Image

മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം; ക്ലിഫ് ഹൗസിലും സ്വപ്‌ന സന്ദര്‍ശനം നടത്തിയിട്ടുണ്ടോ? കെ.സുരേന്ദ്രന്‍

Published on 09 July, 2020
മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം;  ക്ലിഫ് ഹൗസിലും സ്വപ്‌ന സന്ദര്‍ശനം നടത്തിയിട്ടുണ്ടോ? കെ.സുരേന്ദ്രന്‍

കോഴിക്കോട്: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി നട്ടെല്ലുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അേന്വഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ട് കാര്യമില്ല, നിയതമായ രീതിയില്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 


മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രത്തിന് അറിയിക്കാമായിരുന്നു. ഇത്രയും ഗൗരവമായ വിഷയം നടന്നിട്ടും എന്തുകൊണ്ട്് മന്ത്രിസഭാ പയോഗം ചേരുന്നില്ല. സി.ബി.ഐ അന്വേഷണം വേണമെന്ന് ഔപചാരികമായി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്് എന്തുകൊണ്ടാണ്? എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും നിലവിലുള്ള അന്വേഷണ ഏജന്‍സികള്‍ ആരെങ്കിലും ആവശ്യപ്പെട്ട സഹായം കേരള പോലീസും സര്‍ക്കാരും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ ഇങ്ങനെയാണോ സ്വപ്‌നയുടെ സ്ഥിതി? ചില സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സി ചോദിച്ചിട്ട് കേരള പോലീസ് കൊടുത്തിട്ടുണ്ടോ? വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിലെ വിവരങ്ങള്‍ ചോദിച്ചിട്ട് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. എന്തു സഹായമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്നത്. 

ഒപ്പം ജോലി ചെയ്തിരുന്ന ചിലര്‍ കള്ളക്കടത്ത് കേസില്‍ മുങ്ങിയിട്ട് അവര്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലും പിണറായി വിജയന്‍ നടത്തിയിട്ടില്ല. കേരളത്തെ നടുക്കിയ ഈ കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തി മുങ്ങിയിട്ട് അവരെ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സ്വപ്‌ന എവിടെയാണെന്ന് കേരള പോലീസിന് അറിയാത്തതാണോ? എന്തുകൊണ്ടാണ് കേരള പോലീസ് ഒരു തരത്തിലുള്ള സഹായവും കസ്റ്റംസിന് നല്‍കാത്തത്?

പ്രധാനപ്രതിയുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ അവധി നല്‍കി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ശിവശങ്കറിന് മാത്രമാണോ ഈ കേസില്‍ പങ്ക്? മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കില്ലേ. സര്‍ക്കാര്‍ വാഹനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചതിന്റെ തെളിവുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളും വിസിറ്റിംഗ് കാര്‍ഡുകളും, ലെറ്റര്‍ പാഡുകളും വിമാനത്താവളത്തില്‍ ഉപയോഗപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്.

2017 മുതല്‍ സ്വപ്‌നയുമായി മുഖ്യമന്ത്രിക്ക് പരിചയമുണ്ടെന്ന് താന്‍ വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമോ? ഓഫീസിലും ക്ലിഫ് ഹൗസിലും സ്വപ്‌ന സന്ദര്‍ശനം നടത്തിയിട്ടുണ്ടോ? മറ്റ് എന്തെങ്കിലും തരത്തിലുള്ള പരിചയമുണ്ടോ? സ്വപ്‌നയുടെ നിയമനം അറിഞ്ഞുകൊണ്ടാണോ? സ്വപ്നയെ നിയമിക്കുന്നതിനും മുന്‍പും സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പ് സ്വപ്‌നയ്ക്ക് എങ്ങനെ ലഭിച്ചു. ഒരു അറിവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. നിയമനം നടക്കുന്നതിനു മുന്‍പും ശേഷവും സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് ഇതുകൊണ്ടു തന്നെയാണ്. 

ഈ കേസിലെ കുന്തമുന ചെന്നുനില്‍ക്കുന്നത് മുഖ്യമന്ത്രിയിലേക്കും അടുപ്പക്കാരിലേക്കും ആശ്രിതരിലേക്കും സില്‍ബന്തികളിലേക്കുമാണ്. ക്ലിഫ് ഹൗസിലും ഓഫീസിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമോ? മുഖ്യമന്ത്രിയെ ശിവശങ്കറിനൊപ്പം സ്വപ്‌ന സുരേഷ് ഓഫീസിലും വസതിയിലും സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് മറുപടി നല്‍കണം. 

ശിവശങ്കര്‍ നടത്തിയ വിദേശയാത്രകള്‍ ഈ കേസില്‍ നിര്‍ണായകമാണ് അറബി രാജ്യങ്ങളില്‍ സി.പി.എമ്മുകാരുടെ ഇടപാടുകളുടെ ഇടനിലക്കാരിയായാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് ഇങ്ങനെ വിദേശയാത്രകള്‍ നടത്താന്‍ കഴിയുന്നത് എങ്ങനെയാണ്? ഈ യാത്രകളില്‍ ആരൊക്കെയാണ് കൂടെപ്പോയത്? ഇതൊക്കെ അന്വേഷിക്കാന്‍ തയ്യാറായെങ്കിലെ ധാര്‍മ്മിക രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അവകാശമുള്ളു.

കളങ്കിത വ്യക്തിയുമായി ബന്ധമുള്ളതിന്റെ പേരിലാണ് ശിവശങ്കറിനെ മാറ്റിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങയെങ്കില്‍ കളങ്കിത വ്യക്തിയുമായി ബന്ധമുള്ള മറ്റുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക