Image

ഞങ്ങള്‍ അത്തരം കളരിയില്‍ അല്ല പഠിച്ച് വളര്‍ന്നത്. ഇടത്പക്ഷത്തിന്റെ സംസ്‌ക്കാരം യുഡിഎഫിന്റേതല്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 07 July, 2020
ഞങ്ങള്‍ അത്തരം കളരിയില്‍ അല്ല പഠിച്ച് വളര്‍ന്നത്. ഇടത്പക്ഷത്തിന്റെ സംസ്‌ക്കാരം യുഡിഎഫിന്റേതല്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. 

മുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ ബന്ധപ്പെടുത്തുന്ന തരത്തിലുളള ആരോപണങ്ങളും പ്രതിപക്ഷം കൊഴുപ്പിക്കുന്നു. വിവാദ വനിത സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കുന്നത് അടക്കമുളള എല്ലാ ആരോപണങ്ങള്‍ക്കും അക്കമിട്ട് എണ്ണി മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തെ സോളാര്‍ ഓര്‍മ്മിച്ച് രൂക്ഷമായി പരിഹസിക്കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. പാഴ്‌സല്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയുടെ പേരില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങി കിടക്കുന്നവര്‍ക്ക് അത് പോലെ മറ്റുളളവരും ആയിക്കാണണം എന്ന് ആഗ്രഹം കാണും. തല്‍ക്കാലം ആ അത്യാഗ്രഹം സാധിച്ച് നല്‍കാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരണം ഞങ്ങള്‍ അത്തരം കളരിയില്‍ അല്ല പഠിച്ച് വളര്‍ന്നത്. ഇടത്പക്ഷത്തിന്റെ സംസ്‌ക്കാരം യുഡിഎഫിന്റേതല്ല. ഏത് അന്വേഷണത്തിനും സര്‍ക്കാരിന് പൂര്‍ണസമ്മതമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക