Image

അന്നത്തെ വായന (ഷുക്കൂർ ഉഗ്രപുരം)

Published on 04 July, 2020
അന്നത്തെ വായന (ഷുക്കൂർ ഉഗ്രപുരം)
''ആര്‍ക്കും പുസ്തകം കടം കൊടുക്കരുത്. കൊടുത്താല്‍ പുസ്തകം തിരിച്ച് ഉടമയിലെത്തുകയില്ല. എന്റെ അലമാരയിലെ ഈ പുസ്തകങ്ങള്‍ തന്നെ നോക്കൂ. ഇവയൊന്നും എന്റെയല്ല. മറ്റുള്ളവര്‍ വായിക്കാന്‍ തന്നവയാണ്''(അനത്തോള്‍ ഫ്രാന്‍സ്). അനത്തോള്‍ ഫ്രാന്‍സിന്റെ ഈ വാക്യം ഇന്ത്യപോലുള്ള വ്യക്തി വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളുടെ പശ്ചാതലത്തില്‍ ഒട്ടും ശരിയോ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതോ അല്ല. വായനയെ പരോക്ഷമായി നിരുത്സാഹപ്പെടുത്തുന്നതും സോഷ്യലിസ്‌ററ് വിരുദ്ധവും സ്വാര്‍ത്ഥതയിലധിഷ്ടി തവുമാണീ വാചകം. എന്നാല്‍ വലിയ വായനാ സമൂഹമായ മലയാളികള്‍ അനത്തോള്‍ ഫ്രാന്‍സിന്റെ വാചകത്തെ കൂടുതല്‍ ഉദ്ധരിക്കാറുണ്ട്.

സാമൂഹിക വല്‍ക്കരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പുസ്തകങ്ങള്‍. സമൂഹത്തെ കുറിച്ച് ഉള്‍ക്കാഴ്ച്ച നല്‍കാനും ആരോഗ്യകരമായ വ്യവഹാരങ്ങള്‍ നടത്താനും വായന മനുഷ്യനെ സഹായിക്കുന്നു. ജീവിതത്തിലെ മറ്റേതൊരു വിഭവത്തേയും പോലെ തന്നെയാണ് പുസ്തകങ്ങളും. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കടം കൊടുക്കണം. മറ്റേതൊരു വിഭവത്തിന്റെ കാര്യത്തിലുമെന്നപോലെ കടം സ്വീകരിച്ചവന്‍ അവ തിരിച്ച് നല്‍കാന്‍ ബാധ്യസ്ഥനുമാണ്. വായിക്കപ്പെടുമ്പോഴാണ് പുസ്തകങ്ങള്‍ സചേതനമാകുന്നത്, അതല്ലെങ്കില്‍ അവ കേവലം ചട്ടക്കുള്ളിലെ ചത്തു മലച്ച അക്ഷരക്കൂട്ടങ്ങള്‍ മാത്രമാണ്. പല യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റിലെ ഗ്രന്ഥപ്പുരകളും വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് കൊടുക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ട്. ഗ്രന്ഥങ്ങള്‍ കുട്ടികള്‍ നഷ്ടപ്പെടുത്തിയാല്‍ സാമ്പത്തിക നഷ്ടം വകവെച്ച് നല്‍കേണ്ടിവരുന്നത് ലൈബ്രറി ചുമതലയുള്ള അധ്യാപകരാവും എന്നതാണ് പ്രധാന കാരണം. യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളുടെ 'അക്കാദമിക് റൈറ്റ്‌സിന്റെ' ലംഘനമാണിത്.



എല്‍ പി സ്‌കൂള്‍ പഠന കാലത്ത് സുഹൃത്ത് ഹക്കീം ബാലരമയും ബാലഭൂമിയും ഉള്‍പ്പടെയുള്ള കഥാപുസ്തകങ്ങള്‍ സ്‌കൂളില്‍ കൊണ്ടുവരും. എന്നിട്ട് അവ വാടകക്ക് നല്‍കുമായിരുന്നു! ഒരു രൂപ നല്‍കിയാല്‍ ഒരുദിവസം വീട്ടില്‍ കൊണ്ടുപോകാം, വായിച്ച് പിറ്റേ ദിവസം തിരിച്ച് നല്‍കിയാല്‍ മതി. ക്ലാസ്സിലെ ഞങ്ങളെല്ലാവരും അങ്ങനെ അധികം പണം മുടക്കില്ലാതെ അവ വായിച്ച് തീര്‍ക്കും. അവനും വായിക്കും, മാത്രമല്ല അവന്‍ വാങ്ങിയതിന്റെ നാലിരട്ടി പണം വരെ അവന് ലാഭവും കിട്ടുമായിരുന്നു. കുട്ടിക്കാലത്തെ ആ പ്രവൃര്‍ത്തിയില്‍ ധൈഷണികമായ വലിയൊരു രസതന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് തോന്നുന്നു.

മുമ്പ് ബുക്ക് ഫെയറിലും മറ്റും തിരക്കില്ലാത്ത സമയം ചെന്ന് പുസ്തകം മറിച്ച് നോക്കി മൂന്നോ നാലോ പേജ് മാത്രം ഒന്നോടിച്ച് വായിച്ച് മനസ്സിലെ നോട്ടുപുസ്തകത്തില്‍ ആ പേര് കുറിച്ചിടും, പണമുണ്ടായിട്ട് വാങ്ങണം എന്ന് എഴുതി വെക്കും. അങ്ങനെ ചില പുസ്തകങ്ങള്‍ വാങ്ങി വെച്ചിട്ടുണ്ട്. അവയില്‍ മുഴുവന്‍ പുസ്തകങ്ങളും വായിച്ച് തീര്‍ക്കാന്‍ മടി കാരണം കഴിഞ്ഞിട്ടില്ല. ഒരുപാട് കാത്തിരുന്ന് അലഞ്ഞു നടന്ന് തേടിപ്പിടിച്ച് വാങ്ങിയ ഒരു പുസ്തകമാണ് ഇബ്നു ഖല്‍ദൂന്‍ രചിച്ച മുഖദ്ധിമയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള വിവര്‍ത്തനം. ഏതായാലും അത് അന്ന് ഇരുന്ന് വായിച്ചു. നാലായിരം രൂപ മാത്രം ശമ്പളം കിട്ടിയിരുന്ന കാലത്താണ് കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങിയത്. വാങ്ങിയ പുസ്തകങ്ങളൊന്നും അധികം വായിച്ചിട്ടില്ല. നാലാം ക്ലാസ്സ് മുതല്‍ സ്ഥിരമായി പത്രം വായിക്കാറുണ്ടായിരുന്നു, സ്‌പോര്‍ട്‌സ് പേജ് അന്ന് അരിച്ച് പെറുക്കി വായിക്കും. തലേ ദിവസം കണ്ട ക്രിക്കറ്റ് മാച്ചിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും വായിക്കും. എട്ടാം ക്ലാസ്സ് മുതല്‍ അഞ്ചിലേറെ പത്രങ്ങള്‍ വായിച്ചു, ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ വീട്ടുകാര്‍ പാഠപുസ്തകത്തില്‍ മാത്രം തളച്ചിടാന്‍ പരിശ്രമിച്ചു.

പലപ്പോഴും വീട്ടുകാരെ പോലെത്തന്നെ അധ്യാപകരും സിലബസിന് പുറത്തുള്ള വായനയെ ഒട്ടും പ്രോല്‍ സാഹിപ്പിച്ചിരുന്നില്ല. പാഠപുസ്തക ചട്ടക്കുള്ളില്‍ വായനക്ക് മതില്‍ കെട്ടാനായിരുന്നു അവരും പരിശ്രമിച്ചത്, ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിക്കാത്ത പാഠം വായിച്ചാല്‍ അന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരുന്നു. എന്റെ അദ്ധ്യാപകരുടെ കൂട്ടത്തില്‍ ആധികാരികമായി സിലബസിന് പുറത്തുള്ള വായനയെ തുടര്‍ച്ചയായി പ്രോല്‍സാഹിപ്പിച്ചതും വിടാതെ വായനയെ പിന്തുടരാന്‍ ഗൗരവത്തില്‍ നിര്‍ദേശിച്ചതും ഒരേ ഒരു അദ്ധ്യാപകന്‍ മാത്രമാണ്, ഞങ്ങളുടെ സോഷ്യോളജി അദ്ധ്യാപകന്‍ അഡ്വ. റഫീഖ് മാഷ്. അന്ന് മാഷ് പറയുന്ന ഒരു ഡയലോഗ് ഇപ്പോഴും ഓര്‍ക്കുന്നു,- ''പത്ത് രൂപ കയ്യില്‍ കിട്ടുമ്പോള്‍ മഞ്ചും ഐസ്‌ക്രീമും വാങ്ങി ചുറ്റിത്തിരിഞ്ഞ് നടക്കുന്നവന്‍ മൊയന്താണ്, ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പെങ്കിലും വാങ്ങി വായിക്കുന്നവനേ വിവരമുണ്ടാകൂ''. സത്യത്തില്‍ ആ വാക്കുകളൊക്കെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ക്ലാസ് മേറ്റ് നിഷാദ് ഇക്കണോമിക്‌സ് ക്ലാസ്സ് കട്ട് ചെയ്ത് പുറത്ത് പോയി, നിഷാദിനെതിരെയുള്ള പരാതി റഫീഖ് മാഷുടെ അടുത്തെത്തി. നിഷാദിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു മാഷ് ചോദ്യം ചെയ്തു, ''എന്തിനാണ് നീ ക്ലാസ് കട്ട് ചെയ്തത്'' ? - മാഷ് ചോദിച്ചു. ''സാറേ ഇക്കണോമിക്‌സ് സാറിന്റെ ക്ലാസ് എനിക്കൊന്നും മനസ്സിലാകാറില്ല. പക്കാ ബോറിംഗ് ആണ്, ഞാന്‍ അപ്പുറത്തെ കടയില്‍ പോയി മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജ് മുഴുവന്‍ വായി ച്ച് തീര്‍ത്തു. ഈ ക്ലാസ് കേള്‍ക്കുന്നതിലും ബേധം അതാണ്'' - നിഷാദ് പറഞ്ഞു. ക്ലാസ് കട്ട് ചെയ്താല്‍ സാറ് എന്തെങ്കിലുമൊക്കെ പണിഷ്‌മെന്റ് നല്കാറുണ്ടായിരുന്നു. മുമ്പ് ഞങ്ങളുടെ ക്ലാസ്സിലെ റസീനയും കൂട്ടുകാരിയും ക്ലാസ്സ് കട്ട് ചെയ്തതിന് മാഷ് കൊടുത്ത പണിഷ്‌മെന്റ് ''ഇനി ക്ലാസ്സ് കട്ട് ചെയ്യില്ല'' എന്ന് നൂറ് തവണ ഇമ്പോസിഷന്‍ എഴുത്തായിരുന്നു. നിഷാദിന് കിട്ടുന്ന പണിയോര്‍ത്ത് ഞങ്ങള്‍ ഊറ്റം കൊണ്ടു, ക്ലാസ്സില്‍ വന്നുള്ള അവന്റെ ബുദ്ധി ജീവി നാട്യം അസൂയ കാരണം ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റിയില്ല. അവന്റെ ജേഷ്ടന്‍ അന്ന് ഏതോ ഒരു ഇംഗ്ലീഷ് വാരികയുടെ എഡിറ്ററായിരുന്നു. അവന്റെ വീട് സന്ദര്‍ശിച്ച കൂട്ടുകാര്‍ അവിടുത്തെ വന്‍ ഗ്രന്ഥ ശേഖരം കണ്ട് അവനോട് അസൂയ വെച്ചിരുന്നു. ഞങ്ങളൊക്കെ ബോറന്‍ ക്ലാസ്സ് സഹിക്കുമ്പോള്‍ അവന്‍ മാത്രം പുറത്ത് പോകുന്നതാണല്ലോ, ഏതായാലും മാഷ് അവനെ ഒന്നും ചെയ്തില്ല, ''ഇന്ന് വായിച്ചതിനെ കുറിച്ച് നോട്ട് പുസ്തകത്തില്‍ ഒരു റിവ്യൂ'' എഴുതി വരാന്‍ പറഞ്ഞു. അവന്‍ അതെഴുതി കൊടുക്കുകയും ചെയ്തു .

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുഹമ്മദ് മാഷായിരുന്നു ഞങ്ങളുടെ സാമൂഹിക ശാസ്ത്ര അദ്ധ്യാപകന്‍, ക്ലാസിനിടെ ഓരോ സന്ദര്‍ഭങ്ങളിലും അവസരത്തിനൊത്ത ചോദ്യം പൊതുവായി സാറ് ചോദിക്കും. പൊതു വിജ്ഞാനമാണെങ്കില്‍ ഞാന്‍ ചാടിക്കേറി ഉത്തരം പറയും. പഠിപ്പിസ്റ്റല്ലാത്ത എന്നെയും മാഷ് ക്ലാസ്സില്‍ അഭിനന്ദിച്ചു, - ''പൊതു വിജ്ഞാനം എന്ത് ചോദിച്ചാലും സ്ഥിരമായി ഓനാണ് ഉത്തരം പറയുക, മിടുക്കന്‍'' എന്ന ആ വാക്കാണ് എന്റെ ഓര്‍മ്മയില്‍ വായനക്ക് കിട്ടിയ ആദ്യ സമ്മാനം. സ്‌കൂള്‍ പഠന കാലത്ത് എന്‍ സി സി യില്‍ മൂന്ന് വര്‍ഷം വളരെ സജീവമായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ എന്‍ സി സി മാഷ് റിട്ടേര്‍ഡ് ആയി, പകരം ഇന്‍ചാര്‍ജുള്ള സാറിന് ട്രെയിനിംഗ് ലഭിച്ചിരുന്നില്ല. പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് ട്രെയിനിംഗ് ലഭിച്ചത്. സീനിയര്‍ എന്‍ സി സി കേഡറ്റുകളായ ഞങ്ങള്‍ നാലഞ്ചു പേരാണ് കാര്യങ്ങള്‍ ചെയ്യാന്‍ സാറിനെ സഹായിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എന്‍ സി സി ഓഫീസില്‍ നിന്നും പട്ടാളക്കാര്‍ ഞങ്ങളെ പരിശീലിപ്പിക്കാന്‍ ആഴ്ച്ചയിലെ എല്ലാ പരേഡ് ദിനങ്ങളിലും വന്നിരുന്നു. ഉത്തരേന്ത്യയിലെ പട്ടാളക്കാരായിരുന്നു അവരില്‍ ഭൂരിഭാഗവും. അവരോട് സംസാരിക്കാന്‍ ഹിന്ദി ഭാഷ അറിയല്‍ അനിവാര്യമാ യിരുന്നു. തല്‍ക്കാലം തട്ടിക്കൂട്ടി ഗ്രാമറൊന്നുമില്ലാതെ ഞാനും ജാബിറുമൊക്കെ അവരോട് സംസാരിക്കും. ആയിടക്കാണ് ഞങ്ങളുടെ ഹിന്ദി മാഷ് ലത്തീഫ് സാറിന്റെ ടേബിളില്‍ ഹിന്ദി പഠന സഹായിയുടെ ഒരു പഴയ പിഞ്ഞിയ പുസ്തകം കാണുന്നത്. ഞാനതെടുത്തു, മാഷിന് പിന്നെ അത് തിരിച്ചു കൊടുത്തില്ല. അത് മറിച്ച് നോക്കി ആവശ്യമുള്ള കുറിപ്പുകളെഴുതി ഇരുന്നു പഠിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമറോടെ സംസാരിച്ചു തുടങ്ങി. പിന്നീട് 'സാഹബ്മാരുടെ' അടുത്ത് മൈം കര്‍ത്താവായി വരുമ്പോള്‍ 'ഹൂീ' എന്നൊക്കെ ചേര്‍ത്ത് സംസാരിച്ച് തുടങ്ങി. കൂട്ടുകാര്‍ക്കിടയില്‍ വലിയ അംഗീകാരമുള്ള ആളാവാനും കഴിഞ്ഞു.

അങ്ങനെ വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു. അന്യന്റെ മുതലുകളൊക്കെ തിരിച്ച് കൊടുക്കണമെന്ന ഒരു ബോധം എപ്പഴോ പിടികൂടി. രണ്ട് പുസ്തകങ്ങളല്ലാതെ കാര്യമായൊന്നും തിരിച്ച് കൊടുക്കാനുണ്ടായിരുന്നില്ല. ഒരു പുസ്തകം വായിക്കാന്‍ വേണ്ടി എന്റെ പി ജി കാലത്തെ സ്‌നേഹ നിധിയായ അധ്യാപിക ഡോ. ഭാനു ഗായത്രി ദേവിയുടെ കയ്യില്‍ നിന്നും കയ്യോടെ വാങ്ങിയതായിരുന്നു. മാഡം തന്നെ എഴുതിയ പുസ്തകമായിരുന്നു അത്. വായിച്ചു കഴിഞ്ഞിട്ടും അത് തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മാഡത്തോട് പറഞ്ഞപ്പോള്‍ ആ പുസ്തകം നീയെടുത്തോ എന്ന് പറഞ്ഞു. അപ്പോഴും ഹിന്ദി പുസ്തകം എന്നെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. ഏതായാലും കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ബാച്ചിലെ സഹപാഠികളെല്ലാം ഒരു ഒത്തുകൂടല്‍ സംഘടിപ്പിച്ചു. എനിക്കും സുഹൃത്തുക്കളായ സഹീറിനും എം പി സക്കീര്‍ മാനുപ്പക്കും (ഫുട്‌ബോളര്‍) പിന്നെ വേറെ കുറെ കൂട്ടുകാര്‍ക്കും ആദരവോടെ ഷീല്‍ഡൊക്കെ സമ്മാനിച്ചു, അന്ന് ഞങ്ങളുടെ അധ്യാപകരില്‍ കുറേ പേര്‍ വന്നിരുന്നു. ഹിന്ദി പുസ്തകത്തിന്റെ ഉടമസ്ഥന്‍ ലത്തീഫ് മാഷും ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ മാഷിന്റെയടുത്ത് തന്നെയിരുന്നു. സംഭാഷണത്തിനിടയില്‍ ഞാന്‍ എന്റെ കയ്യിലുള്ള 'കൊള്ള മുതലിനെ' കുറിച്ച് പറഞ്ഞു. മാഷ് സന്തോഷത്തോടെ ചിരിച്ചു, എന്നിട്ട് ചോദിച്ചു - ''നിനക്ക് ആ പുസ്തകം പ്രയോജനപ്പെട്ടോ''? ഹിന്ദിപഠിച്ചതും മിലിറ്ററി ഓഫീസേഴ്‌സിന്റെ അടുത്ത് സംസാരിച്ചതും എന്‍ സി സിയില്‍ ആളായതുമൊക്കെ ഞാന്‍ വിശദീകരിച്ച് പറഞ്ഞു. സാറ് എന്റെ തള്ള് നന്നായി ആസ്വദിച്ചു, അങ്ങനെ ആ പുസ്തകം എനിക്ക് പതിച്ച് നല്‍കി.

പി ജിക്ക് പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി (ഭാരതീദാസന്‍) ക്യാമ്പസ്സില്‍ വിശാലമായ ലൈബ്രറി ഉണ്ടായിരുന്നു. എന്നും വൈകുന്നേരം ഒരു മണിക്കൂര്‍ ഞങ്ങളുടെ വകുപ്പ് മേധാവി ഡോ. ആര്‍ ശങ്കര്‍ ഞങ്ങളെ ലൈബ്രറിയിലേക്കയച്ചിരുന്നു. യൂണിവേഴ്സിറ്റി സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് ഏഴ് പുസ്തകങ്ങളാണ് ഒരു സമയം അനുവദിക്കപ്പെട്ടിരുന്നത്. വലിയ വായനക്കാരനാണെന്ന ദുരഭിമാനം കാണിക്കാന്‍ വേണ്ടി ഞാന്‍ ഒരു പുസ്തകം വായിക്കാനെടുക്കുമ്പോള്‍ ലൈബ്രറിയില്‍ നിന്നും മറ്റ് ആറ് പുസ്തകങ്ങള്‍ കൂടെ ചേര്‍ത്ത് വാങ്ങി. കൃത്യ സമയത്ത് ഫൈന്‍ കൂടാതെ പുസ്തകം തിരിച്ച് നല്‍കുന്നത് കൊണ്ട് ലൈബ്രെറിയനും എന്നെ ഏറെ ഇഷ്ടമായിരുന്നു. ഒരു പുസ്തകം തീര്‍ത്ത് വായിക്കുമ്പോള്‍ മറ്റ് ആറ് പുസ്തകങ്ങളുടെ ആമുഖം മാത്രം വായിക്കും, വെറുതെ ഒന്ന് മറിച്ച് നോക്കുകയും ചെയ്യും. രണ്ട് വര്‍ഷത്തെ പി ജി പഠന കാലത്ത് ലൈബ്രറി പുസ്തകം തിരിച്ച് നല്‍കാന്‍ വൈകിയതിന് ഒരു തവണ പോലും ഫൈന്‍ അടക്കേണ്ടി വന്നിട്ടില്ല. സിലബസുമായി ബന്ധപ്പെട്ട ഏറ്റവും നല്ലപുസ്തകം ഞാന്‍ തിരഞ്ഞെടുക്കുമായിരുന്നു, തിരഞ്ഞെടുത്ത പുസ്തകത്തില്‍ സ്ഥിരം കൂടുതല്‍ വിശ്വാസമര്‍പ്പിച്ച ഗുരുക്കന്മാരുണ്ടായിരുന്നു എനിക്കന്ന്. ഞങ്ങളെ ''റൂറല്‍ സോഷ്യോളജി'' പഠിപ്പിച്ചിരുന്നത് അമ്പു കവിത മാഡമായിരുന്നു, ഞാനെടുത്ത പുസ്തകം അവര്‍ ലൈബ്രറിയില്‍ തിരിച്ച് കൊടുക്കാന്‍ വൈകിയത് കാരണം അന്ന് അവര്‍ക്ക് ഫൈന്‍ അടക്കേണ്ടി വന്നിരുന്നു. അന്ന് സ്‌നേഹ നിധിയായ സുഹൃത്ത് ഡോ. അനില്‍ കുമാര്‍ (അസി. പ്രഫസര്‍: നാഷണല്‍ ലോ യൂണിവാഴ്‌സിറ്റി, ട്രിച്ചി) അവിടെ എം ഫില്‍ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം എല്ലാ ആഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്ന് ഞാന്‍ അത് വായിക്കാറുണ്ടായിരുന്നു. സുഹൃത്ത് സുമേഷ് ഫ്രണ്ട്‌ലൈന്‍ വരുത്താറുണ്ടായിരുന്നു. ഞാന്‍ അത് വായിക്കാതെ വെറുതെ ഒന്ന് മറിച്ച് നോക്കുക മാത്രം ചെയ്യും.

ബി എ പഠന കാലത്താണ് കൂടുതല്‍ ആസ്വദിച്ച് വായിച്ചത്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി തുടങ്ങിയതും അക്കാലത്താണ്. എന്റെ അധ്യാപകരുടെ കൂട്ടത്തില്‍ എഴുതാനുള്ള തീക്ഷ്ണമായ പ്രചോദനം നല്‍കിയതും റഫീഖ് മാഷായിരുന്നു. പ്രഫ. അബ്ദുല്‍ റഷീദ് സാറും, എം. പി ചന്ദ്രന്‍ സാറും, റഊഫ് മാഷും, ഹനീഫ് സാറും, മന്‍സൂര്‍ സാറും, ഉമ ടീച്ചറും, ശ്രീദേവി മിസ്സും, ഡോ. അബിന്‍ഷ സാറും, സുസ്മ ടീച്ചറും സഹപാഠികളും സുഹൃത്തുക്കളുമായിരുന്ന അശ്കറും ജാബിറും മുഹ്‌സിന പി എയും പ്രശോബും ഷമീറും ഉള്‍പ്പടെ അനേകം കൂട്ടുകാര്‍ എഴുത്തിനും വായനക്കും നല്‍കിയ പ്രചോദനവും സ്മരണീയമാണ്.

(ലേഖകന്‍ ഭാരതിദാസന്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പി എച്ച് ഡി ഗവേഷണ വിദ്യാര്‍ത്ഥിയാണ്) 
Join WhatsApp News
Jyothylakshmy Nambiar 2020-07-05 10:52:31
വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ ആരും അധികവും മറ്റുള്ളവർക്ക് കൊടുക്കാറില്ല. കാരണം തന്റെ പുസ്തക ശേഖരത്തിൽ നിന്നും അത് നഷ്ടമാകുന്നു. തിരിച്ച് നൽകുക എന്ന സ്വഭാവം ഇന്നും പലർക്കും കാണാറില്ല. മറ്റൊന്ന് പണ്ട് കാലങ്ങളിൽ പാഠ്യവിഷയമല്ലാത്ത എന്തെങ്കിലും വായനയെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നത് ശരിയാണ്. എന്നാൽ ഇന്ന് ആ ചിന്തകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായിട്ടു പോലും നൽകുന്നു. പക്ഷെ കുട്ടികളുടെ വായനാ സ്വഭാവം മാറിയിരിയ്ക്കുന്നു .
josecheripuram 2020-07-05 15:43:47
There are few things you should never lend.Books,Pen,Car,Wife. People does not use it carefully,because it's not theirs.And often doesn't return.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക