Image

സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

Published on 08 July, 2020
സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

തൃശ്ശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയില്‍ നിയമിച്ചതില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. മുന്‍പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്നും ഇവരുടെ പേരില്‍ കേസുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സ്വപ്ന സുരേഷ് മുന്‍പ് ജോലിചെയ്തിരുന്ന കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് എന്നീ കമ്പനികളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ജോലിക്കെടുക്കുന്നതിന് യോഗ്യയാണെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവര്‍ അവകാശപ്പെട്ട പ്രൊഫഷണല്‍ യോഗ്യതകള്‍ ഇവര്‍ക്കുള്ളതായും ഈ സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ചിരുന്നെന്നും കമ്പനി പറയുന്നു.

സ്വപ്ന സുരേഷിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് തങ്ങള്‍ക്കു ലഭിച്ച രേഖയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേയ്ക്ക് നിയമിച്ചത് കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ആയിരുന്നു. എന്നാല്‍ ഇവര്‍ അവരുടെ ജീവനക്കാരിയായിരുന്നില്ല. വിഷന്‍ ടെക്‌നോളജീസ് എന്ന കമ്പിനിയുടെ ജീവനക്കാരിയായ സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് തങ്ങളുടെ പദ്ധതിക്കുവേണ്ടി താല്‍കാലികാടിസ്ഥാനത്തില്‍ നിയോഗിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക