Image

കോവിഡ് ഉറവിടം കണ്ടെത്താനായി ഡബ്ല്യു.എച്ച്.ഒ. സംഘം ചൈനയിലെത്തി

Published on 10 July, 2020
കോവിഡ് ഉറവിടം കണ്ടെത്താനായി ഡബ്ല്യു.എച്ച്.ഒ. സംഘം ചൈനയിലെത്തി
ബെയ്ജിങ്: ‘കോവിഡ്19’ന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ ചൈനയില്‍. മൃഗസംരക്ഷണം, പകര്‍ച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധര്‍ ബെയ്ജിങ്ങില്‍ രണ്ടുദിവസം ചെലവിട്ട് കൂടുതല്‍ പഠനങ്ങള്‍ക്കായുള്ള ചട്ടക്കൂടൊരുക്കും.

മൃഗങ്ങളില്‍നിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്നത് കണ്ടെത്തലാണ് പ്രധാനലക്ഷ്യം. അതിനായുള്ള കൃത്യമായ പദ്ധതി ഇവര്‍ തയ്യാറാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രസ്താവനയില്‍പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധരെത്തി അന്വേഷണം വ്യാപകമാക്കും.

വവ്വാലില്‍ കാണുന്ന കൊറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയാണ് സംശയത്തിലുള്ളത്. ഇതേത്തുടര്‍ന്ന് ചൈന വുഹാനിലെ ചന്ത അടച്ചിരുന്നു.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് മേയില്‍ നടന്ന ലോക ആരോഗ്യസമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ചൈനയുടെ സുതാര്യതക്കുറവ് ഡബ്ല്യു.എച്ച്.ഒ. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ്19 കൈകാര്യംചെയ്യാന്‍ സ്വതന്ത്രപാനല്‍ രൂപവത്കരിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞദിവസം ജനീവയില്‍ പറഞ്ഞിരുന്നു. സംഘടനയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം യു.എസ്. ഐക്യരാഷ്ട്രസഭയെ അറിയിച്ചതിനുപിന്നാലെയായിരുന്നു ഇത്. ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്, ലൈബീരിയയുടെ മുന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ പാനലിന് നേതൃത്വം നല്‍കാമെന്ന് സമ്മതിച്ചതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക