Image

ടെക്‌സസില്‍ ഹോസ്പിറ്റലൈസേഷനും മരണവും റിക്കാര്‍ഡ് ലെവലില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 July, 2020
ടെക്‌സസില്‍ ഹോസ്പിറ്റലൈസേഷനും മരണവും റിക്കാര്‍ഡ് ലെവലില്‍ (ഏബ്രഹാം തോമസ്)
കോവിഡ്- 19 വ്യാപനത്തിന്റെ അളവുകോലായി ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ഉദ്ധരിച്ച രണ്ട് മാനദണ്ഡങ്ങള്‍ ദിനം പ്രതി ഉയരുന്ന ഹോസ്പിറ്റലൈസേഷനും മരണനിരക്കും ആണ്. ഒരാഴ്ചയായി ഇവ രണ്ടും ആശങ്ക ഉണര്‍ത്തുന്നു. കഴിഞ്ഞയാഴ്ച 9,600 പേര്‍ ആശുപത്രികളിലായി. 98 മരണം സംഭവിച്ചു. പരിശോധന നടത്തിയ കൊറോണ വൈറസ് രോഗബാധയില്‍ 15% പോസിറ്റീവ് ആയി. കോവിഡ് പോയിട്ടില്ലെന്നും പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ പോവുകയില്ലെന്നും ആബട്ട് പറഞ്ഞു. ടെക്‌സസിലെ ഒരു സമൂഹവും ഇത് ചെറുത്തു നില്‍ക്കാന്‍ കെല്പുള്ളതല്ല.
കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. മരണവും ഹോസ്പിറ്റലൈസേഷനും രോഗവ്യാപനം തുടരുന്നതിലേക്കാണ്. ഇപ്പോള്‍ ആശുപത്രിയിലാക്കേണ്ടി വന്നവര്‍ക്ക് ഏകദേശം രണ്ടാഴ്ച മുമ്പ് രോഗം പിടിപെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

ഇതിനകം 2,20,500 ടെക്‌സസുകാര്‍ കോവിഡ്-19 ടെസ്റ്റിംഗില്‍ പോസിറ്റീവായി. മാര്‍ച്ചിന് ശേഷം 2,813 പേര്‍ മരിച്ചു. രോഗവ്യാപനം വര്‍ധിച്ചപ്പോള്‍ ആബട്ട് ബാറുകള്‍ അടയ്ക്കുവാനും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുവാനും നിര്‍ദ്ദേശിച്ചു. റെസ്റ്റോറന്റുകളും ജിമ്മുകളും, പാര്‍ക്കുകളും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കി. റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കുകയും ബാറുകള്‍ അടച്ചിടുകയും ചെയ്തത്, വിവേചനപരമാണെന്ന്  ആരോപിച്ച് ഡാലസ് പ്രദേശത്തെ എട്ട് ബാറുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതിയുക്തമല്ലാത്ത ഒരു ആരോപണം(കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ തങ്ങളാണെന്ന ആരോപണം) ഉന്നയിച്ചാണ് വിവേചനം എന്നും കേസില്‍ പറയുന്നു.

റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന നിയമസമാജികര്‍ക്കും ഭരണാധികാരികള്‍ക്കും നിയമം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു ഓണ്‍ലൈന്‍ കത്തെഴുതല്‍ ശ്രമം നടത്തി വരികയാണ്. 1,500 റെസ്‌റ്റോറന്റുകള്‍ അടച്ചപ്പോള്‍ 35,000 ഓളം ജീവനക്കാര്‍ തൊഴില്‍ രഹിതരായി എന്ന് ഗവണ്‍മെന്റ് അഡവൊക്കസി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് കെല്‍സി എറിക്‌സണ്‍ സ്ട്രൂ ഫെര്‍ട്ട് പറഞ്ഞു.
ഹൂസ്റ്റണില്‍ നടത്തുവാനിരുന്ന റിപ്പബ്ലിക്കന്‍ സമ്മേളനത്തിനു വേദിയാകാനില്ലെന്ന് ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടേണര്‍(ഡെമോക്രാറ്റ്) പ്രഖ്യാപിച്ചു. കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ചൂണ്ടിക്കാട്ടി. ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ തീരുമാനത്തിനെതിരെ  കോടതിയെ സമീപിക്കുമെന്ന് ചെയര്‍മാന് ജയിംസ് ഡിക്കി പറഞ്ഞു. ജൂലൈ 16ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന് വേദിയാകാന്‍ കഴിയില്ലെങ്കില്‍ വിവരം നേരത്തെ പറയണമെന്നായിരുന്നു എന്ന് ഡിക്കി പറഞ്ഞു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ 11,000 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ കുറെക്കൂടി ചെറിയ തോതിലാണ് സമ്മേളനം നടത്തുവാന്‍ ഉദ്ദേശിച്ചത്. 4,600 പേര്‍ മാത്രമേ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തുള്ളൂ എന്നാണ് വിവരം. ഇന്‍പേഴ്‌സണ്‍ കണ്‍വെന്‍ഷനിലാണ് ട്രമ്പിന് വലിയ താല്‍പര്യമെന്നതിനാല്‍ സ്റ്റേറ്റ് യൂണിറ്റിനും വെര്‍ച്ച്വല്‍ കണ്‍വെന്‍ഷനില്‍ താല്‍പര്യമില്ല. മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റഅ സ്ഥാനാര്‍ത്ഥിയുമായ ജോ ബാഡനും പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും തമ്മില്‍ ആരാണ് ശാരീരികമായി മെച്ചപ്പെട്ട അവസ്ഥയില്‍ എന്നുള്ളതിനെ ചൊല്ലി വാക്‌പോര് മൂര്‍ച്ഛിക്കുകയാണ്. യു.എസില്‍ പ്രായം ഒരു അയോഗ്യതയായി പരിഗണിക്കരുത് എന്ന് പരസ്യമായി പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രായമാണ് പലപ്പോഴും പ്രധാന മാനദണ്ഡമായി പരിഗണിക്കുക.

ട്രമ്പിന്റെ പുതിയ ടെലിവിഷന്‍ പരസ്യത്തില്‍ ബൈഡന് രാജ്യത്തെ നയിക്കുവാനുള്ള കരുത്തും ഓജസും വീര്യവുമില്ല കാരണം 77 കാരനായ അയാള്‍ക്ക് പ്രായാധിക്യമായി എന്നാരോപിച്ചിരുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിലും സ്പാനിഷിലും നടത്തുന്ന 30 സെക്കന്‍ഡ് പരസ്യത്തിന് ആറര മില്യന്‍ ഡോളര്‍ ചെലവഴിക്കുന്നു എന്നാരോപണമുണ്ട്.
74 കാരനായ ട്രമ്പ് പടികളില്‍ ബദ്ധപ്പെട്ട് കയറുന്ന ദൃശ്യങ്ങള്‍ 'ട്രമ്പിന് നയിക്കുവാന്‍ കരുത്തില്ല' എന്ന തലക്കെട്ടോടെ ബൈഡന്‍ പ്രചരണ വിഭാഗം ഉപയോഗിച്ച് തിരിച്ചടി നല്‍കി.

ടെക്‌സസില്‍ ഹോസ്പിറ്റലൈസേഷനും മരണവും റിക്കാര്‍ഡ് ലെവലില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക