Image

കത്തുന്ന അഞ്ചുവിരലുകൾ ( കവിത: അന്ന മേരി ഹസ്കൽ)

Published on 10 July, 2020
കത്തുന്ന അഞ്ചുവിരലുകൾ ( കവിത: അന്ന മേരി ഹസ്കൽ)
അഞ്ചു വിരലുകൾ
അഞ്ചു ചന്ദന തിരികൾപോലെ
തള്ളവിരൽ നിനക്കുള്ളത്
ചൂണ്ടുവിരൽ ദൈവത്തിനുള്ളത്
നടുവിരൽ രാജ്യത്തിനുള്ളത്
മോതിരവിരൽ എന്നും പ്രതിഷേധിക്കുന്ന ഒറ്റയാണ്
എന്നാൽ
ചെറുവിരൽ
ഏകാന്തതയിൽ
ഉണർന്നിരുന്ന്
അഞ്ചു വിരലുകളെയും
കത്തിക്കുന്ന
ധൂപദ്രവ്യമാണ്
ദൈവത്തിനുള്ളത്
വെറും പുകയായ് പോകുന്നു
നിനക്കുള്ളത് പാതിയിലെ കെട്ടുപോകുന്നു
രാജ്യത്തിനുള്ളത് കാണാതെയാകുന്നു
ആഘോഷങ്ങൾ
കൊത്തുപണികൾ ചെയ്ത്
രാത്രികളെ
അടക്കം ചെയ്ത്
ചുംബിച്ച മോതിര വിരൽ,
ആഭ്യന്തര കലാപത്തിൽ
രാജ്യം നഷ്ടപെട്ട്
അന്ത്യകൂദാശ
ചൊല്ലിയ
ഷെല്ലു കഷണമാണ്
പുകയുന്നുണ്ടത്
എല്ലാ പുകച്ചിലുകളിലും
പുകമാത്രമായി
ഭൂമിയിലേക്ക്
ഞാനാ പുകയൂതും
വിരലുകൾ കത്തുന്ന
മണത്തിൽ 
നരകത്തിൽ പോയവർ
ആ അലയുന്ന പുകയുടെ
നീലിച്ച സുവിശേഷമെഴുതും
ശൂന്യതയുടെ കയ്യടികളിൽ
നായാടുന്ന നിശ്ശബ്ദതയുമായ്
നഖങ്ങളായ്
മുഖങ്ങളായ്
അകങ്ങളായ്
മുറിഞ്ഞുപോയവരുടെ
വിരലടികൾ ചേർത്ത്
ഉറ്റു നോക്കുന്നുണ്ട്
മൂകയായ
എന്റെ ചെറുവിരൽ
അതിന്റെ ഒരനക്കത്തിൽ
അയിരം ചീവീടുകൾ പറക്കുന്നു
വെട്ടുകിളികൾ മരിക്കാൻ മത്സരിക്കുന്നു
നീയതിനെ മാത്രം
തൊടാൻ മറന്നുപോകുന്ന
ചലനമില്ലാത്ത
ആറാം വിരൽ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക