Image

കോവിഡില്ല; സ്വപ്നയേയും സന്ദീപിനേയും എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു

Published on 12 July, 2020
കോവിഡില്ല; സ്വപ്നയേയും സന്ദീപിനേയും എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവായി. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയില്‍വച്ചാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

എന്‍ഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയില്‍ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തില്‍ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണു വിട്ടത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍വച്ചാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിയമനടപടികള്‍ക്ക് സ്വപ്നയ്ക്കായി അഭിഭാഷകയെയും ലഭ്യമാക്കിയിട്ടുണ്ട്.

സ്വപ്നയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റിവായത് എന്‍ഐഎയ്ക്കും ആശ്വാസം നല്‍കുന്നു. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. തിങ്കള്‍ മുതല്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കടത്തിയ സ്വര്‍ണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക