ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നല്കിയ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി.പുതിയ ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരം ഭരണസമിതിക്ക് തീരുമാനിക്കാം.ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
ക്ഷേത്ര സ്വത്തില്‍ ഒരു അവകാശവും രാജകുടുംബം ഉന്നയിക്കുന്നില്ല. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.
ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്.
എട്ടംഗ അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. 'പദ്മാനാഭ ദാസന്' ഭരണ സമിതിയില്‍ അംഗം ആയിരിക്കും എന്ന് സര്‍ക്കാര്‍ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യും. ഇതില്‍ ഒരു വനിതയും, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരു അംഗവും ഉണ്ടാകും.
ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യും. മുഖ്യതന്ത്രി എക്സ്-ഒഫീഷ്യോ മെമ്പര്‍ ആകും. തൊട്ട് കൂടായ്മയില് വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാരെയും നാമനിര്‍ദേശം ചെയ്യില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.