Image

ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോണ്‍ 89–ാം വയസ്സിൽ വീണ്ടും പിതാവായി;മൂത്ത മകൾക്ക് ഇപ്പോൾ 65

Published on 03 July, 2020
ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോണ്‍ 89–ാം വയസ്സിൽ വീണ്ടും പിതാവായി;മൂത്ത മകൾക്ക് ഇപ്പോൾ 65
ലണ്ടൻ∙ ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോണ്‍ 89–ാം വയസ്സിൽ വീണ്ടും പിതാവായി.ബെർണിയുടെ ഭാര്യ നാൽപത്തിനാലുകാരി ഫാബിയാന ഫ്ലോസിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് എയ്സ് എന്ന് പേരിട്ടതായി എക്ലസ്റ്റോണിന്റെ വക്താവ് വ്യക്തമാക്കി. കോടീശ്വരനായ ബെർണിയുടെ ആദ്യത്തെ ആൺകുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്ലോസിയിൽ പിറക്കുന്ന ആദ്യ കുഞ്ഞുമാണ് എയ്സ്. സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കനിലാണ് ഫ്ലോസി കുഞ്ഞിന് ജന്മം നൽകിയത്.
അതേസമയം, ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെർണിക്ക് മൂന്നു പെൺമക്കളുണ്ട്. ആദ്യ ഭാര്യ ഇവി ബാംഫോർഡിൽ ജനിച്ച മൂത്ത മകൾ ദെബോറയ്ക്ക് ഇപ്പോൾ 65 വയസ്സുണ്ട്.രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചിൽ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെർണിയുടെ മറ്റു മക്കൾ. ഈ മൂന്നു പേരിലുമായി ബെർണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളിൽ ഒരാൾക്കു കൂടി കുഞ്ഞു ജനിച്ചതോടെ സന്തതി പരമ്പരയിൽ നാലു തലമുറകളായി.
2017 ൽ പുറത്താക്കപ്പെടുന്നതുവരെ 40 വർഷത്തോളം കാലം ഫോർമുല വൺ അധ്യക്ഷനായിരുന്നു ബെർണി.
ഫോർമുല വണ്ണിനെ ഇന്നു കാണുന്ന തലത്തിലേക്ക് വളർത്തിയെടുത്ത ഭരണകർത്താവായാണ് ബെർണി അറിയപ്പെടുന്നത്. കാറോട്ട രംഗത്ത് ഇപ്പോഴും വൻ സ്വാധീനശക്തിയായ ബെർണി, അടുത്തിടെ വർണവെറിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക