Image

കിടപ്പാടം കത്തിനശിച്ച് 3 ദിവസത്തിനു ശേഷം ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

Published on 03 July, 2020
കിടപ്പാടം കത്തിനശിച്ച് 3 ദിവസത്തിനു ശേഷം ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
കൂടല്‍ : കിടപ്പാടം കത്തിനശിച്ച് 3 ദിവസത്തിനു ശേഷം ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്‍പില്‍ സമരം നടത്തി. പോത്തുപാറ അമ്മൂമ്മപ്പാറ പൊന്നച്ചന്‍(56) ആണ് മരിച്ചത്.  28ന് പകല്‍ 3 മണിക്കാണ് വീട് കത്തി നശിച്ചത്. ഈ സമയം, മറ്റൊരു ആവശ്യവുമായി ബന്ധപ്പെട്ട് പൊന്നച്ചന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തിരികെ എത്തിയപ്പോഴാണ് വീട് കത്തിനശിച്ചതായി കാണുന്നത്. പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ലെന്നാണ് ആരോപണം.

1ന് ബന്ധു തേവരുപറമ്പില്‍ സന്തോഷ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതോടെയാണ് കേസെടുക്കുന്നത്. വീട് നശിച്ചതിന്റെ മനോവിഷമം മൂലം ഭക്ഷണം കഴിക്കാതെ അവശനായ പൊന്നച്ചനുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൊഴിയെടുക്കാമെന്ന് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശ്വാസംമുട്ടലുള്ളതിനാല്‍ അതിനു കഴിയില്ലെന്നു പറഞ്ഞ പൊന്നച്ചനെ ഉടന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 1ന് രാത്രി മരിച്ചു. ലീലയാണ് പൊന്നച്ചന്റെ ഭാര്യ. മക്കള്‍: മായ, മഞ്ജു. മരുമക്കള്‍: ശരത്, കണ്ണന്‍.

പൊന്നച്ചന്റെ വീട് കത്തിച്ചതിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ചും പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി ഇന്നലെ രാവിലെ 11ന് കൂടല്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ സമരം ആരംഭിച്ചു.  ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി അംഗം പി.മോഹന്‍ രാജ്, മണ്ഡലം പ്രസിഡന്റുമാരായ ബിജു ആഴക്കാടന്‍, രതീഷ് വലിയകോണ്‍, മനോജ് മുറിഞ്ഞകല്‍, വിപിന്‍ തിടി, അനീഷ് ഗോപിനാഥ്, ഓമനക്കുട്ടന്‍, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും പൊന്നച്ചന്റെ ബന്ധുക്കളും സമരത്തില്‍ പങ്കെടുത്തു.

പൊന്നച്ചന്റെ ഭാര്യയും മക്കളും 12 മണിയോടെ എത്തി. ഇവര്‍ തിരുവനന്തപുരത്താണ് താമസം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും നരഹത്യയ്ക്കു കേസെടുക്കുകയും ചെയ്തില്ലെങ്കില്‍ ജില്ലാ ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പ്രഖ്യാപിച്ചു.അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനു നരഹത്യയ്ക്കു കേസെടുക്കാമെന്ന ഉറപ്പു നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.  അതേസമയം, പൊന്നച്ചന്റെ വീട് കത്തിനശിച്ചതുമായി ബന്ധപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കണ്ടതെന്നു പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക