Image

ബ്രസീല്‍ ഉള്‍പ്പടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി വിലക്ക് ഏര്‍പ്പെടുത്തി

Published on 11 July, 2020
ബ്രസീല്‍ ഉള്‍പ്പടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി വിലക്ക് ഏര്‍പ്പെടുത്തി
റോം:  കോവിഡ്  19 വൈറസ്  വ്യാപനം രൂക്ഷമായ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി വിലക്ക് ഏര്‍പ്പെടുത്തി. ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയം തയാറാക്കിയ പട്ടികയനുസരിച്ച്, അര്‍മേനിയ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്‌നിയ, ചിലി, കുവൈത്ത്, നോര്‍ത്ത് മസെഡോണിയ, മൊള്‍ദോവ, ഒമാന്‍, പനാമ, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കാണ് ഇറ്റലിയിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുള്ളത്.

കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍  ഈ രാജ്യങ്ങളില്‍ താമസിക്കുകയോ യാത്രചെയ്യുകയോ ചെയ്തവര്‍ക്കും  നിരോധനം ബാധകമാണെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി  റോബെര്‍ത്തോ സ്‌പെറെന്‍സ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങാളായി ഇറ്റാലിയന്‍ ജനത നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാക്കയില്‍നിന്ന് റോമിലെത്തിയ ബംഗ്ലാദേശികള്‍ക്ക് കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് ഇറ്റലിയിലേക്കുള്ള വിമാന സര്‍വീസുകള്‍  നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഇറ്റലിയുടെ പുതിയ നടപടി.

കഴിഞ്ഞ എട്ടിന് റോമിലെയും മിലാനിലെയും വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ ശ്രമിച്ച ബംഗ്ലാദേശ് യാത്രക്കാരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കായി ജൂണ്‍ മൂന്നുമുതല്‍  ഇറ്റലിയുടെ  അതിര്‍ത്തികള്‍ തുറന്നിട്ടുണ്ടെങ്കിലും യൂറോപ്പിനു വെളിയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക