Image

മറക്കാനയെ മറക്കാന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 02 July, 2020
 മറക്കാനയെ മറക്കാന്‍ (ലേഖനം: സാം നിലമ്പള്ളില്‍)
രണ്ട് ലോകരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനേക്കാള്‍ രണ്ട് രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധമായിരുന്നു അതെന്ന് പറയുകയാണ് ഭേദം. ലോകഫുട്ട്‌ബോളിലെ (സോക്കറെന്ന് അമേരിക്കക്കാര്‍) അതികായന്മാരായ ജര്‍മനിയും ബ്രസീലും തമ്മിലുള്ള പോരാട്ടം; 2014 ലോകകപ്പ് ഫുട്ട്‌ബോള്‍ സെമിഫൈനല്‍ മത്സരം. ഫൈനല്‍ കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ടീമുകളായിരുന്നു ജര്‍മനിയും ബ്രസീലും, നിരവധിതവണ ചാമ്പ്യന്മാരായിട്ടുള്ളവര്‍. ലോകം കണ്ടിട്ടുള്ള പ്രഗത്ഭരായ കളിക്കാരെ സമ്മാനിച്ചിട്ടുള്ള രാജ്യങ്ങള്‍. പെലെ , റൊണാള്‍ഡോ റൊണാള്‍ഡീഞ്ഞോ തുടങ്ങിയ ഫുട്ട്‌ബോള്‍ മാന്ത്രികന്മാരെ കാഴ്ചവെച്ചിട്ടുള്ള ബ്രസീല്‍. ബെക്കന്‍ബോവര്‍ മുതല്‍ ഗോളടിവീരനായ  തോമസ് മുള്ളറെവരെ സൃഷ്ട്ടിച്ച ജര്‍മനി. ലോകം ഉറ്റുനോക്കുകയായിരുന്നു ഈ സെമിഫൈനല്‍ മത്സരം. അങ്ങ് കേരളത്തില്‍ ഫുട്ട്‌ബോള്‍പ്രേമികള്‍ ഉറക്കമൊഴിഞ്ഞ് ടീവിയുടെമുന്നില്‍ എപ്പോഴേ സ്ഥലംപിടിച്ചുകഴിഞ്ഞിരുന്നു, മലപ്പുറത്തെ അബ്ദുള്‍ റസാക്കും കൂട്ടുകാരന്‍ കരീമും ഉള്‍പ്പെടെ.

മറക്കാന സ്റ്റേഡിയം മഞ്ഞച്ചായംകൊണ്ട് പെയിന്റടിച്ചതുപോലെ തിളങ്ങി. തങ്ങളുടെ ടീമിനുവേണ്ടി ആര്‍ത്തുവിളിക്കുന്ന ബ്രസീലുകാര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. മത്സരംതുടങ്ങിയതുതന്നെ ബ്രസീലിന്റെ മുന്നേറ്റത്തോടുകൂടിയായിരുന്നു. ഒന്നാംമിനിറ്റില്‍തന്നെ അവര്‍ക്കൊരു കോര്‍ണര്‍കിക്ക് കിട്ടി,പക്ഷേ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. മൂന്നാംമിനിറ്റില്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ മാര്‍സെല്ലോ ജര്‍മന്‍ ഗോളിലേക്ക് അടിച്ചപന്ത് ഗോളിപിടിച്ചെടുത്തു. ബ്രസീല്‍ തുടരെത്തുടരെ ജര്‍മന്‍ ഹാഫിലേക്ക് കയറിക്കൊണ്ടിരുന്നു.

അടുത്ത അഞ്ചുമിനിറ്റിലെ കളികണ്ടിടത്തോളം ബ്രസീലിന്റെ വിജയം അനായാസമാണെന്ന് ഞാനൂള്‍പ്പെടെ എല്ലാ കാണികളും മലപ്പുറത്ത് ടീവിയുടെ മുന്‍പില്‍ ഉറക്കമൊഴിഞ്ഞിരിക്കുന്ന അബ്ദുള്‍ റസാക്കും ഉറപ്പിച്ചു.അലറിവിളിക്കുന്ന ഗാലറിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടികൊണ്ട് ബ്രസീല്‍കളിക്കാര്‍ ജര്‍മന്‍ ഹാഫിലേക്ക് തുടരെത്തുടരെ നിറയൊഴിച്ചുകൊണ്ടിരുന്നു. ജര്‍മന്‍കളിക്കാര്‍ പന്തിനായി പരക്കംപായുന്നതല്ലാതെ ഒന്ന് തൊടാന്‍പോലും സാധിക്കുന്നില്ല. കളിനടക്കുന്നത് ജര്‍മന്‍ ഹാഫിലാണ്. ഏഴാംമിനിറ്റിലാണ് പന്ത് ജര്‍മന്‍കാരുടെ കാലിലെത്തുന്നത്. സ്‌ട്രൈക്കര്‍ മുള്ളറുടെ ബലഹീനമായ കിക്ക് ഗോളി ജൂലിയസ് സീസര്‍ നിഷ്പ്രയാസം പിടിച്ചെടുക്കയും ചെയ്തു. അതിനിടയില്‍ മുള്ളര്‍ക്ക് ഒരു മഞ്ഞക്കാര്‍ഡും കിട്ടി.

പത്താംമിനിറ്റ്. ജര്‍മനിക്ക് ഒരു കോര്‍ണര്‍കിക്ക് കിട്ടുന്നു. കേര്‍ണറല്ലേ അത് ഗോളാകാനൊന്നും പോകുന്നില്ലെന്ന് അബ്ദുള്‍ റസാക്ക് പറയുകയും ചെയ്തു. നമ്മളെത്ത കോര്‍ണര്‍ കണ്ടിരിക്കുന്നു. ഒന്നെങ്കിലും ഗോളായിട്ടുണ്ടോ.പക്ഷേ, ഗോള്‍മുഖത്ത് വന്നുപതിച്ച പന്ത് മുള്ളര്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ ബ്രസീലുകാരോടൊപ്പം റസാക്കും ഞെട്ടി. നീ ഞെട്ടെണ്ടെടാ ഒന്നിനുപകരം രണ്ടടിച്ച് ബ്രസീല്‍ ജയിക്കുമെന്ന് കരീമിക്ക സമാധാനിപ്പിച്ചു. ഇനിയും എണ്‍പത് മിനിറ്റ് കിടക്കുകല്ലേ കളി. കോര്‍ണര്‍കിക്ക് ഗോളാക്കാന്‍ ജര്‍മന്‍കാര്‍ അല്ലെങ്കിലും വിദഗ്ധരാണ്. അവരത് പണ്ടും തെളിയിച്ചിട്ടുള്ളതാണ്.

ഒരുഗോളിന് വഴങ്ങിയെങ്കിലും ബ്രസീല്‍ടീമിന്റെ പോരാട്ടവീര്യം ഒട്ടുംകുറഞ്ഞില്ല, കൂടിയതെയുള്ളു;ഗാലറിയിലുള്ള പതിനായരങ്ങള്‍ തങ്ങളുടെ ടീമിനുവേണ്ടി അലറിവിളിക്കുമ്പോള്‍ പ്രത്യേകിച്ചും. അവര്‍ എതിരാളിയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു. ഏതുമിനിഷവും ജര്‍മന്‍പോസ്‌ററില്‍ പന്ത്കയറുമെന്ന പ്രതീക്ഷയോടെ ഞാനും ശ്വാസമടക്കിയിരുന്നു. പതിനേഴാംമിനിറ്റില്‍ മാര്‍സല്ലോ പന്തുമായി പെനാല്‍റ്റിബോക്‌സിലേക്ക്  ഇരച്ചുകയറുന്നു. അദ്ദേഹം വീണതാണോ അതോ ജര്‍മന്‍ ഡിഫന്‍ണ്ടര്‍ വീഴ്ത്തിയതാണോയെന്ന് റഫറിക്കും റസാക്കിനും എനിക്കും തിട്ടമില്ല. പെനാല്‍റ്റിക്കുവേണ്ടി വാദിച്ച ബ്രസീല്‍കളിക്കാരുടെ ആവശ്യം മെക്‌സിക്കന്‍ റഫറി നിഷ്ക്കരുണം തള്ളി.

പതിനേഴാം മിനിറ്റ്. ബ്രസീല്‍ ഗോള്‍മുഖത്ത് മുള്ളറും നീളംകാലന്‍ ക്‌ളോസേയും. മുള്ളര്‍ തട്ടിയിട്ടുകൊടുത്ത പന്ത് ക്‌ളോസേ നിഷ്പ്രയാസം ഗോളാക്കി. രണ്ട് ഗോളിന് ജര്‍മനി മുന്നില്‍. സ്റ്റേഡിയത്തിലുള്ളവരും വീടുകളില്‍ കളികണ്ടുകൊണ്ടിരുന്നവരും മലപ്പുറത്തെ ബ്രസീല്‍പ്രേമികളും ഞെട്ടി. സാരമില്ലെന്ന് റസാക്കിനെ കരീമിക്ക വീണ്ടുംസമാധാനിപ്പിച്ചു. രണ്ടിനുപകരം മൂന്നടിച്ചാല്‍പോരെ. ബ്രസീലിനത് സാധിക്കും. പക്ഷേ, അഞ്ചുമിനിറ്റിനുള്ളില്‍ മൂന്നാംഗോളുംവീണുപ്പോള്‍ റസാക്കിന്റെ സ്പിരിറ്റ് മൂത്രംപോലെ ചോര്‍ന്നുപോയി. ഇനി തന്റെടീം രക്ഷപെടത്തില്ലെന്ന് അവനുമനസിലായി. അവനുമാത്രമല്ല എല്ലാ ബ്രസീലുകാരുടെയും പ്രതീക്ഷ അവിടെ അസ്തമിക്കയായിരുന്നു. ഗാലറിയില്‍ കരയുന്ന കുട്ടികളേയും സ്ത്രീകളേയും ടീവിയില്‍ കണ്ടു, തലതാഴ്തിയിരിക്കുന്ന പുരുഷന്മാരെയും. ഒരുഗോളെങ്കിലും തിരിച്ചടിച്ച്  മാന്യമായിട്ട് കീഴടങ്ങാം എന്ന്‌സമാധാനിച്ചിരിക്കുമ്പോളാണ് ഇരുപത്തഞ്ചാംമിനിറ്റില്‍ നാലാംഗോള്‍ വീഴുന്നത്. വെടിയുണ്ട നെഞ്ചില്‍തറച്ച പ്രതീതിയായിരുന്നു ഓരോ ബ്രസീലുകാരനും.മലപ്പറത്ത് കളികണ്ടുകൊണ്ടിരുന്ന റസാക്ക് ടീവി ഓഫ്‌ചെയ്തിട്ട് കളികാണാന്‍ വന്നിരുന്ന കരീമിക്കയെ പറഞ്ഞുവിട്ട് കതകടച്ച് പോയിക്കിടന്ന് ഉറങ്ങി. ഇരുപത്തെട്ടാം മിനിറ്റില്‍ അഞ്ചാംഗോള്‍ വീണത് തന്റെക്ലാസ്‌മേറ്റ് ജമീലയെ സ്വപ്നംകണ്ടുകിടന്ന റസാക്ക് അറിഞ്ഞില്ല.

 55%  പന്ത് കൈവശംവച്ച് ( Possession എന്ന് ഇംഗ്‌ളീഷ്) കളിച്ച ടീമിന്റെ ദുരവസ്ഥ എങ്ങനെയാണ് വിവരിക്കുന്നത്. പരുക്കേറ്റ് ഗാലറിയിലിരിക്കുന്ന നെയ്മര്‍ ഉണ്ടായിരുന്നെങ്കില്‍ കളിമറ്റൊന്നാകുമായിരുന്നു എന്ന് സമാധാനിച്ച് ഗാലറിയിലുണ്ടായിരുന്ന പകുതിപ്പേരും അവരവരുടെ വീടുകളിലേക്ക് പോയി.

രണ്ടാംപകുതിയില്‍ ബ്രസീല്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ടീമില്‍ ചിലമാറ്റങ്ങള്‍ വരുത്തി. ഗോളി ജൂലയസ് സീസറിനെ പിന്‍വലിച്ച് മറ്റൊരാളെ ഇറക്കി, ഓസ്കര്‍ എന്ന സ്ട്രക്കറെയും.

ഹാഫ് ടൈം കഴിഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞിരുന്ന ഗാലറിയില്‍ വലിയ വിടവുകള്‍കണ്ടു. 68 ,79 മിനിറ്റുകളില്‍ ജര്‍മനി രണ്ടുഗോളുകള്‍കൂടി അടിച്ചപ്പോള്‍ കശാപ്പ് പൂര്‍ണമായി. മൊത്തം ഏഴുഗോളുകള്‍. ലോകകപ്പ് ഫുട്ട്‌ബോള്‍ സെമിഫൈനലില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തകാര്യം; അതും ബ്രസീല്‍പോലുള്ള ഒരു ടീമിനെതിരെ; അവരുടെ രാജ്യത്തുവച്ച്; അവര്‍ കളിച്ചുപരിശീലിച്ച മറക്കാന സ്റ്റേഡിയത്തില്‍വച്ച്. നിരാശരായ ബ്രസീലുകാണികള്‍ സ്റ്റേഡിയം കലായിക്കിക്കൊണ്ടിരുന്നു. ഒരുഗോളെങ്കിലും തിരിച്ചടിച്ച് മാനംരക്ഷിക്കണമെന്ന ചിലരുടെയെങ്കിലും ആഗ്രഹം സഫലീകരിക്കാനെന്നവണ്ണം ഓസ്കര്‍ തൊണ്ണൂറാം മിനിറ്റില്‍ ബ്രസീലിനുവേണ്ടി ഒരുഗോളനേടി.. അതിന് വലിയ കയ്യടിയൊന്നും നേടാന്‍ പാവം ഓസ്കറിന് സാധിച്ചില്ല.

ഫൈനലില്‍ അയല്‍ക്കാരായ ഹോളണ്ടിനെ തോല്‍പിച്ച് ജര്‍മനി കപ്പുംകൊണ്ട് വണ്ടികയറി. ഫുട്ട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കാത്ത ഒരു മത്സരമായിരുന്നു 2014 ലെ ഈ സെമിഫൈനല്‍ മത്സരം. ഇന്നും യൂട്യൂബില്‍ ഈസെമിഫൈനല്‍ മത്സരം കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക്  മടുപ്പൊന്നും തോന്നാതെ കളിയാസ്വതിക്കാം. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത് വീടുകളില്‍ ബോറടിച്ചിരിക്കുമ്പോള്‍.

സാം നിലമ്പള്ളില്‍
samnilampallil@gmail.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക