Image

കോവിഡ് ഭേദമാക്കാന്‍ മൈസൂര്‍പാക്കുമായി കടയുടമ; ജനം ഓടിപ്പാഞ്ഞെത്തി; ബേക്കറി പൊലീസ് അടച്ചുപൂട്ടി

Published on 09 July, 2020
കോവിഡ് ഭേദമാക്കാന്‍ മൈസൂര്‍പാക്കുമായി കടയുടമ; ജനം ഓടിപ്പാഞ്ഞെത്തി; ബേക്കറി പൊലീസ് അടച്ചുപൂട്ടി
ചെന്നൈ: കോവിഡ് ഭേദമാക്കാന്‍ മൈസൂര്‍പാക്കുമായെത്തിയ കടയുടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കോയമ്ബത്തൂര്‍ 'ശ്രീ റാം വിലാസ് നെല്ലയ് ലാല സ്വീറ്റ്സ്'ഷോപ്പ് ഉടമ ശ്രീറാമിനെതിരെയണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

തന്‍റെ ഷോപ്പില്‍ പ്രത്യേകമായി തയ്യാറാക്കുന്ന മൈസൂര്‍പാക്ക് എങ്ങനെയാണ് കോവിഡ് ഭേദമാക്കുന്നതെന്ന് വിവരിച്ചു കൊണ്ടുള്ള പരസ്യങ്ങളും ഇയാള്‍ പലയിടങ്ങളിലായി പതിപ്പിച്ചിരുന്നു.' കൊറോണ വൈറസ് ബാധിതര്‍ ഈ മൈസൂര്‍ പാക്ക് കഴിക്കുമ്ബോള്‍ ആദ്യം കയ്പ്പനുഭവപ്പെടുമെങ്കിലും ഇതിലെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മധുരം തോന്നിത്തുടങ്ങും' എന്നായിരുന്നു പരസ്യത്തില്‍.

 മൈസൂര്‍ പാക്ക് തയ്യാറാക്കാനുള്ള ഫോര്‍മുല സൗജന്യമായി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാന്‍ തയ്യാറാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

'മൈസൂര്‍പാക്ക് തയ്യാറാക്കാനുള്ള ഫോര്‍മുല സര്‍ക്കാരിന് സൗജന്യമായി തന്നെ കൈമാറാന്‍ തയ്യാറാണ്.. ഞങ്ങളിത് പ്രധാനമന്ത്രി മോദിക്ക് നല്‍കും. കേന്ദ്ര സംഘത്തോടൊപ്പം ഞാന്‍ ജോലി ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ ശമ്ബളം ഒന്നും വാങ്ങാതെ തന്നെ അതിനും ഞാന്‍ തയ്യാറാണ്.. ' ശ്രീറാം പറയുന്നു.

പരസ്യം വൈറലായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ശ്രദ്ധയിലുമെത്തുന്നത്. പിന്നാലെ തന്നെ കോയമ്ബത്തൂരിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ മെഡിക്കല്‍ ഓഫീസറും ശ്രീറാമിന്‍റെ കടയില്‍ പരിശോധനയ്ക്കെത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

ഇവിടെ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 120 കിലോ മൈസൂര്‍പാക്ക് അധികൃതര്‍ പിടിച്ചെടുത്തു. പിന്നാലെ ഇയാളുടെ ഫുഡ് ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക