Image

കുട്ടനും തട്ടാനും(കഥ: വിജയന്‍ മന്നോത്ത്)

വിജയന്‍ മന്നോത്ത് Published on 08 July, 2020
കുട്ടനും തട്ടാനും(കഥ:  വിജയന്‍ മന്നോത്ത്)
ടെയ്ലര്‍ കുട്ടന്റെ കട ബസ് സ്റ്റോപ്പിന്റെ തൊട്ടുമുന്നിലാണ്. വളരെ ബുദ്ധിമുട്ടിയാണ് കുട്ടന്‍ അത് സംഘടിപ്പിച്ചത്. കോളേജില്‍ പോകുന്ന എല്ലാ പെണ്കുട്ടികളെയും ഒരുമിച്ചു ഒറ്റ ഇരുത്തത്തില്‍ നോക്കാന്‍ പറ്റിയ, അതായത് കാണാന്‍ പറ്റിയ വേറെ ഒരു സ്ഥലവും ചുറ്റുവട്ടത്ത് ഇല്ലായിരുന്നു. കുട്ടന്‍ എല്ലാവരെയും നോക്കുന്നത് മുന്നില്‍ കെട്ടി തൂക്കിയ തുണികളുടെ മറവിലാണ് . അവിടുന്ന് ഇങ്ങോട്ട് നോക്കുമ്പോള്‍ കുട്ടനെ വ്യക്തമായി കാണാന്‍ പറ്റാത്ത വിധത്തില്‍ ആണ് തുണി തൂക്കല്‍ കര്‍മ്മം എന്നും അയാള്‍ നിര്‍വഹിച്ചു പോന്നത്.

അതിരാവിലെ കുട്ടന്‍ കട തുറക്കും. വലിയ പണിത്തിരക്കൊന്നും ഉണ്ടായിട്ടല്ല. ബസ് യാത്രക്കാരെ കാണാനും അവരുടെ വസ്ത്ര ധാരണം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും വേണ്ടി മാത്രം.

കുട്ടന്‍ മെഷീനില്‍ കാല്‍ ചലിപ്പിക്കുമ്പോഴും ചുറ്റുപാടും നോക്കിക്കൊണ്ടേയിരിക്കും. സൂചി പോട്ടിപ്പോയാലോ, കഴുത്തില്‍ ചുറ്റിയിട്ട ടെയ്പ്പു താഴെ വീണാലോ അയാള്‍ അറിയാറില്ല. തയ്യല്‍ ഒരിക്കലും നേര്‍രേഖയില്‍ പോകാറുമില്ല.

സ്ത്രീകളുടെ വസ്ത്രങ്ങളിലാണ്  കുട്ടന് കൂടുതല്‍ താല്പര്യം. ബ്ലൌസിന്റെ കഴുത്തു മുന്‍്ഭാഗത്ത് ഇറക്കി വെട്ടുന്നത് അയാളുടെ ഒരു വീക്‌നെസ് ആണ്. സാരി കൊണ്ട് മറച്ചാല്‍ പോരെ എന്ന് പല സ്ത്രീകളോടും ചോദിക്കുമ്പോള്‍ ഒരു കാമുകന്റെ ഭാവമായിരിക്കും മുഖത്തു. ചീത്ത വിളിക്കുന്ന സ്ത്രീകളില്‍ നിന്നും കൂലി വാങ്ങാറില്ല. പലരും അളവിന്റെ ബ്ലൌസ് കൊടുത്താല്‍ അത് ചുരുട്ടി ഒരു മൂലയ്ക്ക് വലിച്ചെറിയും. അതിന്റെ ആവശ്യം ഇല്ല എന്ന മട്ടില്‍. അളവ് എടുത്തു തയ്ക്കാന്‍ പറഞ്ഞാല്‍ , തിരക്കില്ലാത്ത സമയം നോക്കി വരാന്‍ പറയും. അളവെടുക്കുമ്പോള്‍ ടെയ്പ്പു സ്ത്രീകളുടെ മാറില്‍ കൂടെ ചുറ്റി വരിഞ്ഞു പിന്നില്‍ നിന്ന് മുറുക്കി ഇത്ര മതിയോ ഇത്ര മതിയോ എന്ന് പല പ്രാവശ്യം ചോദിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും നാണം തോന്നും . അപ്പോള്‍ നാണമില്ലാത്ത കുട്ടന്‍ ഹോംസര്‍വീസ് ചെയ്തു കൊടുക്കാനും തയ്യാറാണ് . കഴിയുന്നതും സ്ത്രീകളുടെ ഭര്ത്താക്കന്മാര്‍ ഇല്ലാത്ത സമയമാണ് ഇതിനു തിരഞ്ഞെടുക്കുക. കാരണം ഇത് വളരെ ശ്രദ്ധാപൂര്വ്വം കൈകാര്യം ചെയ്യേണ്ട ഒരു ജോലിയാണ്. ഒരു ചെറിയ അശ്രദ്ധ മതി ജീവിതകാലം മുഴുവന്‍ ചീത്തപ്പേരുണ്ടാക്കാന്‍. അത് കൊണ്ട് കുട്ടന്‍ ശ്രദ്ധാപൂര്വ്വം എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അശ്രദ്ധയോടെ അളവെടുക്കല്‍  ജോലി  ആസ്വദിച്ചു ചെയ്തു കൊണ്ടിരുന്നു.

കുട്ടന്റെ സുന്ദരിയായ ഭാര്യ രമയെ ഒരിക്കലും കടയില്‍ വരാന്‍ സമ്മതിക്കാറില്ല. കാരണം അവളെ ആരും നോക്കാന്‍ പാടില്ല. കുട്ടന്‍ തയ്ച്ചു കൊണ്ടിരിക്കുമ്പോള്‍ എവിടെയൊക്കെ നോക്കുമെന്നു  രമയും കാണാന്‍ പാടില്ല. അത്ര തന്നെ.

കുട്ടന്റെ സ്വഭാവ ദൂഷ്യം കുടുംബത്തെ സാമ്പത്തികമായി ബാധിച്ചു തുടങ്ങിയപ്പോള്‍ പെട്ടെന്ന് അളിയന്‍ ദുബായില്‍ ഒരു ജോലി തരപ്പെടുത്തി കൊടുത്തു. ദേഹമാസകലം തുണി കൊണ്ട് മറച്ചു നടക്കുന്ന ആ നാട്ടില്‍ ലക്ഷങ്ങള്‍ കൊയ്യാന്‍ അവസരം ഉണ്ടായാലും പോകാതിരിക്കാന്‍ കുട്ടന്‍ കാരണങ്ങള്‍ കണ്ടുപിടിച്ചു. ഒരുപാട് ആലോചിച്ചു . ചുറ്റുപാടും ആരെയെങ്കിലും നോക്കികൊണ്ട് തയ്യല്‍ പണി നടത്തിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്ന രാജ്യം.അളവെടുക്കാന്‍ അഥവാ ആരെങ്കിലും സമ്മതിച്ചാല്‍ തന്നെ ഒന്ന് പാളിപ്പോയാല്‍ കൈ വെട്ടുന്ന രാജ്യം. പോകാതിരിക്കാന്‍ ഉള്ള കാരണങ്ങള്‍ ഒന്നും തന്നെ മറ്റൊരാളോട് പറയാന്‍ പറ്റാത്തവ ആയതുകൊണ്ട് എല്ലാവരുടെയും നിര്‍്ബ്ന്ധപ്രകാരം കുട്ടന് വിമാനം കയറേണ്ടി വന്നു.

അവിടെ എത്തിയ ശേഷം മറ്റു പലരുടെയും കൂട്ടത്തില്‍ ഒരു സാധാരണക്കാരനായി തുണിയിലും , കത്രികയിലും, ബോബ്ബിനിലും, സൂചിയിലും, നൂലിലും മാത്രം ശ്രദ്ധിച്ചുകൊണ്ട് കുട്ടന്‍ ഈറനണിഞ്ഞ കണ്ണുകളുമായി ദിവസങ്ങള്‍ തള്ളിനീക്കി. ജീവിതത്തില്‍ ഒരു ത്രില്ലും ഇല്ലാതെ ഒരു യന്ത്രത്തെപ്പോലെ നാട്ടിലേക്ക് കാശ് അയച്ചു കൊണ്ടിരുന്നു. അതൊക്കെ സൌന്ദര്യ വര്ധക വസ്തുക്കള്‍ വാങ്ങാന്‍ രമ ഉപയോഗിച്ചു. വിലപിടിപ്പുള്ള സാരികള്‍ മാത്രമേ പിന്നീട് രമ ഉടുത്തിട്ടുള്ളൂ. ലക്ഷം വീട് കോളനിയില്‍ രമ താമസം മാറ്റിയപ്പോള്‍ എല്ലാവരും ഉറ്റു നോക്കിയത് രമയെ ആയിരുന്നു. എട്ടു വയസുള്ള ഒരു മകളുടെ അമ്മയാണെന്ന് തോന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ പിറ്റേന്ന് രമ ലിപ്‌സ്ടിക്കും പൌഡറും കുറച്ചു കൂടെ വാരിപ്പൂശും. ഇതൊക്കെ വളരെ ആസ്വദിച്ചത് സ്വര്‍ണ്ണപ്പണിക്കാരന്‍  സോമന്‍ ആയിരുന്നു. അവനു കലാബോധം കൂടുതല്‍ ആയിരുന്നു.

സോമന്റെ വീട് നാല് പറമ്പ് അപ്പുറത്താണ്. പോകാന്‍ വേറെ വഴിയും ഉണ്ട്. എന്നാലും രമയുടെ വീട്ടു മുറ്റത്തുകൂടെ രാത്രി പോകുന്നതാണ് അവനു ഇഷ്ടം.

സോമന്റെ ഭാര്യയുടെ മൂക്കുത്തി ഒരു ദിവസം കണ്ടപ്പോള്‍ രമക്ക് അതിയായ മോഹം വന്നു. അത് സോമന്‍ അറിഞ്ഞ ഉടനെ മൂക്കുത്തിയുമായി സോമന്‍ രമയുടെ വീട്ടില്‍ എത്തി. വെറും സ്വര്‍ണ്ണത്തിന്റെ വില മാത്രം മതിയെന്ന് പറഞ്ഞു. അത് വലിയ ലാഭമാണെന്ന് വിശ്വസിച്ചു രമ കുത്താന്‍ സമ്മതിച്ചു. ഒരു ചെറിയ തുളയല്ലേ പെട്ടെന്ന് കഴിയും എന്നാണു രമ വിശ്വസിച്ചതെങ്കിലും സോമന്‍ മൂക്ക് ഒരുപാട് നേരം ആസ്വദിച്ചു പിടിച്ച പോലെ രമക്ക് തോന്നിയിരുന്നു. വിടെണ്ടിയിരുന്നില്ല എന്നും തോന്നി. ആ മൂക്കുത്തി ഒരു വലിയ പാലമായിട്ടാണ് സോമന് തോന്നിയത്. അതുകൊണ്ട് അയാള്‍ തേയ്മാനം എന്ന പേരില്‍ സൂക്ഷിച്ചു വച്ച സ്വര്‍്ണ്ണത്തിന്റെ രാപ്പൊടി കൊണ്ട് രണ്ടു മേല്ക്കാതില്‍ രമക്ക് ഫ്രീ ആയി ഉണ്ടാക്കി കുത്തികൊടുത്തു. അതിനു പൊന്നിന്റെ വിലയും വാങ്ങിയില്ല. കുട്ടന്‍ ഗള്ഫില്‍ നിന്ന് വന്ന ശേഷം തന്നാല്‍ മതി എന്ന് ഭംഗിവാക്ക് മാത്രം അയാള്‍ പറഞ്ഞ ശേഷം ഒരു കള്ളച്ചിരി ചിരിച്ചു.

പെട്ടെന്നായിരുന്നു കുട്ടന്റെ വരവിനെ കുറിച്ച് രമ അറിഞ്ഞത്.. സ്വീകരിക്കാന്‍ പോകുന്നതിനു മുന്പ് രമ മൂക്കുത്തിയും മേല്ക്കാതിലും അഴിച്ചു വച്ചു. സൌന്ദര്യം കൂടിയ പോലെ ഭര്‍്ത്താവിനു തോന്നാതിരിക്കാന്‍ രമ ഏറെ  പണിപ്പെട്ടു. അവള്‍ എയര്‍ പോര്‍്ട്ടില്‍ എത്തി.

അവര്‍ മൂന്നു പേരും തിരിച്ചു വരുന്ന വഴിയില്‍ കുട്ടന്‍ ചോദിച്ചു :
'' നിന്റെ മൂക്കിനു എന്ത് പറ്റി ?''

' അതൊരു തുളയാ '
'ഞാന്‍ മുന്പ് കാണാത്ത ഒരു തുളയോ. തനിയെ തുളഞ്ഞതാണോ?''
''അല്ല .. സോമേട്ടന്‍ കുത്തിയതാ '

'സോമേട്ടനോ ? ആരാ ഈ സോമേട്ടന്‍ ? നീ എന്തിനാ മൂക്ക് അവനു കാണിച്ചു കൊടുത്തത് ?''

''ഇത് നല്ല കഥ.. മൂക്ക് കാണിക്കാതെ അയാള്‍ എങ്ങനെ കുത്താനാ മൂക്കുത്തി ?''

''കൈ കൊണ്ട് മൂക്ക് പിടിച്ചല്ലേ കുത്തിയത് ?''

'' കൈ കൊണ്ടല്ലാതെ കൊടില്‍ കൊണ്ട് മൂക്കുത്തി കുത്താന്‍ പറ്റുമോ ? ഇതാ കാതും കുത്തിയിട്ടുണ്ട് '.. രമ കാതും കാണിച്ചു കൊടുത്തു.

'ഇതെല്ലാം സോമേട്ടന്‍ തന്നെ കുത്തിയതാ?''

''പിന്നല്ലാതെ ?പണി അറിയുന്നയാളെ കൊണ്ടല്ലേ പണി എടുപ്പിക്കുക ?''

കുട്ടന്‍ സ്തംഭിച്ചു പോയി. ചില പെണ്ണുങ്ങള്‍ തന്നെപ്പറ്റി നല്ല ടെയ്ലര്‍ എന്ന് പറഞ്ഞ പോലെ ഇവള്‍ അവനെ പൊക്കി പറയുന്നത് എന്തുകൊണ്ടായിരിക്കും ? വേണ്ടാത്ത പല ചിന്തകളും കുട്ടനെ വേട്ടയാടിക്കൊണ്ടിരുന്നു.

തട്ടാന്റെ വീട്ടിലേക്കു ഒന്ന് പോകണം എന്ന് കുട്ടന്‍ വിചാരിച്ച ദിവസം രാത്രി തട്ടാന്‍ കുട്ടനെ കാണാന്‍ വീട്ടിലേക്ക് കയറി വന്നു. അയാളുടെ പെരുമാറ്റ രീതിയും, സ്വാതന്ത്ര്യവും, മകളുടെ അടുപ്പവും , ഭാര്യയുടെ ഭാവങ്ങളും , വിധേയത്വവും കണ്ടപ്പോള്‍ത്തന്നെ സ്വന്തം വീട്ടില്‍ ഒരു അധികപ്പറ്റാണെന്നു അയാള്ക്ക് തോന്നി. ഇയാള്‍ അധിക ദിവസവും രാത്രി ഇവിടെ തന്നെ ആയിരുന്നു എന്ന് മകളില്‍ കൂടി അറിഞ്ഞപ്പോള്‍ കുട്ടന്‍ ദുബൈയില്‍ തിരിച്ചു പോകാന്‍ ഒട്ടും മനസ്സ് വന്നില്ല.

കുട്ടേട്ടന്‍ ഒരിക്കലും ഇനി ദുബായില്‍ പോവില്ലേ എന്ന രമയുടെ ചോദ്യം തികച്ചും ഞെട്ടിച്ചെങ്കിലും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. അവിടുത്തെ കാലാവസ്ഥ അത്ര ശരിയല്ല എന്ന കുട്ടന്റെ മറുപടി ഒരുപാട് സംശയങ്ങള്‍ ്ക്കുള്ള മറുപടി തന്നെയായിരുന്നു രമക്ക് . എന്നാലും ഈ നാട്ടിലെ എത്ര പേരുണ്ട് ദുബായില്‍ എന്ന് രമ ചോദിച്ചു. ''അവര്‍്‌ക്കൊന്നും നിന്നെ പോലുള്ള ഒരു ഭാര്യ ഇല്ലല്ലോ'' എന്ന് പറയാന്‍ നാവെടുത്ത കുട്ടന്‍, ഉറപ്പിച്ചു മറുപടി പറഞ്ഞത് ടെയ്ലര്മാര്ക്ക് അവിടെ ഡിമാണ്ട് വളരെ കുറവാണെന്നും തട്ടാന്മാര്ക്ക് ഒരുപാടു അവസരങ്ങള്‍ ഉണ്ടെന്നുമായിരുന്നു.

ഭാര്യയുടെ മുഖഭാവം ശ്രദ്ധിക്കാന്‍ കുട്ടന്‍ ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും അവള്‍ അടുക്കളയില്‍ എത്തി കഴിഞ്ഞിരുന്നു. പതിവിലും കൂടുതല്‍ ശബ്ദത്തില്‍ ഏതോ ഒരു പാത്രം നിലത്തു വീഴുന്ന ഒരു ശബ്ദവും കേട്ടു.

പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടന്റെ ശ്രദ്ധ മുഴുവന്‍ സോമന് ഒരു വിസ ശരിയാക്കി കൊടുക്കാനായിരുന്നു. കുറെ കാശ് അതിനു വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കിലും അതൊക്കെ സോമന്റെ ഭാവിക്ക് വേണ്ടിയാണെന്ന് അയാളുടെ ഭാര്യയെയടക്കം വിശ്വസിപ്പിക്കാന്‍ കുട്ടന് സാധിച്ചു. അങ്ങിനെ സോമനെ ദുബായിലേക്ക് യാത്രയാക്കിയ കുട്ടന്‍ നാട്ടുകാരുടെ ഇടയില്‍ ഒരു പരോപകാരിയായി മാറി.

രമയുടെ വീട്ടിന്റെ ഉമ്മറത്ത് ഇരുന്നു കൊണ്ട് കുട്ടന്‍ ഇപ്പോള്‍ ട്രൌസറും ഷര്ട്ടും ഒക്കെ തയ്ക്കും. ഇപ്പോള്‍ വീട്ടില്‍ പോയി അളവ് എടുക്കാതെ തന്നെ തുന്നാന്‍ അറിയാം. പാളിപ്പോകാതെ അളവെടുക്കാന്‍ അറിയാം. തുണിയില്‍ മാത്രമേ ശ്രദ്ധിക്കൂ. നേര്‍ വരയില്‍ മാത്രമേ അടിക്കൂ..

എന്നാലും....
തട്ടാന്റെ വീട് വരെ രാത്രി ആയാല്‍ കുട്ടന്‍ ഒന്ന് പോയി നോക്കും . പാവം ഭര്‍ത്താവ് കണ്ണെത്താ ദൂരത്താണല്ലോ? അവളുടെ വീട്ടിലെ  ടി വി യില്‍ പരിപാടികള്‍ കാണുന്നതാണ് കുട്ടന് കൂടുതല്‍ ഇഷ്ടം .എത്ര നാറിയ പരിപാടി ആയാലും കുട്ടന്‍ പൊട്ടിച്ചിരിക്കും.

രമക്ക് പരാതിയായിട്ടു ഒന്നും പറയാന്‍ നാവു പൊങ്ങില്ല. ദേഷ്യം മൂത്ത് വരുമ്പോള്‍ അവള്‍ മൂക്കുത്തിയും മേല്ക്കാതിലും തടവിക്കൊണ്ടിരിക്കും. ഒരു ദീര്‍ഘ നിശ്വാസത്തോടെ...അതില്‍ നിര്‍വൃതി കണ്ടെത്തും.






















കുട്ടനും തട്ടാനും(കഥ:  വിജയന്‍ മന്നോത്ത്)
Join WhatsApp News
Aiith vs 2020-07-11 09:45:07
'നല്ല കഥ . കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണോ അറിയാത്ത പിള്ള ചൊറിയുമ്പം അറിയുമെന്നാണോ കൊല്ലക്കടയിലാണോ സുചി വിൽപ്പന എന്നാണോ... എന്തായാലും രസകരം അജിത് VS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക