Image

അമേരിക്ക ഉള്‍പ്പടെ 29 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്വാറന്റീന്‍

Published on 03 July, 2020
അമേരിക്ക ഉള്‍പ്പടെ 29 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്വാറന്റീന്‍
സൂറിക്:  29 "ഹൈ റിസ്ക് " രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. താങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിനൊപ്പം, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് മാസ്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോവിഡ് രോഗികള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

29 "ഹൈ റിസ്ക് " രാജ്യങ്ങളുടെ പട്ടികയിലുള്ളത് അമേരിക്ക, റഷ്യ, അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറസ്, ബൊളീവിയ, ബ്രസീല്‍, കേപ് വെര്‍ഡെ, ചിലി, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഹോണ്ടുറാസ്, ഇറാഖ്, ഇസ്രായേല്‍, കൊസോവോ, കുവൈറ്റ്, മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ, ഒമാന്‍, പനാമ, പെറു, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സ്വീഡന്‍, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, കൈക്കോസ് ദ്വീപുകള്‍ എന്നീ രാജ്യങ്ങളാണ്. ഇവിടെ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം.

ട്രാന്‍സിറ്റ് യാത്രികരായി ഈ രാജ്യങ്ങള്‍ വഴി സ്വിറ്റ്‌സര്‍ലന്റില്‍ എത്തുന്നവര്‍ക്കും ക്വാറന്റീന്‍ ബാധകമോ എന്ന് വ്യക്തമല്ല. ട്രാന്‍സിറ്റ് യാത്രികര്‍ക്കും ക്വാറന്റീന്‍  നിര്‍ബന്ധമാക്കിയാല്‍ മലയാളികള്‍ കൂടുതലായി ആശ്രയിക്കുന്ന ഖത്തര്‍, ഒമാന്‍ എന്നീ എയര്‍വെയ്‌സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ക്വാറന്റീന്‍ പോവേണ്ടി വരും. എന്നാല്‍ യുഎഇ ലിസ്റ്റില്‍ ഉള്‍പെടാത്തതുകൊണ്ട് എമിറേറ്റ്‌സ്, എത്തിഹാദ് യാത്രികര്‍ക്ക് ബുദ്ധിമുട്ടില്ല.

80.5 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വരെ പുതിയ കോവിഡ് ബാധിതര്‍ പ്രതിദിനം 25 ല്‍ താഴെയായിരുന്നു. കഴിഞ്ഞ ദിവസ്സങ്ങളില്‍ ഇത് 100 ന് മുകളിലേക്ക് ഉയര്‍ന്നതും, വിദേശങ്ങളില്‍ നിന്നും വന്നവരില്‍ നിന്നും രോഗം പകര്‍ന്നതോടെയുമാണ് പുതിയ നിയന്ത്രണങ്ങള്‍. ഓരോ രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി പട്ടിക പുനരവലോകനം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക