Image

സന്ദീപ് നായരുടെ ആഡംബര കാര്‍ കൊച്ചിയിലെത്തിച്ചു; കസ്റ്റംസിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ കേന്ദ്രസേന

Published on 13 July, 2020
 സന്ദീപ് നായരുടെ ആഡംബര കാര്‍ കൊച്ചിയിലെത്തിച്ചു; കസ്റ്റംസിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ കേന്ദ്രസേന


കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ഡ് കസ്റ്റംസ് കൊച്ചിയിലെ കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിക്കുന്നു. നെടുമങ്ങാട് നിന്ന് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്ന കാര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സായുധരായ സി.ആര്‍.പി.എഫ് സേനാംഗങ്ങളുടെ സുരക്ഷയിലാണ് കാര്‍ കൊണ്ടുപോകുന്നത്. കാറിനുള്ളില്‍ ചാക്കുകളും കവറുകളിലും കെട്ടിയ രേഖകളുമുണ്ട്. 

എം.എച്ച്06 എ.എസ് 6696 നമ്പറിലുള്ള ബെന്‍സ് കാറാണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് വഴി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ എന്ന നിലയില്‍ തൊണ്ടിമുതലായാണ് പിടിച്ചെടുത്തിരിക്കുന്നത്. സന്ദീപ് നായര്‍ 'കാര്‍ബണ്‍ ഡോക്ടര്‍' എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ കാറും വാങ്ങിയത്. കാര്‍ബണ്‍ ഡോക്ടര്‍ ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത തൊണ്ടിമുതലുകളാണ് കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. 

അതിനിടെ, കസ്റ്റംസിന്റെ കൊച്ചി ഓഫീസിനുള്ള സുരക്ഷ ശക്തമാക്കി. കൂടുതല്‍ സി.ആര്‍.പി.എഫ് സേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഇതോടെ പള്ളിപ്പുറം ക്യാംപില്‍ നിന്ന് കൂടുതല്‍ സേനാംഗങ്ങളെ കസ്റ്റംസ് ഓഫീസില്‍ വിന്യസിച്ചു. നേരത്തെ തിരുവനന്തപുരം കസ്റ്റംസ് ഓഫീസിനും ഓഫീസര്‍മാര്‍ക്കും സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേരള പോലീസിനെ സുപ്രധാന ചുമതലകളില്‍ നിന്നെല്ലാം ഒഴിവാക്കിയാണ് കസ്റ്റംസിന്റെ നീക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക