Image

തിരുവല്ലയില്‍ പച്ചക്കറി എത്തിച്ച ലോറി ഡ്രൈവര്‍ക്ക് കോവിഡ്, അതീവ ജാഗ്രത

Published on 07 July, 2020
തിരുവല്ലയില്‍ പച്ചക്കറി എത്തിച്ച ലോറി ഡ്രൈവര്‍ക്ക് കോവിഡ്, അതീവ ജാഗ്രത
തിരുവല്ല : തമിഴ്‌നാട്ടിലെ കമ്പത്തു നിന്നു തിരുവല്ല നഗരത്തില്‍ പച്ചക്കറിയുമായി എത്തിയ മിനിലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് (2) കൂടല്ലൂര്‍ സ്വദേശിയായ 22 കാരന്‍ പച്ചക്കറിയുമായി എത്തിയത്. നഗരസഭാ ഓഫിസിനു സമീപം രാമപുരം മാര്‍ക്കറ്റിലെ മൂന്നു കടകളിലും കാവുംഭാഗത്തെയും മണിപ്പുഴയിലെയും വഴിയോര കച്ചവട കേന്ദ്രങ്ങളിലുമാണ് പച്ചക്കറി എത്തിച്ചത്.

അന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്നലെ ഫലം കോവിഡ് പോസിറ്റീവ് ആയതോടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി. അഞ്ചു കടകളിലെ ഉടമകളും ജീവനക്കാരുമായ 12 പേര്‍, പച്ചക്കറി ഇറക്കിയ ചുമട്ടുതൊഴിലാളികള്‍ എന്നിവരെ നിരീക്ഷണത്തിലാക്കും.

ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കിയാല്‍ മാത്രമേ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കാവുംഭാഗത്ത് നഗരസഭാ ക്ഷോപ്പിങ് കോംപ്ലക്‌സിലെ കടകള്‍ ഇന്നലെ രാത്രി 7 മണിയോടെ അടപ്പിച്ചു. നഗരസഭയുടെ 28, 33 വാര്‍ഡുകളിലുള്ള തിരുവല്ലഅമ്പലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചന്ത,ഷോപ്പിങ് കോംപ്ലക്‌സ്, വഴിയോര കച്ചവടം എന്നിവയാണ് അടച്ചത്.

ഇവിടം കണ്ടൈയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചേക്കുമെന്ന് അറിയുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് ഉണ്ടാകും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സംഘടനകളും കൂടിയാലോചിച്ചാണ് തീരുമാനം. മാത്യു ടി.തോമസ് എംഎല്‍എ, സബ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍, നഗരസഭാധ്യക്ഷന്‍ ആര്‍.ജയകുമാര്‍, ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍ എന്നിവര്‍ സ്ഥലത്തെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക