Image

ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2020
ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദീര്‍ഘകാല വികാരുമായിരുന്ന ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച മുതല്‍ ജൂലൈ നാലാം തീയതി ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഷിക്കാഗോയില്‍ നടത്തും.

കായംകുളം കദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കാക്കനാട്ട് കല്ലുംമൂട്ടില്‍ ഉണ്ണൂണ്ണി ജോര്‍ജിന്റേയും, അന്നമ്മയുടേയും രണ്ടാമത്തെ മകനായി 1952 ഏപ്രില്‍ 19-നു ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ ബാലനില്‍ അച്ചന്‍ നന്മരമുണ്ടെന്നു ദര്‍ശിച്ച് ഭാഗ്യസ്മരണാര്‍ഹനായ യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി വിശുദ്ധ മദ്ബഹയിലെ ശുശ്രൂഷകനായി പ്രവേശിപ്പിച്ചു. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അഭിവന്ദ്യ തിരുമേനിയോടൊപ്പം കൊരട്ടി സെമിനാരിയില്‍ താമസിച്ച് പരിശീലനം ആരംഭിച്ചു. തുടര്‍ന്നു പരിശുദ്ധ സഭയുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ തിരുവിതാംകോട് സെന്റ് തോമസ് പള്ളിയില്‍ വന്ദ്യ ഗീവര്‍ഗീസ് റമ്പാനോടൊപ്പം താമസിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നു പരുമല സെമിനാരി മാനേജര്‍ വന്ദ്യ കാരിക്കോട് മാത്യൂസ് അച്ചനോടൊപ്പം താമസിച്ച് ആത്മീയ പരിശീലനം ഏറെ പൂര്‍ത്തീകരിച്ചു. 1971-ല്‍ ശെമ്മാശപട്ടം സ്വീകരിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷിലും, മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. 1978-ല്‍ നിരണം ഭദ്രാസനത്തിന്റെ ചുമതലയുള്ള സെന്റ് ഗ്രിഗോറിയോസ് ആര്‍ട്‌സ് കോളജിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.

ശെമ്മാശനായി അമേരിക്കയിലെത്തിയനാള്‍ മുതല്‍ തന്റെ പ്രവര്‍ത്തനമേഖല ഷിക്കാഗോ ആയിരുന്നു. 1983-ല്‍ പരുമല സെമിനാരിയില്‍ വച്ച് വൈദീകപട്ടം സ്വീകരിച്ചതിനെ തുടര്‍ന്ന് ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സഹവികാരിയായും, നാളിതുവരെ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയായും കഴിഞ്ഞ 37 വര്‍ഷം ശ്രേഷ്ഠ ഇടയനായി അഹോരാത്ര ശുശ്രൂഷ നില്‍വഹിച്ചു.

പൗരോഹിത്യ ശുശ്രൂഷയോടൊപ്പം മറ്റുള്ളവര്‍ക്ക് ഭാരമാകാതെ തൊഴില്‍ മേഖലകൂടി കണ്ടെത്തിയ അച്ചന്‍ പഠിക്കുവാന്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ഷിക്കാഗോ "ഡീപോള്‍' യൂണിവേഴ്‌സിറ്റിയില്‍ കൗണ്‍സിലുംഗിലും, മനശാസ്ത്രത്തിലും ബിരുദാന്തര ബിരുദം നേടി. കാത്തലിക് സഭയുടെ കീഴിലുള്ള പ്രശസ്തമായ "മിസറികോര്‍ഡീയ' ഡവലപ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനമികവും, ആത്മാര്‍ത്ഥതയും, സത്യസന്ധതയും, കാര്യപ്രാപ്തിയും മൂലം 2017 വരെ ഉന്നതസ്ഥാനമായ ഡയറക്ടര്‍ പദവി നിര്‍വഹിച്ചു വിരമിച്ചു.

കുലീനമായ പെരുമാറ്റശൈലിയും, സ്‌നേഹസമ്പന്ന ഇടപെടലുകളും, ലളിതമായ ജീവിതശൈലിയും, സഭാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനങ്ങളും, കരുത്തുറ്റ നേതൃപാടവവും, സുവ്യക്തമായ നിലപാടുകളും ആതിഥ്യമര്യാദയും പിന്തുടര്‍ന്നിരുന്ന അച്ചന്‍ മലങ്കര സഭയുടെ അമേരിക്കയിലെ അംബാസിഡറായിരുന്നു. മലങ്കര സഭയുടെ പമാധ്യക്ഷനായിരിക്കുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ അദ്ദേഹത്തെക്കുറിച്ച് അനുസ്മരിച്ചത് "വെണ്‍മയും സാക്ഷ്യവും സഭാ സ്‌നേഹവുമുള്ള ആചാര്യശ്രേഷ്ഠന്‍' എന്നായിരുന്നു. പാശ്ചാത്യസംസ്കാരത്തില്‍ പൗരസ്ത്യ ആദ്ധ്യാത്മികത പിന്‍തുടര്‍ന്നിരുന്ന അച്ചന്റെ പ്രൗഢമായ ശബ്ദവും പ്രഭാഷണങ്ങളും കലുഷിതമായ ഏതൊരു സാഹചര്യത്തിലും ശാന്തതയുടെ വഴിതുറക്കുന്നതായിരുന്നു.

സ്‌നേഹനിധിയായ ഒരു കുടുംബനാഥന്‍ കൂടിയായിരുന്ന അച്ചന്റെ സഹധര്‍മ്മിണി പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ (കുറിച്ചി ബാവ) സഹോദരീപുത്രന്‍ ബഹു. വെങ്ങാഴിയില്‍ ജോര്‍ജ് അച്ചന്റെ കൊച്ചുമകള്‍ അനിതയാണ്. ഗ്രിഗറി ഡാനിയേല്‍, ലീനാ ഡാനിയേല്‍ എന്നിവര്‍ മക്കളും, അലീന, ഡോ. എമില്‍ തോമസ് എന്നിവര്‍ മരുമക്കളും, മാലാഖി കൊച്ചുമകളുമാണ്.

അന്ത്യ സമയത്ത് തന്റെ ഇടവകമക്കളെയെല്ലാം കണ്ട് സംതൃപ്തിയോടെ യാത്രയായ അച്ചന്‍ ഷിക്കാഗോ പട്ടണത്തിലേയും, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിന്റേയും ഒരു വെള്ളിനക്ഷത്രമായിരുന്നു. അദ്ദേഹത്തിന്റെ എക്യൂമെനിക്കല്‍ ദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. ഷിക്കാഗോയിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഉള്‍പ്പെടുന്ന എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പരിശുദ്ധ സഭ വിവാഹിത പട്ടക്കാര്‍ക്ക് നല്‍കുന്ന അത്യുന്നത പദവിയായ കോര്‍എപ്പിസ്‌കോപ്പ പദവി നല്‍കി ആദരിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. പരിശുദ്ധ ബാവാ തിരുമനസ്സിലെ കല്‍പ്പന അനുസരിച്ച് അദ്ദേഹത്തിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ഷിക്കാഗോയിലെ നാല് ഓര്‍ത്തഡോക്‌സ് പള്ളികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 2,3,4 തീയതികളില്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നഗരികാണിക്കല്‍ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഓക്‌ലോണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും, 6.30-നു ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും, വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും, 7.30-നു ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിലും നടക്കും. തുടര്‍ന്നു ശനിയാഴ്ച രാവിലെ 6.30-നു പ്രഭാത നമസ്കാരവും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും, അതിനുശേഷം സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് ഏദന്‍ മെമ്മോറിയല്‍ പാര്‍ക്ക് ആന്‍ഡ് എം.ഒ.സി സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും.

ഫാ. എബി ചാക്കോ, ഫാ. രാജു ഡാനിയേല്‍, ഫാ. ഹാം ജോസഫ്, ഫാ. ടെജി ഏബ്രഹാം, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശുശ്രൂഷകളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക