Image

പ്രവാസിയുടെ മക്കളോടും പക ഒടുങ്ങാതെ പഞ്ചായത്ത് ഭരണസമിതി

Published on 01 July, 2020
പ്രവാസിയുടെ മക്കളോടും പക ഒടുങ്ങാതെ പഞ്ചായത്ത് ഭരണസമിതി


കൊല്ലം: പ്രവര്‍ത്തനമാരംഭിക്കും മുന്‍പേ വര്‍ക്ക്‌ഷോപ്പില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തോടും പക ഒടുങ്ങാതെ പഞ്ചായത്ത് ഭരണസമിതി. വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്ന വാടക സ്ഥലത്തിന്റെ ലൈസന്‍സ് കുടിശികയായ 20,000 രൂപ ഉടന്‍ അടച്ച് വര്‍ക്ക്‌ഷോപ്പ് പൊളിച്ചുനീക്കാനാണ് സി.പി.ഐ നേതൃത്വത്തിലുള്ള കൊല്ലം വിളക്കുടി പഞ്ചായത്ത് ഭരണസമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പ്രവാസി സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ വിഷയത്തില്‍ ഇടപെട്ട് നിയമസഭയില്‍ സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വാസിച്ച് കൂടുതല്‍ പണം മുടക്കി വര്‍ക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചത്.

വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്ന കാരണമാണ് പഞ്ചായത്ത് ഭണസമിതിയുടെ വാദം. രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വര്‍ക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കല്‍ നടപടി തുടരുന്നത്. ലൈസന്‍സ് പുതുക്കി വാങ്ങാന്‍ ശ്രമിക്കുന്നില്ലെന്നും സുഗതന്റെ പേരിലുള്ള വര്‍ക്ക്‌ഷോപ്പ് പൊളിച്ചുനീക്കുകയാണെന്നും സുഗതന്റെ മകന്‍ സുജിത് പ്രതികരിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് ദ്രോഹിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. 

2018 ഫെബ്രുവരിയിലാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ച്. പ്രവാസിയായിരുന്ന സുഗതന്‍ പത്തനാപുരത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഈ സ്ഥലം വയല്‍ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്. 

40 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യവുമായാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങി ജീവിതം നാട്ടിലേക്ക് പറിച്ചുനടാന്‍ ശ്രമിച്ചത്. നാലു ലക്ഷത്തോളം രൂപ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണത്തിന് ചെലവാക്കിയിരുന്നു. ഇതിനിടെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയതോടെ ഇളമ്പലില്‍ പണിതീരാത്ത വര്‍ക്ക്‌ഷോപ്പില്‍ സുഗതന്‍ ജീവനൊടുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക