Image

ബ്രിട്ടണില്‍ വമ്പന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നു, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Published on 10 July, 2020
 ബ്രിട്ടണില്‍ വമ്പന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നു, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
ലണ്ടന്‍: തൊഴില്‍നഷ്ടം ഉണ്ടാകാതിരിക്കാന്‍ 30 ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ദിവസേന ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന വാര്‍ത്തകളാണ് ബ്രിട്ടനില്‍.  അത്രയേറെ പ്രതിസന്ധിയാണ് വ്യവസായ വാണിജ്യ മേഖലയില്‍ കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. വസ്ത്രവ്യാപാര മേഖലയിലെയും ഹോം അബ്ലൈന്‍സസ് രംഗത്തെയും രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ജോണ്‍ ലൂയിസ് എട്ടു ബ്രാഞ്ചുകളാണ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചത്. ക്രോയിഡണ്‍, ന്യൂബറി, ഹിത്രൂ, വാറ്റ്‌ഫോര്‍ഡ്, സെന്റ് പാന്‍ക്രാസ്, സ്വിന്‍ഡന്‍, ടാംവര്‍ത്ത്, ബര്‍മിങ്ങാം എന്നിവിടങ്ങളിലെ ഷോറൂമൂകള്‍ പൂട്ടുന്നതോടെ 1300 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

ബ്രിട്ടനിലെ പ്രമുഖ കോസ്‌മെറ്റിക് ശൃംഖലയായ ബൂട്ട്‌സ് 4000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടേണ്ട സ്ഥിതിയിലാണ്. ഹെഡ്ഓഫിസിലും വിവിധ സ്ഥലങ്ങളിലെ 48  ഒപ്റ്റീഷ്യന്‍ സ്റ്റോറുകളിലും സമൂലമായ അഴിച്ചുപണിയാണ് ബൂട്ട്‌സ് ലക്ഷ്യമിടുന്നത്. ഏതെക്കൊ സ്റ്റോറുകളാണ് അടുച്ചുപൂട്ടുന്നതെന്ന് ബൂുട്ട്‌സ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തെ പ്രമുഖ ഭക്ഷ്യശൃംഖലയായ ബര്‍ഗര്‍ കിങ്ങും കോവിഡ് മൂലം പ്രതിസന്ധിയിലാണ്. ലോക്ക്‌ഡൌണിനുശേഷം 370 ഷോപ്പുകള്‍ തുറന്നെങ്കിലും 1,600 ജീവനക്കാരെയെങ്കിലും കുറയ്‌ക്കേണ്ട സ്ഥിതിയിലാണ് ബര്‍ഗര്‍ ലോകത്തെ ഈ രാജാവ്.

ഇതിനിടെ തൊഴിലില്ലായ്മയ്‌ക്കൊപ്പം പട്ടിണിയും ലോകത്താകെ വ്യാപകമാകുമെന്ന മുന്നറിയിപ്പാണ് . വിവിധ ചാരിറ്റികള്‍ നല്‍കുന്നത്. ഈവര്‍ഷം അവസാനത്തോടെ ലോകത്താകെ ദിവസേന 12,000 പേര്‍ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഓക്‌സ്ഫാം എന്ന ലോകത്തെ ഏറ്റവും വലിയ ഫുഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പു നല്‍കുന്നത്. വികസ്വര രാഷ്ട്രങ്ങളിലെ രോഗവ്യാപനം കൂടുന്തോറും പട്ടിണിയും വ്യാപിക്കുമെന്നാണ് ഇവരുടെ പഠനങ്ങള്‍. 12 കോടിയിലേറെ ജനങ്ങള്‍ ഭക്ഷണവും ശുദ്ധജലവും കിട്ടാതെ വിഷമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇവരുടെ നിഗമനം. ബ്രസീല്‍, ഇന്ത്യ, സൗത്ത് ആഫ്രിക്ക, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഹംഗര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ആയി മാറുമെന്നാണ് ഓക്‌സ്ഫാം പറയുന്നത്.

ബ്രിട്ടണില്‍ ഇന്നലെ 85 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 44, 602 ആയി ഉയര്‍ന്നു. സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക