Image

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ രജനികാന്ത്

Published on 01 July, 2020
തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ രജനികാന്ത്

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ രജനികാന്ത്. പ്രതികളായ പൊലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകന്‍ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.


''പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതില്‍ മനുഷ്യരാശി മുഴുവന്‍ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്''- രജനികാന്ത് കുറിച്ചു.


തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു ജൂണ് 19നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. 


ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.


ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്ബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. 


ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവര്‍ത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിനിടെ, തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വനിതാ ‌കോണ്‍സ്റ്റബിള്‍ മൊഴി നല്‍കി. ജയരാജനെയും ബെനി‌ക്സിനെയും പൊ‌ലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണ് സാത്താന്‍കുളം സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി. 


ലാത്തിയിലും മേശയിലും ചോരക്കറ ‌പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്.


പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈ‌ക്കോടതി മധുരബെഞ്ച് പറഞ്ഞു.


കസ്റ്റഡിമരണത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച്‌ ബെനിക്‌സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നില്‍ സംഘര്‍ഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.


ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്ബതു മണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സൂചനയും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക