Image

കോവിഡിനെതിരായ പോരാട്ടം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു മുഖ്യമന്ത്രി

Published on 10 July, 2020
കോവിഡിനെതിരായ പോരാട്ടം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം അട്ടിമറിക്കാനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവിടാനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഗുരുതര സ്ഥിതിയിലെത്തിയ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍. ജനങ്ങളുടെ ഭാഗത്തുനിന്ന് മുന്‍കരുതലില്‍ പാളിച്ചവന്നാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാകും. രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചേക്കാം. അതിന് ഇടവരുത്തുന്ന ഒരുകാര്യവും അനുവദിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

പഴുതടച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോളാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്. ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നില്‍ നില്‍ക്കുന്നത്. രോഗസാധ്യതയുള്ള ജനങ്ങളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തി. ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷം ഉണ്ടെങ്കില്‍പ്പോലും പോസിറ്റീവാകുമെന്നും നിരീക്ഷണ കേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിച്ചു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോട് പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നും പ്രചാരണം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും പ്രത്യേക സഹായം ലഭിക്കുമെന്നും ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് സ്ത്രീകളടക്കമുള്ള നൂറുപേരടങ്ങുന്ന സംഘം രാവിലെ 10.30 ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളായ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘം എത്തിയത്. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകീട്ടുവരെ തുറന്നുവെക്കണമെന്നും ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് വൈകുന്നേരം പ്രഖ്യാപിക്കുന്നതെങ്കിലും മൂന്ന് സ്ഥലത്തെയും രോഗികളുടെ കണക്ക് ചേര്‍ത്ത് പൂന്തുറയെന്ന പേരിലാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും, ഇത് പൂന്തുറയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പൂന്തുറയിലെ പ്രശ്‌നം പറയുമ്പോള്‍ മറ്റൊരു സ്ഥലത്തിന്റെ പേര് പറയാനാകില്ല. പൊന്നാനി, കാസര്‍കോട്, ചെല്ലാനും തുടങ്ങിയ സ്ഥലങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ് പറഞ്ഞത്. അതെല്ലാം അരോടെങ്കിലും വിരോധമുള്ളതുകൊണ്ടല്ല. ജാഗ്രത പാലിക്കാനാണ്. മഹാമാരിയെ നേരിടുമ്പോള്‍ പ്രയാസങ്ങളുണ്ടാകും. അത് സഹിക്കേണ്ടിവരും. ജീവന്റെ സംരക്ഷണമാണ് പ്രധാനം, മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കീഴ്‌പ്പെടുത്താമെന്ന് വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ കഴിയാതെവരും. നിയന്ത്രണങ്ങള്‍ക്ക് മാറ്റുമാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. പ്രതിരോധവുമായി സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. പൂന്തുറയിലും ആ നിലപാട് തന്നെയുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. വ്യാജവാര്‍ത്തയും തെറ്റായ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമാധാന അന്തീക്ഷത്തിന് തടസം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളിക്കളയാല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തെറ്റിദ്ധരിപ്പിക്കലിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രോഗം സ്ഥിരീകരിക്കപ്പെട്ട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന പരാതി ചിലര്‍ ഉയര്‍ത്തി. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി പൂന്തുറയെ കരുവാക്കുന്നുവെന്നും പ്രചാരണം ഉണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് സഞ്ചാരം തടയാനും ശ്രമിച്ചു. സ്വന്തം ജീവന്‍ അപകടത്തിലാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് തടയാന്‍ ശ്രമിക്കുന്നത്. ഇതൊന്നും പ്രദേശത്തെ ജനങ്ങള്‍ സ്വാഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക