Image

ബ്രൗണി വിത് ഐസ്‌ക്രീം(കഥ: സ്വപ്ന കെ സുധാകരന്‍)

സ്വപ്ന കെ സുധാകരന്‍ Published on 07 July, 2020
 ബ്രൗണി വിത് ഐസ്‌ക്രീം(കഥ: സ്വപ്ന കെ സുധാകരന്‍)
'മാം എനിത്തിങ് മോര്‍??'
'ഓഹ്...യാ..ക്യാന്‍ വി ഹാവ് ത്രീ ബ്രൗണി വിത് ഐസ്‌ക്രീം പ്ലീസ്'..
അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങളുടെ ജലനൃത്തം കണ്ണിമവെട്ടാതെ ആസ്വദിച്ചുകൊണ്ടിരുന്ന ലളിതയ്ക്ക്, പെട്ടെന്നാണ് ഇക്കിളെടുത്തുതുടങ്ങിയത്...എന്ത് ബ്രൗണിയോ?? അതെന്തു സാധനമാണ്... ക്ലാസ്സുമുറിയിലെ ബെഞ്ചുപോലെയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ പൊക്കം കുറഞ്ഞ പട്ടിയുടെ പേരും ബ്രൗണിയെന്നാണല്ലോ...ഈശ്വരാ.. ഈ കുട്ടിയതെന്തിനുള്ള പുറപ്പാടാണ്...
' മോളേ, നീയെന്തിനാ ഈ ജാതി വൃത്തിയില്ലാത്ത സാധങ്ങളൊക്കെ ചോദിക്കുന്നേ?'
അതുവരെ തലപൊക്കാതെ മൊബൈലില്‍ തോരണയുദ്ധം നടത്തിക്കൊണ്ടിരുന്ന ലളിതയുടെ ഭര്‍ത്താവ്, ഈ ചോദ്യം കേട്ടപ്പോള്‍ തന്റെ ഭാര്യയെ ഒന്നുനോക്കി..മകളില്‍നിന്നു ഇനിയുണ്ടാകാന്‍ പോകുന്ന മറുപടിയ്ക്കുള്ള ക്ഷമചോദിക്കലിന്റെ ഭാഗമായിട്ടാണ് ആ നോട്ടമെന്നു ലളിതയ്ക്കുമറിയാം..സാരമില്ലായെന്ന മുഖഭാവത്തോടെ അവരുടെ മുഖത്തു അന്നേരം വിടര്‍ന്ന ചെറുപുഞ്ചിരിയെ വിരട്ടിയോടിക്കുംവിധം 'ആ' മറുപടി അതിനകം വന്നു...
'ഗോഷ്.... ഓഹ്...അമ്മ.. പ്ലീസ് ഡോണ്ട് ബി സ്റ്റുപ്പിഡ്... അറിയില്ലെങ്കില്‍ മിണ്ടതെയിരിക്കണം, അല്ലാതെ പബ്ലിക്കിന്റെ മുന്‍പില്‍ ഇങ്ങനെ സില്ലിയാകരുത്'
മകളുടെ മറുപടിയ്ക്കനുസരിച്ചു മുഷ്ടിചുരുട്ടുന്ന ഭര്‍ത്താവിന്റെ തുടയില്‍ കൈയമര്‍ത്തിക്കൊണ്ട് ലളിത സമാധാനം കൈവരിക്കാന്‍ ശ്രമിക്കുകയായിരുന്നു...അക്വേറിയത്തില്‍ കുഞ്ഞുമത്സ്യങ്ങളെ തൊട്ടുരുമ്മിക്കൊണ്ടു വലിയമത്സ്യങ്ങള്‍ സ്‌നേഹത്തിന്റെ നീര്‍കുമിളകള്‍ ഉതിര്‍ത്തുകളിച്ചു...
ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളില്‍തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചു ഡോക്ടര്‍ക്കുണ്ടായിരുന്ന ആശങ്ക കേട്ടപ്പോള്‍തന്നെ...അഞ്ചിനുതാഴെ റാങ്കു പ്രതീക്ഷിച്ചിരുന്ന തന്റെ ബിരുദപഠനത്തിന് ഉപേക്ഷവിചാരിച്ചതിനെക്കുറിച്ചോര്‍ത്തുകൊണ്ടു തന്റെ ഭര്‍ത്താവിപ്പോള്‍ നന്നേ ഖേദിക്കുകയാകുമെന്ന് അറിയാകുന്നതുകൊണ്ടു; ലളിത ആ വശത്തേയ്ക്ക് പിന്നെ നോക്കിയില്ല ....
ഒരു വലിയവിദേശകമ്പനിയില്‍ ജോലികിട്ടിയതിന്റെ ഭാഗമായി ലഭിച്ച ആദ്യശമ്പളംകൊണ്ടു മകള്‍ ഒരുക്കിയ ഈ സത്കാരം സത്യത്തില്‍ തന്റെ വിജയമണല്ലോ എന്നു ലളിതയോര്‍ത്തു...
അപ്പോള്‍, വെയിറ്റര്‍കൊണ്ടുവച്ച ആ വിഭവത്തില്‍നിന്നുള്ള തണുപ്പ് മെല്ലെ അവളുടെ കൈകളില്‍ അനുഭവപ്പെടുകയായിരുന്നു...ചോക്കലേറ്റു കൊണ്ടുണ്ടാക്കിയ കേക്കിന്റെ മീതേയിരുന്നുരുകിയലിയുന്ന ഐസ്‌ക്രീം-
'ബ്രൗണി വിത് ഐസ്‌ക്രീം'..
പാതിയില്‍ പഠനം നിറുത്തിയതതില്‍പ്പിന്നെ, കാലം തനിക്കു നിഷേധിച്ചതായിട്ടുള്ളവയുടെ പട്ടികയില്‍ ഇനിയെന്തെല്ലാമെന്നറിയില്ല... എന്നാലു മകളുടെ സന്തോഷംകാണുമ്പോള്‍,
അമ്മയെന്ന വലിയ അനുഭവത്തിന്റെ പരീക്ഷ താന്‍ വിജയിച്ചിരിക്കുന്നുയെന്ന അഭിമാനം ലളിതയുടെ മുഖത്തുണ്ട്! മറ്റെല്ലാ സങ്കടങ്ങള്‍ക്കും  ഐസ്‌ക്രീമിന്റെ ആയുസ്സേയുണ്ടായിരുന്നുള്ളൂ!

 ബ്രൗണി വിത് ഐസ്‌ക്രീം(കഥ: സ്വപ്ന കെ സുധാകരന്‍) ബ്രൗണി വിത് ഐസ്‌ക്രീം(കഥ: സ്വപ്ന കെ സുധാകരന്‍)
Join WhatsApp News
Anantharam 2020-07-09 06:49:13
Very relatable content. Accurately depicts the so called Mellenials these days.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക