Image

സ്വപ്നയെ മുഖ്യമന്ത്രിക്ക് 2017 മുതല്‍ അറിയാം, സ്പീക്കറുമായും അടുത്ത സൗഹൃദം: കെ.സുരേന്ദ്രന്‍

Published on 07 July, 2020
സ്വപ്നയെ മുഖ്യമന്ത്രിക്ക് 2017 മുതല്‍ അറിയാം, സ്പീക്കറുമായും അടുത്ത സൗഹൃദം: കെ.സുരേന്ദ്രന്‍


കോഴിക്കോട്: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണം നേരിടുന്ന ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയയാണ്. അദ്ദേഹത്തിന്റെ താല്‍പര്യം കൊണ്ടാണ് ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാത്തത്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതിനാലാണത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് 2017 ആദ്യം മുതല്‍ അറിയാമെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

2017  ആദ്യം മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്‌നയുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയെ അവര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കാന്‍ തക്ക സ്വാതന്ത്ര്യമുണ്ട് അവര്‍ക്ക്. തലസ്ഥാനത്ത് ഷാര്‍ജ ഷെയ്ഖിന് നല്‍കിയ വിരുന്നിലും 2017ല്‍ സെപ്തംബറില്‍ കേരള സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലും സ്വപ്‌ന ഉള്‍പ്പെട്ട സ്ഥാപനത്തിനായിരുന്നു നടത്തിപ്പ് ചുമതല. ലോക കേരള സഭയിലും സ്വപ്‌ന സുരേഷിന്റെ സാന്നിധ്യമുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്‌നുമായുള്ള സൗഹൃദമാണ് ഇതിനു പിന്നില്‍. പ്രതിനിധികളെ നിശ്ചയിക്കുന്നതിലും തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് ആതിഥ്യമുരുളുന്നതിലും 'സ്വപ്‌ന' കരങ്ങളുണ്ടായിരുന്നു.

പ്രതിനിധികളെ തെരഞ്ഞെടുത്തതിലും നടത്തിപ്പിന്റെ ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങളും മുന്‍പ് ഉയര്‍ന്നുവന്നിരുന്നു. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ എത്തിച്ചതിനു പിന്നിലും സ്വപ്‌നയാണ്. സ്വപ്‌ന സുരേഷിന്റെ തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘടാനം നടത്തിയത് സ്പീക്കറാണ്. മന്ത്രിമാരും എം.എല്‍.എമാരും സി.പി.എം ഉന്നതരുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വപ്‌ന സുരേഷ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ മെയ്‌വഴക്കത്തോടെയാണ് പ്രതിയെ അറിയില്ലെന്ന് വരുത്തിതീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കപ്പെടുത്താന്‍ താന്‍ ശ്രമിച്ചുവെന്നാണ് തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. കള്ളക്കടത്തുമായി ബന്ധമില്ലെങ്കില്‍ ശിവശങ്കറിനെ എന്തിനാണ് മാറ്റിയത്. സ്്രപിംഗ്‌ളര്‍ കാലത്ത് പ്രതിപക്ഷ നേതാവും തങ്ങളും ഉയര്‍ത്തിയ ആരോപണം തള്ളിക്കളഞ്ഞ് ശിവശങ്കറെ സംരക്ഷിച്ച മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റിയത്. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് വഴിവിട്ട അവിഹിത ബന്ധങ്ങളുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ പരിപാടികളിലും സത്ക്കാരങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. അതില്ലെന്ന് പറയുകയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഐ.ടി സെക്രട്ടറിയായി ശിവശങ്കര്‍ തുടരുന്നത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ അറിയാമെന്നതിനാലാണ്. മുഖ്യമന്ത്രിയുടെ താല്‍പര്യം മൂലമാണ് മാറ്റാത്തത്. ഇത് സാധാരണ നിലയിലുള്ള നികുതിവെട്ടിപ്പ് കേസായി അവസാനിക്കില്ല. കസ്റ്റംസിലെ ഒരു ജോയിന്റ് കമ്മീഷണര്‍ സി.പി.എമ്മിന് വേണ്ടി ചരട്‌വലി നടത്തിയിട്ടുണ്ട്. അത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക