Image

നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ ആദ്യചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു

ബെൻസി മോഹൻ ജി Published on 01 July, 2020
നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ ആദ്യചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു
ദമ്മാം: ചില കോണുകളിൽ നിന്നും ഉയർന്ന ആരോപണങ്ങൾ തെറ്റെന്നു തെളിയിച്ചു കൊണ്ട്, ദമ്മാം നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ ആദ്യചാർട്ടേർഡ് വിമാനം സൗദി അറേബ്യയിൽ നിന്നും കേരളത്തിലേയ്ക്ക് പറന്നുയർന്നു.

ദമ്മാമിൽ നിന്നും കൊച്ചിയിലേക്കാണ് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ചാർട്ട് ചെയ്ത  ഗോ എയറിന്റെ ആദ്യവിമാനം, ദമ്മാം കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വൈകുന്നേരം അഞ്ചു മുപ്പതിന് പുറപ്പെട്ടത്. 

174 യാത്രക്കാരാണ് നാട്ടിലേയ്ക്ക് പോയത്. 1520 റിയാൽ എന്ന, സൗദിയിൽ നിന്നും ഇന്ന് വരെ പോയ ചാർട്ടേർഡ് വിമാനങ്ങളിൽ ഏറ്റവും ചെറിയ ടിക്കറ്റ് നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിനായുള്ള പി പി ഇ കിറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകിയിരുന്നു.

രണ്ടു മാസങ്ങൾക്ക് മുൻപ്, കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി,  കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരമാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ്പ് ഡെസ്ക്ക്  പ്രവർത്തനം ആരംഭിച്ചത്. 

കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാ പ്രവാസി സംഘടനകളെയും ഹെൽപ്പ്ഡെസ്ക്കിന്റെ ഭാഗമാക്കി സഹകരിച്ചു മാതൃകാപരമായാണ് ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിച്ചു പോന്നത്.

ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്‌തത്‌. 

 രോഗികൾക്ക് മരുന്നുകൾ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടർമാരുമായി സംസാരിയ്ക്കാൻ അവസരം ഒരുക്കിയും, മാനസികസമ്മർദ്ദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും, നിയമപ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും, നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾക്ക് മാസ്ക്കും, ഗ്ലൗസുകളും വിതരണം ചെയ്തും, നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് തണലായി മാറി. ഒടുവിൽ ഇളവ് ചെയ്ത നിയമങ്ങളുടെ ആനുകൂല്യം മുതലാക്കി, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ചാർട്ടേർഡ് വിമാനങ്ങളും പറന്നു തുടങ്ങിയിരിയ്ക്കുന്നു.

കൊച്ചിയിലേക്കും, കണ്ണൂരിലേയ്ക്കും രണ്ടു വിമാനങ്ങൾ വീതമാണ് ആദ്യത്തെ ആഴ്ച നോർക്ക ഹെൽപ്പ്ഡെസ്ക്ക്  ചാർട്ട് ചെയ്തിരിയ്ക്കുന്നത്. ഇന്നത്തേത് കൂടാതെ  കൊച്ചിയിലേയ്ക്ക് ഒരു വിമാനവും,  കണ്ണൂരിലേക്ക് രണ്ടു വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ പറക്കും.  

വിമർശങ്ങളെ അതിന്റെ ഉദ്ദേശശുദ്ധിയോടെ ഉൾക്കൊള്ളുന്നു എന്നും, എന്നാൽ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളെ തള്ളിക്കളയുന്നതായും നോർക്ക കൺവീനറും ലോകകേരള സഭാംഗവുമായ  ആൽബിൻ ജോസഫ് പറഞ്ഞു. 

വലിയ ഒച്ചപ്പാട് ഉണ്ടാക്കാതെ, തികച്ചും രാഷ്ട്രീയാതീതമായി, ചിട്ടയായി പ്രവാസികളെ സഹായിയ്ക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണ്  ഇന്ന് വരെ  നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിച്ചത്. ആ പ്രവർത്തനം ഇനിയും തുടരുമെന്നും നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭാരവാഹികൾ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക