Image

വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് കോമരം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിന്റെ ജാമ്യം റദ്ദാക്കി

Published on 09 July, 2020
വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് കോമരം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിന്റെ ജാമ്യം റദ്ദാക്കി
തൃശ്ശൂര്‍: കോമരത്തിന്റെ കല്‍പന അനുസരിച്ച്‌ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോമരം ശ്രീകാന്തിന്റെ ജാമ്യം റദ്ദാക്കി. ഏഴ് ദിവസത്തിനകം ശ്രീകാന്ത് നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. തൃശ്ശൂര്‍ ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

മൂന്ന് മാസം മുമ്ബ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിക്ക് തെറ്റുപറ്റിയെന്നും ഇത്ര വലിയ കുറ്റകൃത്യം നടത്തിയ ആള്‍ക്ക് ജാമ്യം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും കോമരത്തിന്റെ ജാമ്യം റദ്ദാക്കി ജില്ല സെഷന്‍സ് കോടതി ജഡ്ജി അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. 

പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് കോമരം ചെയ്തത്. ഇയാളുടെ ബോധപൂര്‍വമായ പ്രവര്‍ത്തിയാണ് വീട്ടമ്മ ജീവന്‍ ഒടുക്കാന്‍ കാരണമെന്നും കോടതി നിരീക്ഷിച്ചു.

വീട്ടമ്മയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും കുടുംബ ക്ഷേത്രത്തില്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച്‌ ഇക്കാര്യം ഏറ്റു പറഞ്ഞ് മാപ്പിരക്കണമെന്നുമായിരുന്നു കോമരത്തിന്റെ കല്‍പന. ഇതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയായിരുന്നു.

 വീട്ടമ്മയുടെ ബന്ധുവിന്റെ സ്വാധീനത്തിലാണ് കോമരം കല്‍പന പുറപ്പെടുവിച്ചതെന്ന് ആരോപണം ഉണ്ട്. വീട്ടമ്മയുടെ ഭര്‍ത്താവും സഹോദരനും പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു.

നാല് മാസങ്ങള്‍ക്ക് മുമ്ബാണ് അന്തിക്കാട് പാലാഴിയിലാണ് സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ട് മക്കളുണ്ട്. വീട്ടമ്മയുടെ അമ്മാവന്റെ മകനില്‍ നിന്ന് ശല്യം നേരിട്ടിരുന്നതായി വീട്ടമ്മ ഭര്‍ത്താവിനോടും സഹോദരനോടും പരാതി പറഞ്ഞിരുന്നു. 

നിരവധി തവണ ഇവര്‍ ഇയാളെ താക്കീത് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതുവരെ പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക