Image

സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ചു

Published on 09 July, 2020
സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ചു
കൊച്ചി: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ചു.

സ്വര്‍ണക്കടത്തുമായി താന്‍ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വര്‍ണം കടത്താനോ ശ്രമിച്ചിട്ടില്ല. കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെയിമെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്ര പാഴ്‌സല്‍ വിട്ടു കൊടുക്കാന്‍ കസ്റ്റംസിനോട്ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം നേരിട്ടെത്തി, പാഴ്‌സല്‍ തന്റേതെന്ന് സമ്മതിച്ചു. 

സ്വര്‍ണം പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് തിരിച്ചയക്കാന്‍ ശ്രമം നടന്നിരുന്നു. ബാഗേജ് തിരിച്ചയക്കാന്‍ ഒരു അപേക്ഷ തയ്യാറാക്കന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും സ്വപ്ന പറയുന്നു.

കോണ്‍സുലേറ്റിനു വേണ്ടി താന്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ ഹര്‍ജിയില്‍ വെളിപ്പെടുത്തുന്നുണ്ട്. ബാഗില്‍ എന്താണ് ഉള്ളത് എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എന്തെങ്കിലും വെളിപ്പെടുത്താന്‍ തനിക്ക് ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നുമാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് ജോലി അവസാനിപ്പിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ തനിക്ക് കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളിലുള്ള അനുഭവ പരിചയം കണക്കിലെടുത്ത് പല കാര്യങ്ങളും തന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.

മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ വിചാരണ ചെയ്യുകയാണെന്നും കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജാമ്യഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.

സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന.

രണ്ടു ദിവസം മുമ്പ് സ്വപ്ന സുരേഷിനു വേണ്ടി മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തതായി അഭിഭാഷകന്‍ രാജേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. 

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് സ്വര്‍ണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ. 2 വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. 

മകളെ വളര്‍ത്താനായി മാത്രമാണു താന്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. സാമ്ബത്തിക സ്രോതസ്സിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സ്വര്‍ണം വാങ്ങാന്‍ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പല സ്വര്‍ണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് ഇവര്‍.

ഇവര്‍ സ്വര്‍ണക്കടത്തിനുപയോഗിച്ച പല കടത്തുകാരില്‍ ഒരുസംഘം മാത്രമാണ് സ്വപ്നയും സരിത്തും എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഓരോ തവണയും കടത്താനുള്ള സ്വര്‍ണം തയ്യാറാകുമ്‌ബോള്‍, കടത്തുകാരുമായി സംസാരിച്ച് തുക ഉറപ്പിക്കുകയാണ് പതിവ് എന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

അന്വേഷണവുമായി യുഎഇ കോണ്‍സലിലെ ഉദ്യോഗസ്ഥന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അദ്ദേഹം തന്ന പല സൂചനകളിലും സ്വപ്നയെ ചോദ്യം ചെയ്യുമ്‌ബോള്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരുകയുള്ളൂവെന്നും ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഇതിനിടെ ഐ ടി വകുപ്പില്‍ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്ന സ്ഥലത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തുനല്‍കി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ എഡിജിപി മനോജ് എബ്രഹാമിനാണ് കത്തുനല്‍കിയത്. പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക