Image

ജെസ്സി ( കവിത: സാൻ)

Published on 05 July, 2020
ജെസ്സി ( കവിത: സാൻ)
അനാഥാലയത്തിന്റെ ചുറ്റുമതിലിനപ്പുറം
നീണ്ടു പരന്ന
കടലാണ്.
അന്തിക്ക് മീൻപിടിക്കാൻ പോകുന്ന
മുക്കുവന്മാർ
പുലർച്ചയ്ക്ക് തിരിച്ചുവരുമ്പോഴാണ്
ഞങ്ങൾ ഉണർന്ന്
പ്രാർത്ഥനാ മുറിയിലേക്ക് നടക്കാറുള്ളത്.
ജെസ്സിക്കൊപ്പമാണ്
ഞാനെന്നും ഉറങ്ങാറുള്ളത്.
ഞാനും ജെസ്സിയും
രാത്രിയും പകലും പോലെയാണ്.
തമ്മിലെപ്പോഴും
ഞങ്ങൾക്ക് തൊട്ടുകൊണ്ടേയിരിക്കണം.
നാലുവയസ്സുള്ളപ്പോഴാണ്
ജെസ്സിയിവിടേക്ക് വരുന്നത്.
ഞാൻ,
ജനിച്ചപ്പഴേ തൊട്ട്
ഇവിടെയാണെന്നാണ്
കരുണാകരൻ മുത്തശ്ശന്റെ അറിവ്.
അത്താഴത്തിലും
കുളിയിലും
ഉറക്കത്തിലും
ഞങ്ങൾ
ഉപ്പും,  ഉടലും,
സ്നേഹവും,
നിരന്തരം
പങ്കുവച്ചുകൊണ്ടേയിരുന്നു.
നീണ്ടു മെലിഞ്ഞ ജെസ്സിയുടെ
അരക്കെട്ടിനു താഴെയുള്ള
പരുപരുത്ത രോമങ്ങളും,
കൂർത്തു നിൽക്കുന്ന
എന്റെ മുലകളുടെ
ഇടനാഴിയും
ഞങ്ങൾക്കിടയിലെ
പ്രണയനിമിഷങ്ങളിൽ
അത്യധികം പങ്കുകാരായി.
ഞങ്ങൾ രണ്ടുപേർ
മറ്റെല്ലാവരിൽനിന്നും
ഒറ്റപ്പെട്ട
ഒരു സ്നേഹത്തിന്റെ
വിത്തുപോലെയായിരുന്നു.
ഞങ്ങൾ
എപ്പോഴും
മുളച്ചുകൊണ്ടേയിരുന്നു.
രണ്ടുപെണ്ണുങ്ങൾ
ചേരുമ്പോൾ
ഭൂമിയിൽ
വിവർത്തനാതീതമായ
ഒരു കവിത രൂപപ്പെടുകയാണെന്ന്
ജെസ്സി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്
എന്നിട്ടും
എന്ത് കാരണത്താലാണ്
ഉമ്മവച്ചൊട്ടിപ്പിടിച്ചിരുന്ന
ഞങ്ങളെ
വാർഡനും അമ്മച്ചിയും
ചേർന്ന് അടർത്തി മാറ്റിയത്
ഒരിക്കലും കാണാത്തത്ര
ദൂരത്തേക്ക്
ഞങ്ങളെ
മാറ്റിപ്പാർപ്പിച്ചത്
ഇപ്പോൾ
ഞാനും ജെസ്സിയും
കടലു വറ്റുമ്പോഴുള്ള
രണ്ടു മീനുകളെപ്പോലെയാണ്
ഉപ്പുകാറ്റിന്റെ
ഓർമ്മയിൽ
മയിലുകൾക്കപ്പുറത്തെ ജനലിൽ
ജെസ്സിയും ഇപ്പുറത്തേതിൽ
ഞാനും
ജീവിതം ഇരമ്പലുകളില്ലാത്ത,
കുതിച്ചുചാട്ടങ്ങളില്ലാത്ത
ഒരു മരണവാർത്തയായി
വായിച്ചുകൊണ്ടേയിരിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക