Image

വിവാദവനിതയ്ക്ക് സര്‍ക്കാരുമായി ബന്ധമില്ല, സര്‍ക്കാരിനെ തളര്‍ത്തിക്കളയാമെന്നു കരുതരുത്: മുഖ്യമന്ത്രി

Published on 07 July, 2020
വിവാദവനിതയ്ക്ക് സര്‍ക്കാരുമായി ബന്ധമില്ല, സര്‍ക്കാരിനെ തളര്‍ത്തിക്കളയാമെന്നു കരുതരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറയുയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നുകരുതിയാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അര്‍ഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയര്‍ന്നുവന്നു എന്നല്ല. പക്ഷെ പൊതുസമൂഹത്തില്‍ ഈ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്. ഇത്തരമൊരു നിലപാട് യുഡിഎഫിന് ചിന്തിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇപ്പോള്‍ നടന്നിട്ടുള്ള കള്ളക്കടത്ത് സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല പാര്‍സല്‍ വന്നിട്ടുള്ളത്. അത് അഡ്രസ് ചെയ്തത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്.

കേസിലെ വിവാദവനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ടൊരു ബന്ധവുമില്ല. ഐടി വകുപ്പിനു കീഴില്‍ നിരവധി പ്രൊജക്ടുകളുണ്ട്. അതിന്റെ കീഴില്‍ സ്‌പേസ് സെല്ലിങ് അഥവാ മാര്‍ക്കറ്റിങ് ചുമതലയാണ് ഈ വനിതയ്ക്കുണ്ടായിരുന്നത്. കരാര്‍ അടിസ്ഥാനത്തിലാണത്. ഇവരെ ജോലിക്കെടുത്തത് ഈ പ്രൊജക്ടിന്റെ മാനേജ്‌മെന്റ് നേരിട്ടല്ല, പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം പ്രൊജക്ടുകളില്‍ താല്‍കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറയുയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നുകരുതിയാല്‍ നടക്കില്ല എന്നാണ് പറയാനുള്ളത്. ഈ വനിത സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമല്ല കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ സാറ്റിലും ജോലിചെയ്തത്. അവര്‍ കോണ്‍സുലേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍സുലേറ്റ് പ്രതിനിധിയായി തലസ്ഥാനത്ത് നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ അവര്‍ പങ്കെടുത്ത ദൃശ്യത്തോടൊപ്പം മറ്റൊന്ന് കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന മട്ടില്‍ ചിലര്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈ വനിതയുടെ മുന്‍കാല ജോലിയുമായി ബന്ധപ്പെട്ട കേസില്‍ െ്രെകംബ്രാഞ്ച് ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഇവരെ പ്രതിചേര്‍ക്കാം എന്നാണ് ഇതില്‍ പറഞ്ഞിട്ടുള്ളത്. നിക്ഷ്പക്ഷമായ റിപ്പോര്‍ട്ടാണ് െ്രെകംബ്രാഞ്ച് നല്‍കിയത്. സര്‍ക്കാരിന് ഏതെങ്കിലും താല്‍പര്യം ഇതില്‍ ഉണ്ടായി എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാനസര്‍ക്കാരിനില്ല. കസ്റ്റംസിന്റെ അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാര്‍ നല്‍കും.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സംഭവത്തെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ദുര്‍ഗന്ധംവമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാവണം എന്ന് ആഗ്രഹമുണ്ടാകും. അത്തരം കളരിയിലല്ല ഞങ്ങള്‍ പഠിച്ചത്. കാത്തിരിക്കുന്നവരോട് ഇതാണ് പറയാനുള്ളതെന്നും പിണറായി പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തുക, വേരറുക്കുക എന്നത് പ്രധാനമാണ്. ഏത് അന്വേഷണമായാലും സംസ്ഥാനസര്‍ക്കാരിന് പൂര്‍ണ സമ്മതമാണ്. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. സംസ്ഥാനസര്‍ക്കാരിന് ഇതിലൊന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക