Image

വിശുദ്ധ ഹജ് : പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു .അനുമതി ഉള്ളവര്‍ക്ക് മാത്രം പ്രവേശനം

Published on 06 July, 2020
വിശുദ്ധ ഹജ് : പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു .അനുമതി ഉള്ളവര്‍ക്ക് മാത്രം പ്രവേശനം


റിയാദ് :കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ഈ വര്‍ഷത്തെ  ഹജിന് ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രം പ്രത്യേക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു  .ഇതനുസരിച്ച് ഹജ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ഈ മാസം 10 മുതല്‍  ആഗസ്റ്റ് രണ്ടു (ദുല്‍ഹജ് 12) വരെ മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ തസ്രീഹില്ലാതെ(അനുമതി പത്രം  )  പ്രവേശനം നല്‍കില്ല. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായവരെ പരിശോധിക്കുകയും അവര്‍ക്ക് പ്രത്യേക ബസ്, റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

രോഗലക്ഷണങ്ങളുള്ളവരെ ഹജിന് അനുവദിക്കില്ല. മാസ്‌ക് ധരിക്കുകയും എല്ലാ സ്ഥലങ്ങളിലും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം. മൊബൈല്‍, മുടിവെട്ടാനുള്ള ഉപകരണങ്ങള്‍ അടക്കം വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പങ്കുവെക്കരുത്. പ്രിന്റ്ഡ്  പേപ്പറുകള്‍ അനുവദിക്കില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളില്‍ സംസം വിതരണം ചെയ്യും. നേരത്തേയുള്ള സംസം കണ്ടെയ്നറുകള്‍ ഉണ്ടാവില്ല.</p>
ഹജ് അവസാനം വരെ ഓരോ ഗ്രൂപ്പിനും പ്രത്യേകം ബസുകളും വ്യക്തികള്‍ക്ക് പ്രത്യേകം സീറ്റ് നമ്പറുകളും നല്‍കും. ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യണം. ആര്‍ക്കെങ്കിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ ആ ബസ് അണുവിമുക്തമാക്കിയ ശേഷമേ യാത്ര തുടരുകയുള്ളൂ.
ബസില്‍  ഉള്ള സീറ്റില്‍   50 ശതമാനം മാത്രമേ ഉപയോഗിക്കാവൂ. മുടി വെട്ടുന്നവര്‍ മാസ്‌കും കൈയുറയും ധരിക്കലടക്കം എല്ലാ വ്യവസ്ഥകളും പാലിക്കണം. പത്തിലധികം ഹാജിമാര്‍ ഒരു ടെന്റില്‍ പാടില്ല. 
ത്വവാഫ് ചെയ്യുമ്പോഴും ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഹറമിനുള്ളില്‍ എവിടെയും ആള്‍ക്കൂട്ടം പാടില്ല. കഅ്ബയും ഹജറുല്‍ അസ്വദും തൊടാനോ ചുംബിക്കാനോ അനുവദിക്കില്ല. ബാരിക്കേഡുകളില്‍ നിന്നും അകലം പാലിക്കണം. മസ്ജിദുല്‍ ഹറാമില്‍ കാര്‍പറ്റ് ഉണ്ടാവില്ല. എല്ലാവരും സ്വന്തം മുസ്വല്ല കൊണ്ടുവരണം. തഥ്മന്‍, തവക്കല്‍നാ, തബാഉദ് ആപുകള്‍ എല്ലാവരും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. രോഗവിവരം മറച്ചുവെക്കരുതെന്നും നിബന്ധനകളില്‍ പറയുന്നു. ജംറകളിലെ കല്ലേറിന് അണുവിമുക്തമാക്കിയ കല്ലുകള്‍ പ്രത്യേക പാക്കറ്റുകളില്‍ നല്‍കും. സാമൂഹിക അകലം പാലിച്ച് ഒരേ സമയം 50 പേരാണ് കല്ലേറിന് ജംറകളുടെ ഓരോ നിലകളിലും ഉണ്ടാവുക.പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ഉപയോഗിക്കണം 







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക