Image

സ്വപ്ന സുരേഷ് പിടിയിലാകുന്നത് ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്ന്

Published on 11 July, 2020
സ്വപ്ന സുരേഷ്  പിടിയിലാകുന്നത് ബെംഗളൂരുവിലെ  ഹോട്ടലില്‍ നിന്ന്
സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എന്‍ഐഎയുടെ പിടിയിലാകുന്നത് ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒക്ടേവ് സ്റ്റുഡിയോയില്‍ . ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഹോട്ടലിലെത്തി എന്‍ഐഎ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നക്കൊപ്പം ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് എന്‍.ഐ.എ. സംഘം സ്വപ്ന സുരേഷിനെ കണ്ടെത്തിയതെന്നാണ് വിവരം. 

കസ്റ്റഡിയിലെടുത്ത സ്വപ്നയേയും സന്ദീപിനേയും ഞായറാഴ്ച കൊച്ചിയിലെത്തിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവരും ഒപ്പമുള്ള ഉദ്യോഗസ്ഥരും 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പോകേണ്ടി വന്നേക്കും. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയും നിര്‍ണായകമാകും.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തന് സൂചന നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വപ്ന സുരേഷും സന്ദീപ് നായരും അതിര്‍ത്തി കടന്നതില്‍ ദുരൂഹത. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം ശക്തമായ നിയന്തണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത സ്വാധീനമില്ലാതെ ഇവര്‍ക്കിതിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. കേസില്‍ സരിത്ത് പിടിയിലായതോടെയാണ് സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ പോകുന്നത്.

കേരള പോലീസാണ് സ്വപ്നക്ക് അതിര്‍ത്തി കടക്കാന്‍ സഹായം ചെയ്തതെന്നും വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയും ചെയ്തിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരത്തുനിന്നും കടക്കാന്‍ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്.

ശബ്ദരേഖ പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു.

ഫൈസല്‍ ഫരീദിനെ മൂന്നാംപ്രതിയാക്കി എന്‍.ഐ.എ. കോടതിയില്‍ എഫ്.ഐ.ആര്‍. നല്‍കിയതോടെ അന്വേഷണം ദുബായിലേക്ക്. ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്തിരിക്കുന്നത്.

ഫൈസലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളംവഴി ആറുമാസത്തിനകംവന്ന നയതന്ത്ര ബാഗേജുകള്‍ ഏറ്റുവാങ്ങിയത് സരിത്തായിരുന്നു. ഇത്തരം ബാഗേജുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍, ചില ബാഗേജുകള്‍ വരുമ്പോള്‍ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. 

കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്ന സ്വപ്നപ്രഭ സുരേഷ്. സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്ന സന്ദീപ് നായര്‍ തിരുവനന്തപുരം സ്വദേശിയാണ്. 

കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ചുമതലക്കാരന്റെ പേരിലെത്തിയ ബാഗേജില്‍നിന്ന് 15 കോടി വില വരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. 

അഞ്ചുതവണ സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകള്‍ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തിനെ ചോദ്യം ചെയ്തതിനിടെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിവിധയിടങ്ങളില്‍ പരിശോധന നടന്നത്.

സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകള്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളിലുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കസ്റ്റംസ് വൃത്തങ്ങള്‍ തയാറായില്ല. കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടിലും കസ്റ്റംസ് പരിശോധന നടന്നു. മുമ്പും ഇയാള്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇവിടെനിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ബാഗ് കണ്ടെടുത്തതായി വിവരമുണ്ട്.


സ്വപ്ന സുരേഷ്  പിടിയിലാകുന്നത് ബെംഗളൂരുവിലെ  ഹോട്ടലില്‍ നിന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക