Image

വൈക്കം മുഹമ്മദ് ബഷീര്‍ (1908 - 1994) (അനില്‍ മിത്രാനന്ദപുരം)

Published on 06 July, 2020
വൈക്കം മുഹമ്മദ് ബഷീര്‍ (1908 - 1994) (അനില്‍ മിത്രാനന്ദപുരം)
”കഥകള്‍ പറഞ്ഞ് പറഞ്ഞ്, സ്വയം കഥയായി മാറിയ എഴുത്തുകാരന്‍’’ എന്നാണ് മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ M.T. വാസുദേവന്‍ നായര്‍ സ്വന്തം ഗുരുവായി കണ്ട ശ്രീ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

“”കാലത്തിലേക്കു മറന്നിട്ട മനസ്സാക്ഷിയുടെ ജാലകപ്പഴുതായിരുന്നു ഈ കഥാകാരന്‍’’ എന്ന് പിന്നീട് ങ.ഠ. അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.

എഴുത്തിനു പുറമെ സംഗീതത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു ബഷീര്‍. ഗസലുകള്‍, സൂഫി ഗാനങ്ങള്‍ എന്നിവയുടെ തികഞ്ഞ ആസ്വാദകനായിരുന്നു അദ്ദേഹമെന്നത് കൈയിലുണ്ടായിരുന്ന ഗ്രാമഫോണിലെ സംഗീതശേഖരം തെളിയിക്കുന്നു. ഇതെല്ലാം എഴുത്തിലും പ്രണയകഥകളിലും ജീവിത മുഹൂര്‍ത്തങ്ങളിലും നൈര്‍മ്മല്യമേറിയ, ഇമ്പമേറിയ ഉപമകളും വ്യാഖ്യാനങ്ങളും കൊണ്ടുവരാന്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടാകാം.

ലാളിത്യവും സ്‌നേഹവും മാനവികതയും പ്രതീക്ഷയും പ്രണയവും നിറഞ്ഞുനില്‍ക്കുന്ന കൃതികളാണ് ബഷീറിന്റേത്.

ഉദാഹരണമായി, “”പാത്തുമ്മയുടെ ആട്’’ എന്ന ചെറുനോവലിലെ നായിക കുഞ്ഞുപാത്തുമ്മയുടെ കാലില്‍ അട്ട കടിക്കുന്ന സന്ദര്‍ഭമുണ്ട്. നിലവിളിച്ച് ആളെക്കൂട്ടാതെ, അട്ടയെ കൊല്ലാനായി ഒരു കോലെടുക്കുകയും, അതിനെ കുത്താന്‍ പോകുന്നതിനുമുന്‍പേ, “”അട്ടക്കും ഉമ്മായും ബാപ്പായും ഉണ്ടാകില്ലേ ?’’ എന്ന് ചിന്തിച്ച്, കോലുകൊണ്ട് അതിനെ വെള്ളത്തിലേക്ക് തട്ടിക്കളയുന്നു. എന്നിട്ട് “”ബലാലേ, എന്റെ ചോരമുഴുവന്‍ നീ കുടിച്ചില്ലേ ?’’ എന്നു പറയുന്ന നായിക !!
സ്‌നേഹം എന്ന വികാരം എത്ര സൂക്ഷ്മവും നിഷ്കളങ്കവുമായി വരച്ചുകാട്ടുന്നു എന്നത് സ്വന്തം വ്യക്തിത്വത്തില്‍ എത്രമാതം നൈര്‍മ്മല്യമുണ്ടെന്ന് നമുക്ക് കാണിച്ചുതരുന്നു.

ആഴവും പരപ്പും നിറഞ്ഞതാണ് ബഷീര്‍ സാഹിത്യം. അതിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ യാത്രകളും ജീവിതാനുഭവങ്ങളുമാണ്. ജീവിതയാത്രയിലെ മറ്റൊരനുഭവം ബഷീര്‍ എന്ന വ്യക്തിയിലെ മാനവികതയെ നമുക്ക് കാണിച്ചുതരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരത്തിലൊരിക്കല്‍, ഏതോ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്, കൊടുക്കാന്‍ കാശില്ലാതെ വന്നപ്പോള്‍, ക്ഷുഭിതനായ ഹോട്ടലുടമ തന്റെ വസ്ത്രങ്ങളോരോന്നായി അഴിച്ചുമാറ്റി. ഒടുവില്‍, കൈകൂപ്പി കേണപേക്ഷിക്കുന്ന ബഷീറിനു മുന്‍പില്‍ ഒരാള്‍ വന്ന് ഹോട്ടലുടമയുടെ പൈസ കൊടുക്കുകയും, കൈയിലുള്ള കുറേ പേഴ്‌സെടുത്ത് “”ഇതില്‍ നിന്റെയേതാണെങ്കില്‍ എടുക്കൂ” എന്നു പറയുന്ന പോക്കറ്റടിക്കാരന്‍. തന്റെ പേഴ്‌സ് കൊടുത്ത് തിരിച്ചുപോകുന്ന പോക്കറ്റടിക്കാരനോട് ദേഷ്യത്തിനുപകരം നന്ദിവാക്കു പറയുകയും, അയാളുടെ പേരു ചോദിക്കാന്‍ മറന്നുപോയെന്നു പിന്നീട് പരിതപിക്കുകയും ചെയ്യുന്ന ബഷീറിന്റെയുള്ളിലെ മാനവികത നമുക്ക് മാതൃകയാകുന്നു.

കാലത്തിനപ്പുറത്തും ജീവന്റെ ഓജസ്സും പ്രകൃതിയോടുള്ള അഭേദ്യമായ ബന്ധവും സ്‌നേഹവും ബഷീറിന്റെ കൃതികളില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍ തന്നെ പ്രകടമാണ്.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 1930-ല്‍ ജയിലിലായ അദ്ദേഹം അവിടെയും പൂന്തോട്ടമുണ്ടാക്കാനും ചെടികളെ പരിപാലിക്കാനും ഏറെ തല്‍പ്പരനായിരുന്നു. പിന്നിട്, വര്‍ഷങ്ങള്‍ക്ക് ശേഷം മാനസികവിഭ്രാന്തിയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും ആവശ്യപ്പെട്ടത് തനിക്ക് സൂര്യപ്രകാശം ലഭിക്കുന്ന ജനാലയുള്ള മുറി വേണമെന്നും, ചെടികളെ പരിപാലിക്കാനും പൂന്തോട്ടമുണ്ടാക്കാനും ഉള്ള സ്വാതന്ത്ര്യം വേണമെന്നുമാണ്. കാലങ്ങള്‍ക്കിപ്പുറം ആ ആതുരാലയത്തിലെ പൂന്തോട്ടത്തിന്റെ ഒരു ഭാഗം “”ബഷീര്‍ ഗാര്‍ഡന്‍” എന്ന പേരിലറിയപ്പെടുന്നു.

പ്രണയം എന്ന വികാരത്തിന്റെ പല ഭാവങ്ങളും വളരെ ശക്തമായും ഭംഗിയായും ചിത്രീകരിച്ച ഏറെ കൃതികളുണ്ട് ബഷീറിന്റേതായി.

“”ഭാഗ്ഗവിനിലയം’’ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് ബഷീറാണ്. മലയാളത്തില്‍ ആദ്യമായി ഒരു ലവബിള്‍ ഗോസ്റ്റിന് ബഷീര്‍ ജീവന്‍ നല്‍കി. അതിമനോഹരമായ പ്രണയമുണ്ടതില്‍. “”ബാല്യകാലസഖി’’ എന്ന കൃതിയില്‍ പ്രണയത്തിന്റെ നിഷ്കളങ്കതയും നിസ്സഹായാവസ്ഥയും വരച്ചുകാട്ടുന്നു. “”മതിലുകള്‍’’ എന്ന നോവലില്‍ മതിലുകള്‍ക്കിരുവശവും നിന്നുകൊണ്ട് പ്രണയിക്കുന്ന നായികയുടെയും നായകന്റെയും സംഭാഷണത്തില്‍ നായകന്‍ ഇങ്ങനെ പറയുന്നു.

“”രക്തചന്ദന നിറമുള്ള ഒരു റോസാപ്പൂ ഞാനപ്പുറത്തേക്ക് എറിഞ്ഞിരുന്നു. അത് ചവിട്ടിയരച്ചു കളയരുത്.’’ എന്ന്.

ആ റോസാപ്പു കൈയിലെടുത്ത് ഇതളുകളെ ചുംബിച്ചുകൊണ്ട് നായിക ചോദിക്കുന്നു.
“”ചവിട്ടിയരച്ചാലെന്ത് ?’’്

നായകന്റെ പ്രണയം നിറഞ്ഞ മറുപടി ഇതായിരുന്നു.
“”ഒന്നുമില്ല. അതെന്റെ പാവം ഹൃദയമായിരുന്നു !! ’

കണ്ണീര്‍പ്പൂക്കളും പുഞ്ചിരിയുടെ നിലാവും, രണ്ടും ഒരു നിശ്വാസത്തിന്റെ ഇരുവശങ്ങളാണെന്ന് കാട്ടിത്തന്ന ബഷീര്‍. ലളിതമായ പദങ്ങളില്‍ കൊരുത്ത് സൃഷ്ടിച്ചെടുക്കുന്ന ലോകം. നീയും ഞാനും എന്ന അവസ്ഥയില്‍ നിന്നും, നീ മാത്രമായി മാറുന്ന മരണം എന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന്റെ ജീവിതത്തിന് പരിസമാപ്തി കുറിച്ചെങ്കിലും... ബഷീറിന് മരണമില്ല. മലയാളിയും മലയാള ഭാഷയും മലയാള സാഹിത്യവും നിലനില്‍ക്കുന്ന കാലംവരെയും അദ്ദേഹം നമ്മുടെ ഹൃദയത്തിലും ചിന്തകളിലും ഓര്‍മ്മകളിലും വരികളിലും ഒരു പുല്‍ക്കൊടിയായി വീണ്ടും വീണ്ടും ജന്മമെടുത്തു കൊണ്ടേയിരിക്കും.


Join WhatsApp News
girish nair 2020-07-07 00:32:53
ശ്രീ വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള സാഹിത്യന്മാരുടെ കൃതികൾ പുതിയ തലമുറയ്ക്ക് കാട്ടികൊടുക്കുവാൻ താങ്കളെ പോലുള്ള സാഹിത്യ പ്രേമികൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ അനിൽ, താങ്കളുടെ വാക്കിന്റെ പൂക്കൽ, യാമിനി എന്ന പുസ്തകങ്ങൾ വായിച്ചു. നന്നായിരിക്കുന്നു. യാമിനിയിൽ കുറച്ച് പ്രണയം കുടിയില്ലേ?..... വായിച്ചിരിക്കേണ്ട കുറെ കവിതകൾ. പ്രണയത്തിന്റെ അപൂർവ സ്‌മൃതികൾ. നല്ലൊരു ഭാവി ആശംസിക്കുന്നു. നന്മ നേരുന്നു.
Sudhir Panikkaveetil 2020-07-07 07:04:46
കുഞ്ഞുപാത്തുമ്മയെ അട്ട കടിക്കുന്നത് പാത്തുമ്മയുടെ ആടിലാണോ ? അത് ന്റുപ്പുപ്പാക്കൊരാണെന്റെർന്നു എന്ന നോവലിലല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക