Image

സൂഫിയും സുജാതയും; വാക്കുകളില്‍ ഒതുങ്ങാത്ത നന്ദിയുമായി പ്രേക്ഷക; പങ്കുവച്ച് ജയസൂര്യ

Published on 06 July, 2020
സൂഫിയും സുജാതയും; വാക്കുകളില്‍ ഒതുങ്ങാത്ത നന്ദിയുമായി പ്രേക്ഷക;  പങ്കുവച്ച് ജയസൂര്യ

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ ജയസൂര്യയ്ക്ക് ലഭിച്ച വ്യത്യസ്തമായ അഭിനന്ദന വിഡിയോ ശ്രദ്ധേയമാകുന്നു. സംസാരശേഷിയില്ലാത്ത ഒരു പെണ്‍കുട്ടി ആംഗ്യഭാഷയില്‍ ചിത്രത്തെ പ്രശംസിക്കുന്നതാണ് വിഡിയോ. നടന്‍ ജയസൂര്യയാണ് പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.


ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുജാത സംസാരശേഷിയില്ലാത്ത ഒരു നര്‍ത്തകിയാണ്. സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ പ്രണയത്തെ തീവ്രമായി അനുഭവിപ്പിക്കുന്ന ചിത്രത്തില്‍ സുജാതയായി അദിതി റാവു ഹൈദരി ചെയ്ത വേഷം അതിമനോഹരമാണെന്നാണ് പ്രേക്ഷപക്ഷം. ചിത്രത്തില്‍ അദിതി ഉപയോഗിക്കുന്ന ആംഗ്യഭാഷ സിനിമയുടെ പ്രമേയം പോലെ ലളിതവും നൃത്താത്മകവുമാണ്. ആ കഥാപാത്രം ഹൃദയത്തില്‍ തൊടുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ജയസൂര്യ പങ്കുവച്ച വിഡിയോ.


സിനിമയെക്കുറിച്ച് ദീര്‍ഘമായി തന്നെ ആംഗ്യഭാഷയില്‍ പെണ്‍കുട്ടി വിവരിക്കുന്നുണ്ട്. സിനിമയും അഭിനയവും സൂപ്പറാണെന്ന് വാക്കുകളുടെ ധാരാളിത്തമില്ലാതെ തന്നെ പെണ്‍കുട്ടി പറയുന്നു. സ്‌നേഹം പങ്കിടാന്‍ ശബ്ദം ആവശ്യമില്ലെന്നു വ്യക്തമാക്കുന്നതാണ് വിഡിയോ എന്നാണ് വിഡിയോയ്ക്ക് പ്രേക്ഷകരുടെ കമന്റ്. 

കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും കാഴ്ചകളുമാണ് സൂഫിയും സുജാതയും പങ്കുവയ്ക്കുന്നത്. ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക