Image

ദമ്മാം ഇന്ത്യൻ സ്ക്കൂൾ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എംബസ്സി ഇടപെടുക : നവയുഗം

Published on 09 July, 2020
ദമ്മാം ഇന്ത്യൻ സ്ക്കൂൾ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എംബസ്സി ഇടപെടുക : നവയുഗം
മ്മാം: ഈ കോവിഡ് കാലത്ത് ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ മാനേജ്‌മെന്റിന്റ് കാണിയ്ക്കുന്ന  കെടുകാര്യസ്ഥതയും, രക്ഷാകർത്താക്കളോടുള്ള മനുഷ്യത്വമില്ലാത്ത സമീപനങ്ങളും അവസാനിപ്പിയ്ക്കാൻ ഇന്ത്യൻ എംബസ്സി ഇടപെടണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ അധ്യയനവർഷം കോവിഡ് രോഗബാധ കാരണം സ്ക്കൂൾ തുറക്കാൻ കഴിയാത്തതിനാൽ ഓൺലൈനിൽ കൂടെയാണ് അധ്യയനം.ഓൺലൈൻ ക്‌ളാസ്സുകൾക്കായി അദ്ധ്യാപകർ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും, ഒരു മാസത്തിലധികം ഫീസ് കുടിശ്ശിക വരുത്തിയ വിദ്യാർഥികളെ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കിയിരുന്നു. 

മാനേജ്‌മെന്റിന്റെ കർശനനിർദ്ദേശപ്രകാരം ആയിരുന്നു മനുഷ്യത്വമില്ലാത്ത ഈ നടപടി ഉണ്ടായത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അതോടെ ഓൺലൈൻ പഠനത്തിൽ നിന്നും പുറത്തായത്. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഈ ക്രൂരമായ നടപടി ഉണ്ടാക്കിയ മനസികാഘാതം വളരെ വലുതാണ്.

എന്നാൽ ഇങ്ങനെ പുറത്തായ വിദ്യാർത്ഥികളിൽ തന്നെ, സ്ക്കൂൾ ഫീസ് ഓൺലൈനിലൂടെ കൃത്യമായി അടച്ചവരും  ഉൾപ്പെട്ടിരുന്നു. തുടർന്ന് നവയുഗം പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ, ഓൺലൈനിലൂടെ അടയ്ക്കുന്ന ഫീസ് കൃത്യമായി വരവ് വച്ചു, അക്കൊണ്ട് സിസ്റ്റത്തിൽ  അപ്‌ഡേറ്റ് ചെയ്യുന്നതിൽ സ്ക്കൂൾ അധികൃതർ ഗുരുതരമായ പിഴവ് വരുത്തിയതായി മനസ്സിലാക്കിയിരുന്നു. 

അങ്ങനെ സ്ക്കൂൾ അധികൃതർ അക്കൗണ്ട്സുമായി ബന്ധപ്പെട്ട, സ്വന്തം പണി കൃത്യമായി ചെയ്യാത്തതിനാൽ, കൃത്യമായി ഫീസ് അടയ്ക്കുന്ന വിദ്യാർഥികൾ പോലും, ക്‌ളാസ് ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്നും അനാവശ്യമായി പുറത്താക്കപ്പെട്ട അവസ്ഥയാണ് ഉണ്ടായത്ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതരെ നവയുഗം പരാതിയും അറിയിച്ചിരുന്നു.

പൊതുസമൂഹത്തിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്ന പ്രതിഷേധവും, സ്വന്തം വീഴ്ചയും മനസ്സിലാക്കി, വിദ്യാർത്ഥികളെ ഓൺലൈൻ ഗ്രൂപ്പുകളിൽ തിരികെ പ്രവേശിയ്ക്കാൻ താൽക്കാലികമായി  സ്ക്കൂൾ അധികൃതർ തയ്യാറായിട്ടുണ്ട്.

 ഈ കോവിഡ് കാലത്തു സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യൻ സമൂഹത്തെ ഫീസിന്റെ പേരിൽ പീഢിപ്പിയ്ക്കുന്ന സ്ക്കൂൾ മാനേജ്‌മെന്റിന്റെ സമീപനത്തിൽ ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഈ സംഭവം കാണിയ്ക്കുന്നത്. 

ലക്ഷക്കണക്കിന് രൂപ രക്ഷിതാക്കളിൽ നിന്നും പിരിച്ചു, വെൽഫെയർ ഫണ്ട് ആയി സ്ക്കൂൾ മാനേജ്‌മെന്റിന്റെ കൈയ്യിൽ ഉള്ളപ്പോഴാണ്, സാമ്പത്തികമായി തകർന്നിരിയ്ക്കുന്ന രക്ഷിതാക്കളെ പിഴിയാൻ  ശ്രമിയ്ക്കുന്നത് എന്നത് അപലപനീയമാണ്. 

സൗദി സർക്കാർ സ്വന്തം നാട്ടുകാരോട് കാണിയ്ക്കുന്ന കാരുണ്യം പോലും, ഇന്ത്യൻ എംബസ്സിയുടെ കീഴിൽ സമൂഹത്തിന്റെ സ്ക്കൂൾ എന്ന ബ്രാൻഡുമായി നിൽക്കുന്ന ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.

ഇക്കാര്യത്തിൽ ഇന്ത്യൻ എംബസ്സി തന്നെ നേരിട്ട് ഇടപെട്ട് സ്ക്കൂൾ മാനേജ്‌മെന്റിനെ നിയന്ത്രിയ്ക്കണമെന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ നിർദ്ദേശം നൽകണമെന്നും, നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക