ങൾക്കും അവസരമുണ്ട്. പിന്നിലായിപ്പോയ വിഷയങ്ങൾ ഒന്നു കൂടി നന്നായി പഠിക്കുക.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇക്കുറി സർക്കാരിനുമുന്നിൽ വലിയ വെല്ലുവിളിയാണുയർത്തിയത്. പരീക്ഷകൾ പൂർത്തിയാകും മുമ്പായിരുന്നു കോവിഡിനെ നേരിടാനായി ലോക്‌ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്. ഏതാനും പരീക്ഷകൾ ബാക്കിയായി. പരീക്ഷകൾ പൂർത്തിയാകാത്തതുമൂലം വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷം  ഒരു വശത്തും എല്ലാ സുരക്ഷയും ഒരുക്കി പരീക്ഷ എങ്ങനെ നടത്തും എന്ന ആശങ്ക മറുവശത്തും. സ്വാഭാവികമായും സർക്കാരിന് ഏറെ ചിന്തിക്കേണ്ടിവന്നു. ആവശ്യമായ കൂടിയാലോചനകൾക്കുശേഷം ആ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ തയ്യാറായി. വിദ്യാർഥികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തീരുമാനിച്ചു.

ഈ തീരുമാനം വിദ്യാർഥികൾക്കും  രക്ഷിതാക്കൾക്കും ആശ്വാസമായി. അടുത്ത അധ്യയനവർഷം അനിശ്ചിതമായി നീണ്ടുപോകാതിരിക്കാനും മഴക്കാല കെടുതികൾ മുൻകൂട്ടിക്കണ്ടും കൂടിയായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ, അപ്രതീക്ഷിതമായാണ് പ്രതിപക്ഷം ഈ തീരുമാനത്തിനെതിരെ ചാടിവീണത്. കേരളത്തിന്റെ പൊതുവികാരത്തിനുനേരെ എതിർവശത്ത്‌ വന്നുനിന്ന് അവരുടെ നേതാക്കൾ ഓരോരുത്തരായി ആക്രോശം തുടങ്ങി. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന്‌ കെപിസിസി പ്രസിഡന്റ്, പരീക്ഷ മാറ്റിയേതീരൂ എന്ന് പ്രതിപക്ഷനേതാവ്. അവരെ കടത്തി വെട്ടാനാകാം കോൺഗ്രസിന്റെ ലോക്‌സഭാംഗം കൂടിയായ ഒരു നേതാവ്  മുഖ്യമന്ത്രിക്ക്‌ വട്ടാണെന്ന് ചാനൽ ക്യാമറയ്‌ക്കു മുന്നിൽ നിന്നലറി. വിദ്യാർഥികളെ കൊലയ്‌ക്കു കൊടുക്കാനാണ് ശ്രമം എന്ന, ആരും ഈ ഘട്ടത്തിൽ പറയാൻ മടിക്കുന്ന പ്രയോഗവും നടത്തി. രക്ഷിതാക്കളിലും വിദ്യാർഥികളിലും പരമാവധി  ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ച് പരീക്ഷ അലങ്കോലമാക്കുകയായിരുന്നു ലക്ഷ്യം.ഈ നീക്കങ്ങൾക്കൊന്നും സർക്കാരിന്റെ നിശ്ചയദാർഢ്യം തകർക്കാനായില്ല. പ്രഖ്യാപിച്ച ടൈംടേബിൾ അനുസരിച്ച് മുഴുവൻ കേന്ദ്രങ്ങളിലും പരീക്ഷ നടത്തി. ആരോഗ്യവകുപ്പിന്റെ എല്ലാനിർദേശവും കർശനമായി പാലിച്ചായിരുന്നു പരീക്ഷ. പൊതുവിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണ, പൊലീസ്, ഗതാഗത വകുപ്പുകൾ ഇമചിമ്മാതെ ഒപ്പം നിന്നു. നാട്ടുകാരും സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളും സഹകരിച്ചു. എല്ലാ സ്കൂളിലും ഹെൽപ്‌ ഡെസ്‌കുകൾ കുട്ടികൾക്ക് തുണയായി. സാനിറ്റൈസർ, മാസ്‌ക്‌, ശാരീരിക അകലം തുടങ്ങി ഒരു കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടായില്ല. കുട്ടികൾ കൂട്ടംകൂടാതിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തി. കുട്ടികൾക്ക് കെഎസ്ആർടിസി വാഹനസൗകര്യവും ഒരുക്കി.

കാര്യമായ പരാതികൾക്കിട നൽകാതെ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. എങ്കിലും പരീക്ഷാകേന്ദ്രത്തിൽനിന്ന് ഒരു വിദ്യാർഥിക്കുപോലും വൈറസ് ബാധ വന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തംകൂടി സർക്കാരിനുണ്ടായിരുന്നു. ഏതായാലും 15 ദിവസം കഴിഞ്ഞപ്പോൾ അക്കാര്യവും ഉറപ്പായി. പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്കുപോലും രോഗലക്ഷണമില്ല. ഇത്തരത്തിൽ അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടത്‌.

  ഈ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും കേരളത്തെ സമ്പത്തിച്ചു വലിയ നേട്ടമാണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം അക്ഷരംപ്രതി പാലിച്ച്, സാമൂഹ്യവ്യാപനത്തിന് ഒരു പഴുതും നൽകാതെ പതിമൂന്നു ലക്ഷം കുട്ടികൾ നാലു ദിവസങ്ങളിലായി സ്കൂളിലെത്തി പരീക്ഷയെഴുതി മടങ്ങി. നൽകിയ നിർദ്ദേശങ്ങളെല്ലാം ആ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പാലിച്ചു. പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ നിർദ്ദേശങ്ങളും എല്ലാവരും പാലിച്ചു.

കുട്ടികൾക്ക് സാനിട്ടൈസർ എത്തിച്ചും ആവശ്യമായ മാസ്കുകൾ വിതരണം ചെയ്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിൽ നിന്നു നയിച്ചു. പരീക്ഷാനടത്തിപ്പിന് അധ്യാപകർ എല്ലാ കരുതലുമെടുത്തു. മറ്റു സജ്ജീകരണങ്ങൾ പൂർത്തിയാക്കേണ്ട ചുമതല പിടിഎ എസ്എംസി സംവിധാനങ്ങൾക്കായിരുന്നു. രക്ഷിതാക്കളും പൊതുപ്രവർത്തകരും കൈകോർത്തുപിടിച്ചപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ ആശങ്കയൊട്ടുമില്ലാതെ പരീക്ഷയെഴുതി സുരക്ഷിതരായി വീടുകളിലേയ്ക്ക് മടങ്ങി.

ഒരുവശത്ത് ഇത്രയും വിപുലമായ സംവിധാനങ്ങൾ സർക്കാർ രൂപപ്പെടുത്തിയപ്പോൾ പ്രതിപക്ഷം എന്താണ് ചെയ്തുകൊണ്ടിരുന്നത്? കുട്ടികളെ ഭയപ്പെടുത്താനും രക്ഷിതാക്കളിൽ ആശങ്ക നിറയ്ക്കാനും യുഡിഎഫ് നേതാക്കൾ പരസ്പരം മത്സരിക്കുകയായിരുന്നു. എന്തൊക്കെയാണ് അവർ പറഞ്ഞത്? സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്ന വീഡിയോ ക്ലിപ്പുകൾ ഒരാവർത്തികൂടി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമൊക്കെ കണ്ടു നോക്കുന്നത് നല്ലതാണ്.

പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന ആക്രോശം, മാറ്റിവെയ്ക്കണമെന്ന കൽപന, സമരം, കോലം കത്തിക്കൽ തുടങ്ങി എന്തെല്ലാമായിരുന്നു കലാപരിപാടികൾ? എല്ലാ സജ്ജീകരണങ്ങളുമൊരുക്കി പരീക്ഷ നടത്താൻ തീരുമാനിച്ചത് “വട്ടാണ്” എന്നാണ് ഒരു നേതാവ് കാമറയ്ക്കു മുന്നിൽ അലറിയത്. ഇദ്ദേഹത്തിന്റെ നിഘണ്ടുവിൽ “വട്ടല്ലാത്ത അവസ്ഥയുടെ”യുടെ നിർവചനമെന്തായിരിക്കും എന്ന് ആലോചിച്ച് അമ്പരക്കുകയല്ലാതെ മാർഗമൊന്നുമില്ല.

ഏതൊക്കെയോ വിദഗ്ധർ നിരന്തരമായി തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കൾ പലപ്പോഴായി അവകാശപ്പെടുന്നത്. അതേത് വിദഗ്ധരെന്ന് ഗൌരവമായി പരിശോധിക്കണം. ജനഹിതവും ജനതാൽപര്യവും ഈ വിദഗ്ധ ശിരോമണിമാരുടെ നേരെ എതിർപക്ഷത്തായിരിക്കുമെന്ന് കേരളം ഉദാഹരണസഹിതം വീക്ഷിക്കുകയാണ്. മുഖ്യമന്ത്രി തങ്ങളെ വേണ്ടരീതിയിൽ ഗൌനിച്ചില്ല എന്നായിരുന്നല്ലോ അന്നത്തെ പരാതി. എന്തുകൊണ്ടാണ് എന്ന് ശാന്തമായി ചിന്തിക്കുക.ഒന്നുണ്ട് പ്രതിപക്ഷത്തിന്റെ പടക്കങ്ങൾ എല്ലാം നനഞ്ഞ പടക്കങ്ങൾ എന്ന് തെളിയിക്കുന്നതാണ് നെഗറ്റിവിറ്റി ഉത്പാദനം സകല വൈറസിനോടും പൊരുതി നേടിയ വിജയമാണ് ഇക്കുറി ...പതിമൂന്ന് ലക്ഷം കുട്ടികൾ കോവിഡിനെ അതിജീവിച്ചു ജയിച്ചു കയറിയപ്പോൾ അതിന്റെ പൂർണമായ ക്രെഡിറ്റ് ഈ സർക്കാരിനാണ്.

പ്രിയപ്പെട്ട  രവീന്ദ്ര നാഥ് മാഷേ. നിങ്ങളെയും നിങ്ങളുൾപ്പെടുന്ന ഈ സർക്കാരിനെയും കാലം സുവർണ ലിപികളാൽ രേഖപ്പെടുത്തും. 

കേരളത്തിലെ കോണ്‍ഗ്രസ് കൊറോണക്കൊപ്പം നെഗറ്റിവിറ്റിയും ഉത്പാദിപ്പിക്കിന്നു (ജോസ് കാടാപുറം)കേരളത്തിലെ കോണ്‍ഗ്രസ് കൊറോണക്കൊപ്പം നെഗറ്റിവിറ്റിയും ഉത്പാദിപ്പിക്കിന്നു (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക