Image

“മോഹനമീ നടനം” അഷ്ടപദിയാട്ടവുമായി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ

മനു നായർ Published on 09 July, 2020
“മോഹനമീ നടനം” അഷ്ടപദിയാട്ടവുമായി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ
അരിസോണ: പ്രമുഖ മോഹിനിയാട്ടം നർത്തകിയും നൃത്ത ഗവേഷകയുമായ കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ    നൃത്ത വിശേഷങ്ങളുമായി അമേരിക്കൻ മലയാളികൾക്ക് മുന്നിൽ എത്തുന്നു. ജൂലൈ 11 ന് ശനിയാഴ്ച അരിസോണ സമയം വൈകിട്ട് 7 മണിക്ക് സൂം അപ്പുവഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഷീബ തിരുവങ്ങാട് സര്‍ഗലയ നൃത്തവിദ്യാലയം പ്രിന്‍സിപ്പലുമാണ്. കുച്ചുപ്പുടിയില്‍ ഗീത പദ്മകുമാറാണ് ഗുരു. നൃത്തവേദിയില്‍ മാത്രമായി ഒതുങ്ങുന്നില്ല ഈ കലാകാരിയുടെ സര്‍ഗസാന്നിധ്യം. ചെണ്ടമേളത്തില്‍ രവി കെ മാരാരുടെയും ഇടയ്ക്കയില്‍ പയ്യന്നൂര്‍ കൃഷ്ണമണിമാരാരുടെ കീഴിലും പരിശീലിച്ചിട്ടുണ്ട്.

കാലപ്രവാഹത്തിന്റെ  കുത്തൊഴുക്കിൽ പെട്ട് വിസ്‌മൃതിയിലാണ്ടുപോയ  ‘അഷ്ടപദിയാട്ടം’ എന്ന കലാരൂപത്തെ അമേരിക്കയിലെ നൃത്താസ്വാദകർക്കും, നൃത്താഭ്യാസകർക്കും  പരിചയപ്പെടുത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്‌ഷ്യം ലക്ഷ്യമാക്കുന്നതെന്ന് ഈ പരിപാടിയുടെ മുഖ്യ പ്രയോജകരായ 'കലാക്ഷേത്ര യൂ.എസ്.എ.' യുടെ ഭാരവാഹികൾ അറിയിച്ചു.

ആയിരത്തിൽ തൊള്ളായിരത്തി അൻപത്  അറുപതു  കാലഘട്ടത്തിൽ  കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന  ഒരു നൃത്തരൂപമായിരുന്നു അഷ്ടപദിയാട്ടം . 1പന്ത്രണ്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന  ജയദേവ കവി രചിച്ച ഗീത ഗോവിന്ദം എന്ന രചനയാണ് ഇതിന്നാധാരം. പുരി ജഗന്നാഥ ക്ഷേത്രത്തിൽ വച്ചാണ് ഗീത ഗോവിന്ദം രചിച്ചത്  എന്നു പറയപ്പെടുന്നു.  12 സർഗ്ഗങ്ങളിൽ  24 അദ്ധ്യായങ്ങളിലായി 93 ശ്ലോകങ്ങൾ അടങ്ങിയിട്ടുണ്ട് .

പിന്നീട്  മറ്റു കലകളുടെ അതിപ്രസരത്തിലോ, അവതരണത്തിനുള്ള പ്രയാസം മൂലമോ  ഈ വിശിഷ്ട കലാരൂപം രംഗവേദിയിൽ നിന്നും അപ്രത്യക്ഷമായി. ഷീബാ കഴിഞ്ഞ അഞ്ചു വർഷമായി ഈ കലാരൂപത്തെ മുഖ്യധാരയിൽ എത്തിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്. 

ഇതിന്റെ ഭാഗമായി ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ഇരുപത്തിനാല് അഷ്ടപദികളിലേയും  നൃത്താംശം ഉൾക്കൊണ്ടു അന്തരിച്ച പ്രൊഫസർ  കരിമ്പുഴ രാമകൃഷ്ണൻ മാസ്റ്റർ (ബ്രണ്ണൻ കോളേജ്  തലശ്ശേരി) വരികൾ ചിട്ടപ്പെടുത്തുകയും പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (104 വയസ്സ് ) നൃത്ത  സംവിധാനം നിർവ്വഹിക്കുകയും കണ്ണൂർ സീതാലക്ഷ്‌മി (83)  എന്ന നർത്തകിയുടെ പരിശീലനത്തിലൂടെ ഇരുനൂറിലധികം  വേദികളിൽ ഷീബ അഷ്ടപദി അവതരിപ്പിച്ചു.

കേരളത്തിലെ ഒട്ടുമിക്ക പ്രധാന വേദികളും, (സൂര്യ ഫെസ്റ്റിവൽ, സംഗീത  നാടക അക്കാദമി  പിണറായി പെരുമ  ഉത്സവം 2018, മിലൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ തുടങ്ങിയവ) ക്ഷേത്രങ്ങളും  കാടാമ്പുഴ,  തിരുന്നാവായ, മച്ചാട്  മാമാങ്കം   തൃപ്രങ്ങോട്  മഹാദേവ ക്ഷേത്രം, കൈത്തളി മഹാദേവക്ഷേത്രം  മമ്മിയൂർ , തുടർച്ചയായി  മൂന്നുവർഷം  ഗുരുവായൂർ ഉത്സവം (2018, 2019, 2020) തുടങ്ങി ഒട്ടനവധി വേദികളിൽ അഷ്ടപദിയാട്ടം അവതരിപ്പിക്കാൻ ഈ കലാകാരിക്ക് സാധിച്ചു.  സർക്കാർ അംഗീകാരങ്ങളും , കണ്ണൂർ സ്ത്രീ ശക്തി  പുരസ്‍കാരം ഉൾപ്പെടെ ഒട്ടനവധി ഇതര പുരസ്‌കാരങ്ങളും ലഭിച്ചു.

ഈ പരിപാടിയിൽ പങ്കെടുത്തു അഷ്ടപദിയാട്ടത്തെപ്പറ്റിയും മറ്റു  കേരള കലകളെപ്പറ്റിയും  കൂടുതൽ മനസ്സിലാക്കാൻ കലയെ സ്നേഹിക്കുന്ന എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : kha4arts@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക