Image

വരിക്കാശ്ശേരി മന (ശങ്കര്‍, ഒറ്റപ്പാലം)

Published on 03 July, 2020
വരിക്കാശ്ശേരി മന (ശങ്കര്‍, ഒറ്റപ്പാലം)
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെ മനിശ്ശേരിയിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. സിനിമക്കാരുടെ ഇഷ്ടലൊക്കേഷനായി ഒറ്റപ്പാലം മാറാനുളള ഒരു പ്രധാന കാരണവും ഈ മന തന്നെയാണ്. പൊതുവെ മനയ്ക്കുള്ളിലേക്ക് സാധാരണ പൊതുജനങ്ങള്‍ക്കുളള പ്രവേശനം വിരളമാണ്. വരിക്കാശ്ശേരിമനയില്‍ ഇപ്പോള്‍ നമ്പൂതിരി കുടുംബക്കാര്‍ ആരും തന്നെ അവിടെ താമസിക്കാതിരിക്കുന്നതു കൊണ്ടുമാണ് അവിടെ സിനിമാ ചിത്രീകരണങ്ങളും മറ്റും സുഗമമായി, സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്നത്.

ഈ പ്രദേശത്തു തന്നെ വേറെയും കുറേ മനകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവിടങ്ങളിലെല്ലാം അന്തേവാസികള്‍ ഉളളതുകൊണ്ടും, മനകളുടെ പാരമ്പര്യവും, ചിട്ടവട്ടങ്ങളും പരിപാലിച്ചുവരുന്നതുകൊണ്ടും സിനിമാ ചിത്രീകരണങ്ങള്‍ക്കായും മറ്റും തുറന്നുകൊടുക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും അറിയപ്പെടുന്ന വേറെ രണ്ട് മനകള്‍ ഇവിടെയുണ്ട്. “പോഴത്ത് മനയും, പരുത്തിപ്പറ മനയും”. ഇതില്‍ പോഴത്ത് മനയില്‍ അത്യാവശ്യം സിനിമാ ചിത്രീകരണങ്ങളൊക്കെ നടക്കാറുണ്ട്.

“പരുത്തിപ്പറ മന” ഒരുതരം വിഷവൈദ്യത്തിന് പണ്ടും, ഇന്നും പ്രസിദ്ധമാണ്. കൈവിഷബാധക്കും (അങ്ങിനെ വിശ്വസിക്കുന്നവര്‍ക്ക്) ഉദരത്തില്‍ അടിഞ്ഞുകൂടിയിട്ടുളള വിഷമയമായ പദാര്‍ത്ഥങ്ങള്‍ ഛര്‍ദ്ദിച്ചു പുറത്തുകളയുന്നതിന്, ഇവരുടെ പാരമ്പര്യമായിട്ടുളള ചികിത്സയായ പച്ചമരുന്നുകള്‍ അരച്ചുചേര്‍ത്തുളള  പാല്‍, കുടുംബദേവതയായ മനയിലെ ഭഗവതി ക്ഷേത്രത്തില്‍ പൂജിച്ചെടുത്ത ശേഷം, രോഗബാധയേറ്റു വന്നിട്ടുളളവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നു. നിമിഷങ്ങള്‍ക്കകം കഠിനമായിട്ട് ഛര്‍ദ്ദി വരികയും, ഉദരത്തിനകത്തു വിഷമയമായിട്ടുളള സകലകുലാദികളും പുറത്തുപോകുന്നു. ഇതിനായി നാടിന്റെ നാനാഭാഗത്തു നിന്നും “ചൊവ്വ, വെള്ളി, ഞായര്‍” ദിവസങ്ങളില്‍ ജാതിഭേദമന്യേ ജനങ്ങള്‍ ഇവിടെ എത്തുന്നു. പരുത്തിപ്പറ മനയില്‍ ഇന്നത്തെ തലമുറയില്‍പെട്ട വിഷ്ണുനമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ ചികിത്സ നടന്നുവരുന്നത്.

ഇവിടേക്ക് മരുന്നുചികിത്സക്കു വരുന്നവര്‍ ആദ്യം തൃക്കങ്ങോട് ശ്രീ രണ്ടുമൂര്‍ത്തി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി  പ്രാര്‍ത്ഥിച്ച ശേഷമാണ് പരുത്തിപ്പറ മനയില്‍ മരുന്നുപാല്‍ കഴിക്കാന്‍ എത്തേണ്ടത് എന്നാണ് കീഴ്‌വഴക്കം. അത് ഇന്നും പരിപാലിച്ചുപോരുന്നു. ഈ ക്ഷേത്രത്തിന്റെ കാര്യദര്‍ശി ഇന്ന് പോഴത്ത് മനയ്ക്കലെ കാരണവരായ ശ്രീ നാരായണന്‍ നമ്പൂതിരിയാണ്.

മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന
തൃക്കങ്ങോടാണ് പോഴത്ത് മന
ചോറോട്ടൂരാണ് പരുത്തിപ്പറ മന

എല്ലാം തൊട്ടടുത്തു കിടക്കുന്ന പ്രദേശങ്ങള്‍. വരിക്കാശ്ശേരിമനയുടെ മുന്നിലൂടെ ഒരു അരുവി ഒഴുകിവരുന്നുണ്ട്. ഈ അരുവിയുടെ ഓര വരമ്പത്തുകൂടെ മുന്നോട്ട്…മുന്നോട്ട് സഞ്ചരിച്ചാല്‍ അരുവിയുടെ ഒരു വശം കുന്നിന്‍പുറങ്ങളും വീടുകളുമൊക്കെയാണ്. മറുവശം വിശാലമായ മരതകപച്ച വിരിച്ച നെല്‍പാടങ്ങളുമാണ്. ഇവിടം വള്ളുവനാടന്‍ ഗ്രാമീണഭംഗിയുടെ ഒരു നേര്‍കാഴ്ച തന്നെയാണ്. പണ്ടു ചെറുപ്പകാലത്ത് ഇതുവഴി നടത്തിയിട്ടുളള സഞ്ചാരങ്ങള്‍ ഇന്നും മനസ്സിനെ കുളിരണിയിക്കുന്ന ഓര്‍മ്മാനുഭവങ്ങള്‍ ആണ്. അത്രമേല്‍ പ്രകൃതരമണീയമാണ് ഈ പ്രദേശങ്ങള്‍.

പിന്നെ തൃക്കങ്ങോട് ഭാഗത്തേക്കു കടന്നാല്‍ ഈ അരുവിയുടെ രണ്ടു വശങ്ങളിലായി ഏക്കറോളം വിസ്തൃതി വരുന്ന പറളശ്ശേരി കുളവും, നറുവന്‍ കുളവും ഉണ്ട്. ഇന്നും ഏതു വേനലിലും വറ്റാത്ത ഈ കുളങ്ങള്‍ ഈ പ്രദേശവാസികള്‍ക്ക് വളരെ അനുഗ്രഹമായിട്ടുള്ളതാണ്. വീണ്ടും അരുവിയോടൊപ്പം മുന്നോട്ടു പോയാല്‍ അരുവിക്കരയിലെ വേങ്ങേരി ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രകുളവും കാണാം. ഇവിടുന്ന് വടക്ക് ഇടത്തോട്ടുളള വഴിയില്‍ പോയാല്‍ പോഴത്തുമനയിലെത്താം. തെക്ക് വലത്തോട്ടുളള വഴി പിടിച്ചാല്‍ പരുത്തിപ്പറ മനയിലുമെത്താം.

അരുവി വീണ്ടും രണ്ടു മൂന്നു കിലോമീറ്റര്‍ കൂടെ നിര്‍മ്മലമായങ്ങിനെ മുന്നോട്ട് ഒഴുകി ഭാരതപ്പുഴയില്‍ ചെന്നുചേര്‍ന്ന് സായൂജ്യമടയുന്നു. 

പഴയ “വരിക്കമഞ്ചേരി” എന്ന മനയാണ് ഇന്ന് അറിയപ്പെടുന്ന “വരിക്കാശ്ശേരി മന”. ഈ പ്രദേശങ്ങളിലൊക്കെയായി എന്റെ ബാല്യകാല സൗഹൃദങ്ങള്‍ പരന്നുകിടക്കുകയാണ്. കുറേ പേര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. പിന്നെയുളള ആ പഴയ സൗഹൃദങ്ങള്‍ പലതും ഞാന്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്നു. അത് എന്റെ ഒരു ശ്രമവും സൗഭാഗ്യവുമായി ഞാന്‍ കരുതുന്നു.

ആ സൗഹൃദവൃന്ദത്തില്‍ പെടുന്ന ഒരാളാണ് ഇന്നത്തെ വരിക്കാശ്ശേരി മനയുടെ അവകാശി കൂടിയായ വടക്കൂട്ട് ഹരിദാസ് എന്ന ഹരിയേട്ടന്‍. കക്ഷി മനിശ്ശേരിക്കാര്‍ക്കെല്ലാം പ്രിയപ്പെട്ട  “ഹരിയേട്ട”നാണ്. നല്ല ഒരു മൃഗസ്‌നേഹിയും ആനപ്രേമി കൂടിയുമാണ് അദ്ദേഹം. ഹരിയേട്ടന്‍ വരിക്കാശ്ശേരി മനയുടെ ഉടമയാകുന്നതോടു കൂടെയാണ്, ഇവിടെ സിനിമാ ചിത്രീകരണങ്ങളും മറ്റും തുടങ്ങുന്നത്. കൂടാതെ പരസ്യങ്ങള്‍ക്കായുളള ചിത്രീകരണങ്ങളും, കല്ല്യാണ ആല്‍ബങ്ങള്‍ക്കു വേണ്ടിയുളള ചിത്രീകരണങ്ങളുമൊക്കെ കൂട്ടത്തില്‍ നടന്നുപോകുന്നുണ്ട്.

ഇത്തരുണത്തില്‍ മനിശ്ശേരിക്കാരന്‍ വേലപ്പനെ കൂടെ ഓര്‍ക്കേണ്ടതുണ്ട്. ഇന്നും നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാലിനും പ്രിയങ്കരനായ വേലപ്പന്‍. ദേവാസുരത്തിലെ മംഗലശ്ശേരി തറവാടായി ഈ വരിക്കാശ്ശേരി മന മാറിയതിനു പിന്നില്‍ വേലപ്പന്‍ എന്ന ലൊക്കേഷന്‍ മാനേജരുടെ കഥ കൂടെ പറയാം. വാണിയംകുളം ടൗണിലെ പഴയ ചായക്കടക്കാരന്‍ വേലപ്പന്‍ ഇന്ന് സിനിമാലോകം അറിയുന്ന ലൊക്കേഷന്‍ മാനേജര്‍  “ഒറ്റപ്പാലം വേലപ്പനാണ്”.

250ല്‍ പരം സിനിമകള്‍ക്ക് വള്ളുവനാടന്‍ മണ്ണില്‍ ലൊക്കേഷന്‍ ഒരുക്കി കൊടുത്തിട്ടുണ്ട് ഇദ്ദേഹം.

പണ്ടൊരു നാളില്‍ ദേവാസുരത്തിന്റെ ലൊക്കേഷന്‍ തേടി ഒറ്റപ്പാലത്ത് എത്തിയ സംവിധായകന്‍ ഐ.വി.ശശിയുടെ മുന്നില്‍ ഒരു നിയോഗം പോലെ എത്തിപ്പെടുകയായിരുന്നു വേലപ്പന്‍.

“മംഗലശ്ശേരി തറവാടായി ഒരു വലിയ വീടു വേണം. മനയാണെങ്കില്‍ കൊള്ളാം, മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍”. ഇത്രയും ഐ.വി.ശശി ബോധിപ്പിച്ചതും വേലപ്പന്‍ ഹരിയേട്ടന്റെ വരിക്കാശ്ശേരി മന ചൂണ്ടിക്കാട്ടി. അവര്‍ പോയി മന കണ്ടു. ആദ്യനോട്ടത്തില്‍ തന്നെ മംഗലശ്ശേരി തറവാടായി ഈ മന ഉറപ്പിച്ചു. അദ്ദേഹം വേലപ്പനു കൈ കൊടുത്തു.

ദേവാസുരവും, മംഗലശ്ശേരി തറവാടും, വരിക്കാശ്ശേരി മനയുമൊക്കെ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ഐ.വി.ശശിയും, മോഹന്‍ലാലും വേലപ്പനെ മറന്നില്ല. പിന്നീടെന്നും തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്തി. വീണ്ടും അവിടെ ആറാം തമ്പുരാനും, നരസിംഹത്തിനുമൊക്കെയായി ലൊക്കേഷന്‍ ഒരുങ്ങി.

വേലപ്പന്‍ കാട്ടിക്കൊടുത്ത വള്ളുവനാടന്‍ ഗ്രാമീണഭംഗിയും, ഭാരതപ്പുഴയും, പോഴത്തുമനയുമെല്ലാം സിനിമക്കാര്‍ക്ക് മറക്കാന്‍ പറ്റാത്ത ലൊക്കേഷനുകളാണ്. അങ്ങിനെ വള്ളുവനാടിന്റെ സംസ്കൃതിയും, ശാലീനതയുമെല്ലാം മലയാളസിനിമകളില്‍ പ്രതിഫലിച്ചു. ക്രമേണ തമിഴും, തെലുങ്കും, കന്നടവും ഒക്കെയായി മറ്റു ഭാഷാചിത്രങ്ങളുടെ ചിത്രീകരണങ്ങളുമെത്തി. പിന്നെ എന്നും ആളും ആരവവുമായി വരിക്കാശ്ശേരി മന ആത്മസംതൃപ്തിയോടെ നിലകൊണ്ടു.

ഇതിനെല്ലാം സാക്ഷ്യം വഹിച്ചു തൊട്ടടുത്തായി വിശാലമായ കുളവും, ശ്രീകൃഷ്ണ ക്ഷേത്രവും നിര്‍വൃതിയില്‍ ലയിച്ചുനിന്നു.

ഇവിടെ ചിത്രീകരിക്കപ്പെടുന്ന സിനിമകളെല്ലാം വന്‍ ഹിറ്റാകുന്നു എന്നൊരു ധാരണയും സിനിമാപ്രവര്‍ത്തകരില്‍ പരക്കെ പരന്നിരുന്നതായി കേട്ടുകേള്‍വിയുണ്ട്. ഇപ്പോള്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ ദിവസവും വരിക്കാശ്ശേരി മന കാണാന്‍ മനിശ്ശേരിയില്‍ എത്തുന്നു. ആ വിശാലമായ തിരുമുറ്റത്തെത്തി മനയോടു ചേര്‍ന്നു നിന്ന് ഒരു ഫോട്ടോ എടുത്ത് സായൂജ്യമടയാന്‍, ആ മുഹൂര്‍ത്തങ്ങള്‍ സ്വന്തം സൗഹൃദങ്ങളുമായി പങ്കുവെക്കാന്‍.

അങ്ങിനെ ദിനവും കൂടുതല്‍, കൂടുതല്‍ ജനങ്ങള്‍ മന കാണാന്‍ എത്തുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. മനക്കു മുന്നിലുളള റോഡില്‍, കിലോ മീറ്ററുകളോളം നീളുന്ന വാഹനങ്ങളുടെ നിര ഇതിന് ഉദാഹരണമാണ്. ഇന്ന് പാസ്സു മൂലം ഈ തിരക്കു നിയന്ത്രിച്ചുവരുന്നു. ഇത് മനയുടെ സംരക്ഷണചിലവുകള്‍ക്കും ഒരു മുതല്‍കൂട്ടാകുന്നു.

ഇന്ന് “കൊറോണക്കാലം” എല്ലാ രംഗങ്ങളെയും ബാധിച്ചിട്ടുള്ള പോലെ മറ്റു കലാ, സിനിമാ മേഖലകളെയും, ചിത്രീകരണങ്ങളെയുമൊക്കം ബാധിച്ചിട്ടുണ്ട്. വളരെയേറെ കലാകാരന്മാരും കുടുംബങ്ങളും ഇതിന്റെ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. എത്രയും പെട്ടെന്ന് ഇതിനൊക്കെ ഒരു അറുതി വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം. കാലം തന്നെ എല്ലാറ്റിനും മരുന്നും, മാറ്റവും കണ്ടെത്തും. അങ്ങിനെ വീണ്ടും വരിക്കാശ്ശേരി മനയില്‍ ആളും, ആരവവും ഉയരട്ടെ എന്നും  പ്രത്യാശിക്കാം.

ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com

വരിക്കാശ്ശേരി മന (ശങ്കര്‍, ഒറ്റപ്പാലം)വരിക്കാശ്ശേരി മന (ശങ്കര്‍, ഒറ്റപ്പാലം)
Join WhatsApp News
Babu shankar 2020-07-07 00:02:04
Very informative regarding ottappalam story. Well done Mr.shankar. Even I am from ottappalam I didn’t know this much regarding ottappalam. Please continue to write something like this . 🙏
Prbhakaran Cheeranchira 2020-07-07 02:01:43
Nice and informative
പ്രസാദ് 2020-12-27 14:34:17
നന്നായി മനയുടെ വിവരണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക